‘വെട്ടിക്കുളങ്ങര’ ബസ് വീണ്ടും നിരത്തിൽ
text_fieldsകോട്ടയം: രണ്ടാഴ്ചയിലധികം നീണ്ട തർക്കങ്ങൾക്കും പ്രതിഷേധങ്ങൾക്കുമൊടുവിൽ ‘വെട്ടിക്കുളങ്ങര’ ബസ് വീണ്ടും നിരത്തിൽ. ബസ് ഉടമ രാജ്മോഹൻ കൈമളും സി.ഐ.ടി.യുവുമായുള്ള തർക്കം ഒത്തുതീർന്നതോടെയാണ് ബുധനാഴ്ച കോട്ടയം-തിരുവാർപ്പ് റൂട്ടിലെ സർവിസ് പുനരാരംഭിച്ചത്.
ബുധനാഴ്ച രാവിലെ 6.44ന് തിരുവാർപ്പിൽനിന്ന് ബസ് പുറപ്പെട്ടു. ഇടവേളക്കുശേഷമായിരുന്നതിനാൽ കാര്യമായ തിരക്കുണ്ടായിരുന്നില്ല. വീണ്ടും സർവിസ് പുനരാരംഭിച്ചതിൽ സന്തോഷമുണ്ടെന്ന് ബസ് ഡ്രൈവർ ജോജോയും കണ്ടക്ടർ അനീഷ് പാപ്പിയും പറഞ്ഞു. ബി.എം.എസ് യൂനിയനിൽപെട്ട ഇരുവരും ഈ ബസിൽ ജോലിചെയ്ത് വന്നിരുന്നവരായിരുന്നു.
തിരുവാർപ്പിൽനിന്ന് കോട്ടയത്തേക്കുള്ള ആദ്യ ബസും കോട്ടയത്തുനിന്ന് തിരുവാർപ്പിലേക്കുള്ള അവസാന ബസും ഇതായിരുന്നു. രാവിലെ 6.44ന് തിരുവാർപ്പിൽനിന്ന് പുറപ്പെടുന്ന ബസിന്റെ അവസാന ട്രിപ് രാത്രി 8.15ന് കോട്ടയത്തുനിന്ന് തിരുവാർപ്പിലേക്കാണ്. നഗരത്തിൽ ജോലിയുള്ളവർ രാത്രി മടങ്ങാൻ ആശ്രയിച്ചിരുന്ന ബസുകളിൽ ഒന്നാണിത്. തിരുവാർപ്പ് സ്വദേശി രാജ്മോഹൻ കൈമളിന് മൂന്ന് ബസുകൂടിയുണ്ട്. ഇവയുടെ സർവിസ് ജൂലൈ മൂന്നുമുതലാകും ആരംഭിക്കുക.
വെട്ടിക്കുളങ്ങര ബസുകളിലെ സി.ഐ.ടി.യു ജീവനക്കാർക്ക് കൂട്ടിയ ശമ്പളം നൽകുന്നില്ലെന്ന് ആരോപിച്ച് ഇവർ ബസിനു മുന്നിൽ കൊടികുത്തുകയായിരുന്നു. ഇതിനെതിരെ ഉടമ പരസ്യപ്രതിഷേധവുമായി രംഗത്തെത്തിയതോടെ സമരം വാർത്തകളിൽ നിറഞ്ഞു. ഇതിനു പിന്നാലെ നടത്തിയ ചർച്ചയിലാണ് ഒത്തുതീർപ്പുണ്ടായത്. ബസ് ഉടമയുടെ നാലു ബസിൽ മൂന്നിലും ശമ്പള വർധന നടപ്പാക്കിയെന്നും ഒന്നിൽ മാത്രം നടപ്പാക്കിയില്ലെന്നുമായിരുന്നു സി.ഐ.ടി.യുവിന്റെ പരാതി. ഈ ബസിൽ സി.ഐ.ടി.യുക്കാരായിരുന്നു ജീവനക്കാർ. അതേസമയം, ബസുകളുടെ കലക്ഷൻ അനുസരിച്ചേ ശമ്പളവർധന നടപ്പാക്കാനാവൂവെന്നായിരുന്നു ബസ് ഉടമയുടെ വാദം. ചർച്ചയിൽ നാലു ബസിലെയും ജീവനക്കാർക്ക് 15 ദിവസം വീതം റൊട്ടേഷൻ വ്യവസ്ഥ ഏർപ്പെടുത്താനാണ് തീരുമാനം. കലക്ഷൻ തീരെക്കുറവുള്ള ഒരു ബസിലാണ് വരുമാനത്തിന്റെ അടിസ്ഥാനത്തിൽ കുറഞ്ഞ തുക നൽകുന്നത്. റൊട്ടേഷൻ വരുമ്പോൾ എല്ലാ തൊഴിലാളികൾക്കും സമാനശമ്പളം ലഭിക്കും. നാലു മാസത്തേക്കാണ് ഒത്തുതീർപ്പ് കരാർ. തുടർന്ന് ബസിന്റെ കലക്ഷൻ കണക്ക്, രേഖകൾ എന്നിവയുടെ അടിസ്ഥാനത്തിൽ പുനഃപരിശോധിക്കാനും ചർച്ചയിൽ തീരുമാനമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.