തിരുവോണത്തിന് രണ്ട് ദിവസം നല്ലോണമുണ്ണാം; ആശ്വാസവിലയിൽ പച്ചക്കറി
text_fieldsകോട്ടയം: പച്ചക്കറി വിപണിയിൽ ഇത്തവണ വിലക്കയറ്റമില്ലാത്ത ‘ഓണാഘോഷം’. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പച്ചക്കറിവില താഴ്ന്ന നിലയിൽ. അടുത്ത ദിവസങ്ങളിൽ വില ഉയർന്നില്ലെങ്കിൽ ഓണമൊരുക്കാൻ വലുതായി കൈപൊള്ളില്ല.
കിഴങ്ങുവര്‍ഗങ്ങൾക്കും ബീന്‍സിനും കാരറ്റിനും ഒഴിച്ച് മിക്ക ഇനങ്ങളുടെയും വില കുറഞ്ഞുനിൽക്കുകയാണ്. കറിക്കായ, വെള്ളരി, തക്കാളി, മത്തന്‍ എന്നിവ കിലോക്ക് 40 രൂപക്ക് ലഭിക്കും. ബീറ്റ്റൂട്ട്, കാബേജ്, മുരിങ്ങക്ക, വെണ്ടക്ക, പടവലം, വഴുതന, കത്രിക്ക, സവാള, പീച്ചിങ്ങ, റാഡിഷ്, നെല്ലിക്ക, കുക്കുംബര്‍ എന്നിവക്ക് കോട്ടയം മാര്‍ക്കറ്റില്‍ 60 രൂപയായിരുന്നു വ്യാഴാഴ്ചത്തെ വില.
തക്കാളിക്ക് 48 രൂപ നൽകണം. മുളക്, കോളിഫ്ലവര്‍, പയര്‍, ഉള്ളി, ഉള്ളിപ്പൂവ് എന്നിവക്ക് 80 രൂപ വീതമാണ് നിരക്ക്. അതേസമയം, മാങ്ങക്കും ചെറുനാരങ്ങക്കും 100 രൂപക്ക് മുകളിൽ നൽകണം. മാങ്ങക്ക് 120 രൂപയും ചെറുനാരങ്ങക്ക് 180 രൂപയുമായിരുന്നു വ്യാഴാഴ്ചത്തെ വില. നാളുകളായി ചെറുനാരങ്ങ വില ഉയർന്നുതന്നെ നിൽക്കുകയാണെന്ന് കച്ചവടക്കാർ പറയുന്നു.
കിഴങ്ങുവര്ഗങ്ങള്ക്കെല്ലാം വില ഉയര്ന്നുനിൽക്കുന്നത് ആശ്വാസത്തിനിടയിലും സാധാരണക്കാര്‍ക്ക് തിരിച്ചടിയാണ്. കിഴങ്ങ് -60, ചേന -90-100, ചേമ്പ് -80, നാടന്ചേമ്പ് - 100, കൂര്‍ക്ക -110, കാച്ചില് -80, ഇഞ്ചി -180 എന്നിങ്ങനെയാണ് വില. രണ്ടാഴ്ചക്ക് മുമ്പ് 35 രൂപയിലേക്ക് വരെ താഴ്ന്ന ബീന്‍സ് ഇപ്പോള്‍ 80 മുതല്‍ 100 രൂപക്ക് വരെയാണ് വില്‍ക്കുന്നത്. കാരറ്റ് വില 90-100 നിരക്കിലാണ്.
തമിഴ്നാട്ടില്‍ ഉള്‍പ്പെടെ കാലാവസ്ഥ അനുകൂലമായത് ഇത്തവണ പച്ചക്കറി വില വലിയ തോതില്‍ ഉയരാതിരിക്കാന്‍ കാരണമായി വ്യാപാരികള്‍ പറയുന്നത്. പ്രതീക്ഷിച്ചതുപോലെ എത്തിയില്ലെങ്കിലും നാടന്‍ ഇനങ്ങളുടെ വരവും വിലക്കുറവിന് കാരണമായി. കിഴങ്ങുവര്‍ഗ കൃഷിയില്‍നിന്ന് കര്‍ഷകര്‍ പൂര്‍ണമായി പിന്തിരിഞ്ഞതാണ് ഇത്തരം വിളകള്‍ക്കു വില കൂടാന്‍ കാരണമായി വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നത്.
വില കുറഞ്ഞതോടെ പച്ചക്കറി കിറ്റുകളുടെ വിൽപനയും സജീവമായി. അവിയൽ, സാമ്പാർ വിഭവങ്ങൾക്ക് പ്രയോജനപ്പെടുന്ന വിധം പച്ചക്കറികൾ ഉൾപ്പെടുത്തിയാണ് കിറ്റുകൾ ഇപ്പോൾ 60 രൂപക്ക് വരെ ലഭിക്കും.
നേരത്തേ 100-120 രൂപ നിരക്കിലായിരുന്നു കിറ്റുകൾ നൽകിയിരുന്നത്. ചിലയിടങ്ങളിൽ 100 തന്നെയാണ് ഇപ്പോഴും ഈടാക്കുന്നതെന്നും പരാതിയുണ്ട്. മിക്ക പച്ചക്കറിക്കും വില താഴ്ന്നതോടെയാണ് കിറ്റുകളുടെ നിരക്കും കുറഞ്ഞത്. നേരത്തേ വില ഉയർന്നതോടെ കിറ്റുകളുടെ വിൽപന നിലച്ചിരുന്നു. പിന്നീട് വില കുറഞ്ഞതോടെ പച്ചക്കറി കിറ്റ് തിരിച്ചുവരുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.