ആംബുലൻസും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ചു; രോഗിയടക്കം നാലുപേർക്ക് പരിക്ക്
text_fieldsവാഴൂർ: ദേശീയപാതയിൽ പുളിക്കൽ കവലക്ക് സമീപം നെടുമാവിൽ രോഗിയുമായി വരുകയായിരുന്ന ആംബുലൻസും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ച് രോഗിയടക്കം നാലുപേർക്ക് പരിക്ക്.
ആംബുലൻസ് ഡ്രൈവർ പൊൻകുന്നം സ്വദേശി ഇരവികുളം വീട്ടിൽ സാബു (52), രോഗി കട്ടപ്പന പാടച്ചിറ വീട്ടിൽ മോളി, ഇവരുടെ ബന്ധുക്കളായ കൂട്ടിക്കൽ കുമ്പുക്കൽ വീട്ടിൽ സാബു, കൂട്ടിക്കൽ മൂലയിൽ വീട്ടിൽ രാഹുൽ സുരേഷ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആംബുലൻസിൽ കുടുങ്ങിയ മോളിയെ ഏറെ പാടുപെട്ടാണ് പുറത്തെടുത്തത്. ആംബുലൻസ് ഡ്രൈവർ സാബുവിന് നട്ടെല്ലിനാണ് പരിക്ക്. ആംബുലൻസിൽ ഉണ്ടായിരുന്ന രോഗിയുടെ ബന്ധു സാബുവിന്റെ കാലിന് സാരമായ പരിക്കേറ്റു. രാഹുലിന് നിസ്സാര പരിക്കേറ്റു. ബുധനാഴ്ച ഉച്ചക്ക് 12.45നായിരുന്നു അപകടം. സ്ട്രോക്ക് ബാധിച്ച് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയ മോളിയെ വിദഗ്ധ ചികിത്സക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയ ആംബുലൻസാണ് അപകടത്തിൽപെട്ടത്. നെടുമാവ് കവലയിൽ എതിർദിശയിൽ വന്ന കെ.എസ്.ആർ.ടി.സി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. നാട്ടുകാർ ആംബുലൻസിൽ കുടുങ്ങിയ ഡ്രൈവർ സാബുവിനെ വാഹനത്തിന്റെ മുൻവശം പൊളിച്ചാണ് പുറത്തെടുത്ത്. ആംബുലൻസിന്റെ മുൻഭാഗം തകർന്നു. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു. പാമ്പാടിയിൽനിന്ന് അഗ്നിശമനസേനയും പള്ളിക്കത്തോട് പൊലീസും സ്ഥലത്തെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.