പാഡി ഓഫിസുകളിൽ വിജിലൻസ് റെയ്ഡ്; നിരവധി ക്രമക്കേടുകൾ
text_fieldsകോട്ടയം: സംസ്ഥാന വ്യാപകമായി സപ്ലൈകോ പാഡി ഓഫിസുകൾ, റൈസ് മില്ലുകൾ എന്നിവ കേന്ദ്രീകരിച്ച് വിജിലൻസ് നടത്തിയ പരിശോധനയിൽ കോട്ടയത്തും ക്രമക്കേടുകൾ. ജില്ല പാഡി മാർക്കറ്റിങ്, പാഡി പ്രോക്യൂർമെന്റ് ഓഫിസുകളിലായിരുന്നു കോട്ടയം വിജിലൻസിന്റെ പരിശോധന. ഇതിൽ ഏജന്റുമാർ വൻതുക തട്ടിയെടുക്കുന്നതായി കണ്ടെത്തി.
കിഴിവ് ഇനത്തിൽ രണ്ടുമുതൽ എട്ടു കിലോവരെ നെല്ല് കർഷകരിൽനിന്ന് ശേഖരിച്ച് ഏജന്റുമാർ മില്ലുകൾക്ക് നൽകുന്നു. ഇതിലൂടെ കർഷകർക്ക് ലഭിക്കേണ്ട തുക ഏജന്റുമാർ കൈപ്പറ്റുന്നതായി വിജിലൻസ് കണ്ടെത്തി. പാഡി മാർക്കറ്റിങ് ഓഫിസിലെ അലോക്കേഷൻ രജിസ്റ്റർ, ഡിസ്ട്രിബ്യൂഷൻ രജിസ്റ്റർ എന്നിവ കൃത്യമായി എഴുതി സൂക്ഷിക്കുന്നില്ല. അതിനാൽ, സംഭരിക്കുന്ന നെല്ലിന്റെ അളവും വിതരണം ചെയ്യുന്ന അരിയുടെ അളവും കണ്ടെത്താൻ കഴിയുന്നില്ല. ജില്ല അടിസ്ഥാനത്തിൽ സംഭരിക്കുന്ന നെല്ലിന്റെ അളവും അരിയാക്കി തിരികെ വിതരണം ചെയ്യുന്നതിന്റെ അളവും മില്ലുകളിൽ സൂക്ഷിക്കുന്നില്ലെന്നും കണ്ടെത്തി.
കല്ലറ കൃഷി ഓഫിസ് പരിധിയിൽ കിണറ്റുകര പാടശേഖരത്തിലെ ഒരു കർഷകന്റെ യഥാർഥത്തിലുള്ള കൃഷി ഭൂമിയെക്കാൾ രണ്ട് ഏക്കർ സ്ഥലം കൂടുതൽ സപ്ലൈകോ പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതായും കണ്ടെത്തി. മില്ലുകളും പാഡി ഉദ്യോഗസ്ഥരും ഒത്തുകളിച്ച് നെല്ല് സംഭരണത്തിൽ വ്യാപകക്രമക്കേടുകൾ നടത്തുന്നുവെന്നതടക്കം നിരവധി ആക്ഷേപങ്ങൾ ഉയർന്നിരുന്നു. ഇതിനെതുടർന്നായിരുന്നു പരിശോധന. വിവിധ രേഖകൾ ശേഖരിച്ച വിജിലൻസ് കൂടുതൽ പരിശോധന നടത്തുമെന്നും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.