തീപിടിച്ച് പച്ചക്കറി: വെന്തുരുകി അടുക്കള
text_fieldsകോട്ടയം: ഇത്തവണ ഓണം ഉണ്ണണമെങ്കിൽ കാണം മാത്രം വിറ്റാൽ പോരാ. ദൈനംദിന ആവശ്യത്തിനുപോലും പച്ചക്കറികൾക്ക് വലിയ വില നൽകേണ്ട അവസ്ഥയിലാണ് ജനങ്ങൾ. പച്ചക്കറി വിലവർധന തടയാനുള്ള സർക്കാർ ഇടപെടലായ ഹോര്‍ട്ടികോര്‍പ് കേന്ദ്രങ്ങളിലും പച്ചക്കറിവിലയില്‍ കാര്യമായ മാറ്റമില്ല. ന്യായവില പ്രതീക്ഷിച്ച് ഹോട്ടികോര്‍പ്പിനെ സമീപിക്കുന്നവർ കാലിസഞ്ചിയുമായാണ് മടങ്ങുന്നത്.
ഇഞ്ചി, പാവക്ക, കറിക്കായ, ഉരുളക്കിഴങ്ങ്, ചെറുചേമ്പ്, ഏത്തക്കായ തുടങ്ങിയവക്ക് നിലവില്‍ ഹോര്‍ട്ടികോര്‍പ്പില്‍ വൻ വിലവധനയാണ്. വലിയ വ്യത്യാസമില്ലാതെയാണ് മറ്റ് പച്ചക്കറികളുടെയും വില. തക്കാളി, മുളക്, ഇഞ്ചി തുടങ്ങിയവക്കാണ് വിപണിയില്‍ വില കൂടുതൽ. വിലനിയന്ത്രണ ഭാഗമായി കര്‍ഷകരില്‍നിന്ന് പച്ചക്കറികള്‍ ശേഖരിച്ച് കുറഞ്ഞനിരക്കില്‍ സര്‍ക്കാര്‍ സംരംഭങ്ങള്‍ മുഖേന വില്‍ക്കുന്നതിന്റെ ഭാഗമായി നടപ്പാക്കിയ പദ്ധതിയാണ് ഹോര്‍ട്ടികോര്‍പ്.
ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയില്‍പെടുത്തി ആരംഭിച്ച കൃഷികള്‍ എല്ലാം വെള്ളപ്പൊക്കത്തില്‍ നശിച്ചത് ഹോര്ട്ടികോപ്പിന് തിരിച്ചടിയായി. ഹോര്‍ട്ടികോര്‍പ് വില്പനകേന്ദ്രങ്ങളില് പച്ചക്കറികള്‍ ഇല്ലാതായാല്‍ പ്രതികൂലമായി ബാധിക്കുന്നത് പൊതുവിപണിയെയാണ്. പച്ചക്കറികളുടെ വില ഇനിയും കുതിക്കാന്‍ ഇത് കാരണമാകും.
വഴുതന 44 (60), വെണ്ടക്ക 58 (60), പാവക്ക 68 (60), പച്ചമുളക് 92 (120), പടവലം 38 (46), കാരറ്റ് 68 (80), കാബേജ് 44 (46), ബീന്‍സ് 83 (90), ഉരുളക്കിഴങ്ങ് 38 (36), മത്തന്‍ 36 (40), കോവക്ക 44 (60), തക്കാളി 139 (140), ഇഞ്ചി 285 (240), സവാള 28 (25) എന്നിങ്ങനെയാണ് വില (ബ്രാക്കറ്റിൽ പൊതുവിപണി വില). പച്ചക്കറിയുടെ വില കുതിച്ചുയരുന്നത് ജനങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കുമെന്ന കാര്യം ഉറപ്പാണ്. ഇത്തരത്തില്‍ പോവുകയാണെങ്കില്‍ സാധാരണ ജനങ്ങളുടെ ജീവിതം പ്രതിസന്ധിയിലേക്ക് നീങ്ങും.
ഫലങ്ങൾക്കും മധുരക്കുറവ്
സീസൺ തീർന്നതോടെ ഫലവർഗങ്ങൾക്കായി അന്യസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് വ്യാപാരികൾ. വിലവർധനയും പ്രതികൂല കാലാവസ്ഥയും കച്ചവടത്തെ പ്രതികൂലമായി ബാധിക്കുകയാണ്.
ഓഫ് സീസണ് ആയതിനാൽ വിപണിയില്‍ നാടന്‍ ഓറഞ്ച് കിട്ടാനില്ല. ഓറഞ്ചിന് പകരം സിട്രസ് എന്ന ഇനത്തിലുള്ള ഓറഞ്ചാണ് വിപണിയില്‍ ലഭിക്കുന്നത്. ഇതിന് കിലോക്ക് 160 രൂപയാണ് വില. തണ്ണിമത്തനും വിപണിയില്‍നിന്ന് ഔട്ടായി. തമിഴ്നാട്ടിൽനിന്ന് വരുത്തുന്ന കിരണ്‍ ഇനത്തിലുള്ള തണ്ണിമത്തന് മാത്രമാണ് വിപണിയിലുള്ളത്. 20 രൂപയാണ് വില. ആപ്പിള്‍ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്നവയാണ്. ഇറാന് ആപ്പിള്‍ 240, ഗ്രീന്‍ ആപ്പിള്‍ 260 ആണ് വില. സീഡ്ലസ് മുന്തിരിയും വിപണിയില്‍ ഇല്ല. കിലോക്ക് 90 രൂപയുള്ള പച്ചമുന്തിരി, മുന്തിരി ബ്ലാക്ക്, മുന്തിരി റോസ് എന്നിവയാണ് നിലവിലുള്ളത്.
നീലം മാങ്ങ- 50, ഏത്തപ്പഴം -60, ഞാലിപൂവന് പഴം- 80, മാതളനാരങ്ങ- 200 എന്നിങ്ങനെയാണ് പഴവിപണിയിലെ വിലവിവരം. കമ്പം, തേനി എന്നിവിടങ്ങളില്‍നിന്നാണ് പഴങ്ങള്‍ കേരളത്തിലെ വിപണിയില്‍ എത്തുന്നത്. സീസൺ അനുസരിച്ച് റംബുട്ടാന്, ഞാവല്പഴം എന്നിവയുടെ വഴിയോര, വാഹനക്കച്ചവടം നഗരത്തിൽ സജീവമാണ്. തമിഴ്നാട്ടിൽ നിന്നുള്ള പത്തോളം സംഘങ്ങളാണ് നഗരത്തിലെ വിവിധയിടങ്ങളിൽ ഞാവൽപഴവുമായി എത്തിയിരിക്കുന്നത്. കിലോക്ക് 320 രൂപയാണ് വില. ആന്ധ്രയിൽനിന്നാണ് ഇവ കേരളത്തിലെത്തുന്നത്.
ജൂൺ, ജൂലൈ മാസങ്ങളിലാണ് ആന്ധ്രയിൽ ഞാവൽപഴത്തിന്റെ സീസൺ. ഇതരസംസ്ഥാനങ്ങളിലും പ്രതികൂല കാലാവസ്ഥയായതോടെ പഴവര്‍ഗങ്ങളുടെ വില കുതിച്ചുയരുകയാണ്. ഒട്ടുമിക്ക പഴവര്‍ഗങ്ങളും കിട്ടാനില്ലാത്ത അവസ്ഥയാണെന്ന് വ്യാപാരികൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.