വേമ്പനാട്ടുകായലിൽ മത്സ്യസമ്പത്ത് കുറയുന്നു
text_fieldsവൈക്കം: വേമ്പനാട്ടുകായലിൽ മത്സ്യസമ്പത്ത് കുറയുന്നത് മത്സ്യത്തൊഴിലാളികളെ ആശങ്കയിലാക്കുന്നു. വേമ്പനാട്ടുകായലിൽനിന്ന് ടൺ കണക്കിന് കൊഞ്ചുമത്സ്യം ലഭിച്ചിരുന്ന കാലം തൊഴിലാളികൾക്ക് ഇന്നും ഓർമയാണ്. മത്സ്യസമ്പത്ത് കുറയാൻ കാരണം ജല മലിനീകരണമാണെന്നാണ് തൊഴിലാളികളുടെ ആക്ഷേപം. കരിമീൻ, കൊഴുവ, നന്ദൻ, കണവ, കണമ്പ്, ചെമ്മീൻ മുതലായ മത്സ്യങ്ങൾ കായലിൽനിന്ന് ലഭിച്ചിരുന്നു. ഞണ്ട്, നാരൻ ചെമ്മീൻ, തോടി, പൂമീൻ, നന്ദൻ, കോല, വറ്റ, കണമ്പ് തുടങ്ങിയ മത്സ്യങ്ങൾ പേരിനു മാത്രമാണ് ലഭിക്കുന്നത്. തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ അശാസ്ത്രീയായിട്ടാണ് അടച്ചിടുന്നതെന്നാണ് ആരോപണം. ഇതുമൂലം വേലിയേറ്റവും വേലിയിറക്കവും തടസ്സപ്പെടുന്നു. കായലിൽ അമിതമായ രാസപ്രവാഹം, പ്ലാസ്റ്റിക് ഉൾപ്പെടെ വസ്തുക്കളുടെ നിക്ഷേപവും മത്സ്യസമ്പത്ത് കുറയാൻ ഇടവരുത്തുന്നു. കായൽസംരക്ഷണത്തിനായി കായലിൽ മാലിന്യം തള്ളുന്നതിനെതിരെ ശക്തമായ നിയമം നടപ്പാക്കണം.
വേമ്പനാട്ടുകായലിൽ വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന മത്സ്യസമ്പത്തിൽ ശേഷിക്കുന്നവ നിലനിർത്താൻ നടപടികൾ സ്വീകരിക്കണമെന്ന ആവശ്യവും മത്സ്യത്തൊഴിലാളികൾക്കിടയിൽ ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.