വിജിലൻസ് പരിശോധന; ബെവ്കോ ഔട്ട്ലറ്റുകളില് നിരവധി ക്രമക്കേടുകൾ
text_fieldsകോട്ടയം: ബിവറേജസ് കോര്‍പറേഷന്റെ കീഴിലുള്ള ബെവ്കോ ഔട്ലറ്റുകളില് വിജിലന്‍സ് ‘ഓപറേഷൻ മൂൺലൈറ്റ്’ പേരിൽ നടത്തിയ പരിശോധനയിൽ നിരവധി ക്രമക്കേടുകൾ കണ്ടെത്തി. ജില്ലയിലെ വൈക്കം, ഈരാറ്റുപേട്ട, മുണ്ടക്കയം, ചങ്ങനാശ്ശേരി, കോട്ടയം മാർക്കറ്റ് എന്നിവിടങ്ങളിലാണ് പരിശോധന നടന്നത്. കോട്ടയം മാര്‍ക്കറ്റിലെ ബെവ്കോയില്‍ നടത്തിയ പരിശോധനയില്‍ രണ്ടു സ്റ്റാഫുകള്‍ ബാഗുകളില്‍ ഒന്നര ലിറ്റര്‍ മദ്യം എടുത്തുവെച്ചിരിക്കുന്നതായി കണ്ടെത്തി. ഒട്ടുമിക്ക ബെവ്കോ ഔട്ലറ്റുകളിലും ഉപഭോക്താക്കൾക്ക് മദ്യം പൊതിഞ്ഞുനൽകുന്നില്ല. എന്നാൽ, പൊതിഞ്ഞുനൽകുന്നതിനുള്ള ന്യൂസ് പേപ്പർ മാനേജർമാർ വാങ്ങുന്നുമുണ്ട്.
രജിസ്റ്റര്‍ പ്രകാരം 120കിലോ കടലാസ് വാങ്ങിയെന്നു കാണിച്ചിട്ടുണ്ടെങ്കിലും 15 കിലോയുടെ സ്റ്റോക്ക് മാത്രമാണ് ഉണ്ടായിരുന്നത്. പി.ടി.എസിന്റെ കൈവശം രേഖപ്പെടുത്താത്ത 10,000 രൂപ കണ്ടെത്തി. ഇത് ഷോപ് ഇന്‍ ചാര്‍ജ് ഏല്പിച്ചതാണെന്നാണ് വിശദീകരണം. വൈക്കം റേഞ്ചില്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ എല്ലാ മാസവും സ്റ്റോക് പരിശോധന നടത്തുന്നില്ല. വിലവിവരപ്പട്ടിക ഇനംതിരിച്ച് കാണത്തക്ക വിധത്തിൽ പ്രദർശിപ്പിച്ചിട്ടില്ല. ഷോപ് അറ്റന്‍ഡന്റ് യു.പി.ഐ വഴി സ്വന്തം അക്കൗണ്ടിലേക്ക് പണം സ്വീകരിച്ച് മദ്യം വിൽക്കുന്നു. കഴിഞ്ഞ ഒരുവർഷത്തിനിടക്ക് പൊട്ടിയ ഇനത്തിൽ മുണ്ടക്കയം ഔട്ലറ്റിൽ 305 ബോട്ടിലുകൾ മാറ്റി. ചില ഔട്ലറ്റുകളിൽ അധികമായും മറ്റു ചിലയിടങ്ങളിൽ കുറവായും തുക കണ്ടെത്തി. വിജിലന്‍സ് ഡയറക്ടര്‍ ടി.കെ. വിനോദ് കുമാറിന്റെ ഉത്തരവ് പ്രകാരമാണ് പരിശോധന നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.