'വിലത്തീ'; പൊള്ളും വില എങ്ങോട്ട്
text_fieldsകോട്ടയം: പുതുവർഷത്തോടടുക്കുമ്പോൾ കടുത്ത സാമ്പത്തികപ്രതിസന്ധിയിൽ ഞെരിഞ്ഞമരുകയാണ് മിക്ക കുടുംബങ്ങളും. തുച്ഛമായ ശമ്പളത്തിന്റെ സിംഹഭാഗവും അടിസ്ഥാന ആവശ്യങ്ങൾക്കായി ചെലവഴിക്കേണ്ട അവസ്ഥയാണ്.
350 രൂപ ദിവസക്കൂലി വാങ്ങുന്ന സാധാരണക്കാരൻ പലതിനുമായി ചെലവഴിച്ച് കീശയിലേക്ക് നോക്കുമ്പോൾ ഒന്നും അവശേഷിക്കാറില്ല. ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങൾക്കായി കടകളിലേക്ക് ചെല്ലുന്നത് ഹൃദയമിടിപ്പോടെയാണ്.
വൈദ്യുതി, പച്ചക്കറി, പലവ്യഞ്ജനം, ഭക്ഷ്യവസ്തുക്കൾ, പാചകവാതകം, വസ്ത്രം തുടങ്ങി ഉപ്പ് തൊട്ട് കർപ്പൂരം വരെയുള്ള അവശ്യസാധനങ്ങൾക്ക് തീവിലയാണ്. വിലക്കയറ്റം പലരും ചൂഷണം ചെയ്യുന്ന സാഹചര്യവുമുണ്ട്. വിലക്കയറ്റത്തിന്റെ പേരിൽ മിക്കയിടങ്ങളിലും അനിയന്ത്രിതമായി വില കൂട്ടുന്ന വ്യാപാരികൾ സാധാരണക്കാരന് വെല്ലുവിളി ഉയർത്തുകയാണ്. ദിവസങ്ങളുടെ ഇടവേളകളിലാണ് വിലക്കയറ്റം മറയാക്കി കൊള്ളലാഭവും പൂഴ്ത്തിവെപ്പും നടത്തുന്നത്.
വീട്ടമ്മമാരിൽ ആകുലത
പച്ചക്കറി, പലവ്യഞ്ജനം, പാചകവാതകം തുടങ്ങി അവശ്യസാധനങ്ങളുടെ പൊള്ളുംവിലയിൽ വീട്ടമ്മമാരുടെ നെഞ്ചിടിപ്പ് കൂടുകയാണ്. വീട്ടാവശ്യങ്ങൾക്കായുള്ള നീക്കിയിരിപ്പ് പലപ്പോഴും തികയാത്ത അവസ്ഥയാണ്. ഗാർഹികാവശ്യങ്ങൾക്കായുള്ള പാചവാതകത്തിന്റെ നിരക്ക് ഏറിയും കുറഞ്ഞും തുടരുകയാണ്. മണ്ണെണ്ണ കിട്ടാക്കനിയും. പെട്രോളിയും ഉൽപന്നങ്ങൾക്കും തീവിലയാണ്. കുടുംബ ബജറ്റിന്റെ പകുതിയിലധികവും വിലക്കയറ്റം അപഹരിക്കുകയാണ്. കഷ്ടപ്പെട്ട് മിച്ചം പിടിക്കുന്നതിനിടെ അപ്രതീക്ഷിതമായി വരുന്ന ആശുപത്രിചിലവുകൾ ഇടത്തരം കുടുംബത്തിന്റെ പ്രതീക്ഷകൾ തകിടംമറിക്കുന്നു.
യുവതയും അസ്വസ്ഥരാണ്
കുറഞ്ഞ വേതനത്തിൽ ജോലി ചെയ്യുന്നവരും വിദ്യാർഥികളുമടങ്ങുന്ന യുവസമൂഹവും വിലക്കയറ്റത്തിൽ അതൃപ്തരാണ്. മിനിമം വേതനം ലഭിക്കുന്ന ഉദ്യോഗാർഥികളുടെ ശമ്പളത്തിന്റെ പകുതിയിലേറെയും വിലക്കയറ്റം അപഹരിക്കുകയാണ്. മാനസികോല്ലാസത്തിനായി ഒരു യാത്രപോകാനോ സിനിമ കാണാനോ ശമ്പളത്തിൽനിന്ന് നീക്കിയിരിപ്പ് നടക്കാനാവാത്ത അവസ്ഥയാണ്. മൊബൈൽ റീചാർജ്, യാത്രാച്ചെലവ്, ഭക്ഷണം, ഇ.എം.ഐ തുടങ്ങിയ തടസ്സങ്ങൾ യുവതയെ പിന്നോട്ടടിപ്പിക്കുകയാണ്. മികച്ച വേതനമില്ലാതെ കിട്ടിയ ജോലി ചെയ്ത് തൃപ്തിപ്പെടുന്നവരാണ് മിക്ക യുവാക്കളും. മാസാവസാനം അക്കൗണ്ടിൽ ഒരു രൂപ പോലും അവശേഷിക്കാത്ത അവസ്ഥയിലാണ് ഭൂരിഭാഗം ഉദ്യോഗാർഥികളും.
കേരളം കടക്കെണിയിലേക്ക്എ ത്തുമെന്നതിൽ സംശയമില്ല’
അവശ്യസാധന വിലക്കയറ്റം മൂലം സാധാരണക്കാരായ ജനങ്ങൾക്ക് ജീവിക്കാൻ പറ്റാത്ത ഈ സാഹചര്യത്തിൽ വൈദ്യുതി നിരക്ക് വർധന താങ്ങാൻ പറ്റാത്തതാണ്. അരി മുതൽ മണ്ണെണ്ണ വരെയുള്ള വീട്ടിലെ നിത്യോപയോഗ സാധനങ്ങൾക്ക് വില കൂട്ടി. അഞ്ച് വർഷം വില കൂടില്ല എന്ന പ്രഖ്യാപനവുമായി ഭരണത്തിൽ വന്ന സർക്കാർ അഞ്ച് വർഷം തികയുന്നതിനു മുന്നേ വിലകൂട്ടൽ മാമാങ്കം തുടങ്ങി. പച്ചക്കറികൾ, പാല്, എണ്ണ, പെട്രോൾ, ഡീസൽ എന്നിവക്കും വില കൂടി, കൂടാതെ വീട്ടുകരം, വെള്ളക്കരം, തൊഴിൽനികുതി എന്നിവക്കും അമിതനികുതി ഏർപ്പെടുത്തി. ഇതൊക്കെ നടക്കുമ്പോഴും സർക്കാറിന്റെ ദൂർത്തിനും ധാരാളിതത്തിനും ഒരു കുറവുമില്ല. പശുതൊഴുത്ത് പണിയാൻ വരെ പണം വകമാറ്റിയ സർക്കാറാണ് ഇന്ന് കേരളം ഭരിക്കുന്നത്. ഇത് ഇങ്ങനെ തുടർന്നാൽ കേരളം വലിയ കടക്കെണിയിലേക്ക് ചെന്നെത്തും എന്നതിൽ സംശയമില്ല.
- വിനിത അന്ന തോമസ്
(യൂത്ത് കോൺഗ്രസ് നാട്ടകം മണ്ഡലം പ്രസിഡന്റ്)
‘വിലക്കയറ്റം ബാധിക്കുന്നത്
സാധാരണക്കാരെ’
നാട്ടിൽ എന്ത് പ്രശ്നം വന്നാലും ബാധിക്കുന്നത് സാധാരണ ജനങ്ങളെയാണ്. വിലക്കയറ്റം ഏറെ ബാധിച്ചിരിക്കുന്നത് സാധാരണക്കാരെയാണ്. നിശ്ചിത വരുമാനത്തിൽ ഒതുങ്ങിക്കൂടുന്ന സാധാരണക്കാരന് ചെലവ് ചുരുക്കലിന്റെ ഭാഗമായി അവന്റെ ഭക്ഷണക്രമത്തിൽ പോലും മാറ്റം വരുത്തേണ്ടിവരുന്നു. വിലക്കയറ്റം എന്നത് ഒന്നിൽ മാത്രം ഒതുങ്ങി നിൽക്കുന്നില്ല.
പലചരക്ക് സാധനങ്ങൾ, പച്ചക്കറികൾ, മരുന്നുകൾ, വൈദ്യുതി എന്നുവേണ്ട നിത്യോപയോഗ സാധനങ്ങൾ എല്ലാത്തിലും വിലക്കയറ്റം ഉണ്ടാകും. വിലക്കയറ്റം തടയാനായി സ്വന്തമായി എല്ലാം ഉണ്ടാക്കുക എന്നത് പ്രായോഗികവുമല്ല.
അല്ലെങ്കിൽ ശമ്പളം വർധിക്കണം. അത് സ്വകാര്യ കമ്പനികളിൽ ജോലി ചെയ്യുന്നവർക്കും ദിവസവേതനം വാങ്ങിക്കുന്നവർക്കും സാധ്യമാകുന്നില്ല. വരുമാനത്തിൽനിന്ന് മിച്ചം പിടിക്കാനായി വീട്ടമ്മമാർക്ക് ഇപ്പൊൾ സാധിക്കുന്നില്ല.
((തുടരും))
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.