ദേശീയപാതയിൽ മരണക്കെണിയായി ഇളംപള്ളി കവല
text_fieldsവാഴൂർ: ദേശീയപാതയിൽ അപകടക്കെണിയായി പതിനേഴാംമൈൽ ഇളംപള്ളി കവല. ദേശീയപാതയുടെ ഒരു ഭാഗത്ത് 30 അടിയിലേറെ താഴ്ചയാണ്. ഇവിടെ നെയ്യാട്ടുശ്ശേരി-പള്ളിക്കത്തോട് റോഡാണ്. ദേശീയപാതയിൽനിന്ന് വളവ് തിരിഞ്ഞെത്തുന്ന വാഹനങ്ങൾ പള്ളിക്കത്തോട് റോഡിലേക്ക് വീണ് അപകടം ഉണ്ടാകാതിരിക്കാൻ ദേശീയപാതയിൽ ക്രാഷ് ബാരിക്കേഡ് സ്ഥാപിക്കണമെന്ന് ‘മാധ്യമം’ റിപ്പോർട്ട് ചെയ്തിരുന്നു.
ഞായറാഴ്ച രാത്രിയോടെയാണ് മകളുടെ വിവാഹദിന സൽകാരത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപെട്ട് എരുമേലി പാണപിലാവ് എം.ജി.എം.ഗവ.എൽ.പി സ്കൂൾ പ്രധാനാധ്യാപിക ഷീന ഷംസുദീൻ (53) മരിച്ചത്. ഞായറാഴ്ച വിവാഹസൽകാര ചടങ്ങിൽ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങവെയാണ് കാർ അപകടത്തിൽപെട്ടത്. ഇളമ്പള്ളി കവല മേഖലയിൽ വളവുകളും റോഡിന് വീതികുറവും ആയതിനാൽ ഇരുവശത്തുനിന്നും വാഹനങ്ങൾ വരുമ്പോൾ സംരക്ഷണഭിത്തിയോട് ചേർന്നാണ് കടന്നുപോകുന്നത്. പൊൻകുന്നം, കുമളി ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ വളവ് തിരിഞ്ഞ് വരുമ്പോൾ താഴ്ചയിലേക്ക് മറിയുക പതിവാണ്. പലപ്പോഴും താഴെ പള്ളിക്കത്തോട് റോഡിലേക്ക് വീഴാതെ സമീപത്തെ പുരയിടത്തിലേക്ക് വാഹനങ്ങൾ വീഴുകയോ പാതയോരത്തെ മരങ്ങളിൽ തട്ടി നിൽക്കുകയോ ചെയ്യുന്നതിനാൽ പലപ്പോഴും അപകടം ഒഴിവാകുകയാണ്.
റിഫ്ലക്ടർ ഘടിപ്പിച്ച ക്രാഷ് ബാരിക്കേഡുകൾ സ്ഥാപിക്കുക മാത്രമാണ് അപകടം തടയാനുള്ള പരിഹാരമാർഗം. പ്രദേശവാസികളും ഓട്ടോതൊഴിലാളികളും ഇത് നിരന്തരം ആവശ്യപ്പെട്ടിട്ടും ദഅധികൃതർ ഇതുവരെ കണ്ണ് തുറന്നിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.