വാഹനവിൽപന കരാർ ലംഘിച്ച് 17 ലക്ഷം തട്ടിയതായി പരാതി
text_fieldsകോട്ടയം: വാഹനവിൽപന കരാർ ലംഘിച്ച് കോട്ടയം ചാന്നാനിക്കാട് സ്വദേശി 17 ലക്ഷംരൂപ തട്ടിയെടുത്തതായി പരാതി. ചങ്ങനാശ്ശേരി മാമ്മൂട് ഏത്തക്കാട്ടിൽ ഷേർളി ജേക്കബാണ് ആക്ഷേപവുമായി രംഗത്തെത്തിയത്.
ചാന്നാനിക്കാട് സ്വദേശിയിൽനിന്ന് അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന സ്വകാര്യബസ് പെർമിറ്റ് സഹിതം 25 ലക്ഷംരൂപക്ക് വാങ്ങാൻ കഴിഞ്ഞ മാർച്ചിൽ താനുമായി കരാറുണ്ടാക്കിയതായി ഷേർളി ജേക്കബ് വാർത്ത സമ്മേളനത്തിൽ പറഞ്ഞു. കരാർ അനുസരിച്ച് രണ്ട്ഘട്ടമായി 17 ലക്ഷംരൂപ കൈമാറിയതോടെ ഷേർളി ജേക്കബിന് ബസ് കൈമാറി. എന്നാൽ, മാസങ്ങൾ കഴിഞ്ഞിട്ടും തന്റെ പേരിലേക്ക് ബസിന്റെ ഉടമസ്ഥാവകാശം മാറ്റി നൽകിയില്ലെന്ന് ഇവർ പറഞ്ഞു.
ബസിന്റെ പെർമിറ്റ് പുതുക്കുന്നതിനെ മുൻ ഉടമ എതിർക്കുകയും ചെയ്തു. സെപ്റ്റംബറിൽ ചാന്നാനിക്കാട് സ്വദേശി ബസ് ബലമായി കൈവശപ്പെടുത്തുകയും ചെയ്തു. ഇതോടെ ചാന്നാനിക്കാട് സ്വദേശിയായ ടി.സി. തോമസ് ബസ് മോഷ്ടിച്ചുവെന്ന് കാട്ടി കോട്ടയം ഈസ്റ്റ് പൊലീസിലും കോട്ടയം എസ്.പിക്കും പരാതി നൽകി.
എന്നാൽ, നടപടിയൊന്നുമുണ്ടായില്ല. കോടതി ഇടപെടലുണ്ടായിട്ടും പൊലീസും മോട്ടോർ വാഹനവകുപ്പും കാര്യക്ഷമമായി ഇടപെടുന്നില്ലെന്നും ഇവർ കുറ്റപ്പെടുത്തി.
ഈ ബസിന്റെ പെർമിറ്റ് ഉപയോഗിച്ച് ഇതേ റൂട്ടിൽ മറ്റൊരു ബസ് സർവിസ് നടത്തുകയാണ്. ഇതടക്കം ചൂണ്ടിക്കാട്ടി ഗതാഗത മന്ത്രിക്ക് പരാതി നൽകുമെന്നും ഷേർളി ജേക്കബ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.