നിരത്തുകളിൽ ടിപ്പറുകളുടെ മരണപ്പാച്ചിൽ; അനങ്ങാതെ അധികൃതർ
text_fieldsവാഴൂർ: ദേശീയപാതയിലും ഇടറോഡിലും ടിപ്പറുകളുടെ മരണപ്പാച്ചിൽ. ദേശീയപാതയിൽ പുളിക്കൽ കവലക്കും പതിനെട്ടാംമൈലിനുമിടക്കും പതിനേഴാംമൈൽ ഇളമ്പള്ളികവല -നെയ്യാട്ടുശ്ശേരി റോഡിലുമാണ് ഒരു നിയന്ത്രണവുമില്ലാതെ ടിപ്പറുകൾ പായുന്നത്. കഴിഞ്ഞ ദിവസം ഇളമ്പള്ളി കവലയിൽ ഓട്ടോസ്റ്റാൻഡിന് സമീപം റോഡ് ഉദ്ഘാടന ഫലകവും ഉറപ്പിച്ചിരുന്ന തറയും നിയന്ത്രണം വിട്ട ടിപ്പർ ഇടിച്ചുതകർത്തു. ഓട്ടോ തൊഴിലാളികളും മറ്റ് യാത്രക്കാരും ഇല്ലാത്തതിനാൽ വൻ അപകടം ഒഴിവായി.
രാവിലെ നാലര മുതൽ നിരത്തിലിറങ്ങുന്ന ടിപ്പറുകൾ അമിതവേഗത്തിലാണ് പായുന്നതെന്ന് നാട്ടുകാർ പറയുന്നു. കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ ലോഡ് എടുക്കുകയാണ് ലക്ഷ്യം. വളവുകൾ തിരിയുമ്പോൾ ലോറിയിൽനിന്ന് കല്ലും മണ്ണും വീഴുക പതിവാണ്. ഇതും അപകടകാരണമാകാൻ സാധ്യതയേറെയാണ്. ഏതാനും നാളുകൾക്ക് മുമ്പ് നെടുമാവിൽ കാറിന് പിന്നിലും പതിനേഴാംമൈലിൽ വൈദ്യുതി തൂണിലും ടിപ്പർ ഇടിച്ച് അപകടം ഉണ്ടായിട്ടുണ്ട്. ചെറിയ അപകടങ്ങൾ ഉണ്ടായാൽ ടിപ്പറുകൾ നിർത്താതെ പോകുക പതിവാണ്. പൊതുജനങളുടെ സുരക്ഷയെ മുൻനിർത്തി മത്സരയോട്ടം നിയന്ത്രിക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.