അരലക്ഷം രൂപ കൈക്കൂലി വാങ്ങി: വില്ലേജ് ഫീൽഡ് അസിസ്റ്റൻറ് വിജിലൻസ് പിടിയിൽ
text_fieldsകോട്ടയം: മൂന്നിലവ് വില്ലേജ് ഒാഫിസിലെ വില്ലേജ് ഫീൽഡ് അസിസ്റ്റൻറ് റെജി തോമസിനെ (മേലുകാവുമറ്റം സ്വദേശി) 50,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് സംഘം പിടികൂടി.
മൂന്നിലവ് സ്വദേശിനിയുടെ മാതാവിെൻറ പേരിലുണ്ടായിരുന്ന ഒരു ഏക്കർ 40 സെൻറ് വസ്തു മാതാവിെൻറ മരണശേഷം ഹൈകോടതി ഉത്തരവിെൻറ അടിസ്ഥാനത്തിൽ പരാതിക്കാരിയുടെ പേരിൽകൂട്ടി പോക്കുവരവ് ചെയ്ത് കരം അടക്കുന്നതിന് നാലുവർഷം മുമ്പ് അപേക്ഷ നൽകിയിരുന്നു.
ഇതിെൻറ നടപടികൾ സ്വീകരിക്കാൻ മൂന്നിലവ് വില്ലേജ് ഒാഫിസിലെ ഫീൽഡ് അസിസ്റ്റൻറ് റെജി തോമസ് 2,00,000 രൂപ സുഹൃത്തും ഇടനിലക്കാരനുമായ മൂന്നിലവ് സ്വദേശി ജോസ് എന്നയാൾ മുഖേന ആവശ്യപ്പെടുകയായിരുന്നു.
തുടർന്ന് ആദ്യ ഗഡുവായി 40,000 രൂപ ജോസ് മുഖേന കൈപ്പറ്റി കരം അടച്ച രസീത് മാർച്ച് 25ന് പരാതിക്കാരിക്ക് കൊടുത്തശേഷം ബാക്കി പണം കിട്ടാൻ ഇടനിലക്കാരൻ ജോസും ഫീൽഡ് അസി. റെജി തോമസും ഫോണിൽ പരാതിക്കാരിയെ നിരന്തരം വിളിച്ചു. ഭവിഷ്യത്തുകൾ അനുഭവിക്കേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തി.
പറഞ്ഞ തുക തിങ്കളാഴ്ച കൈമാറണമെന്ന അന്ത്യശാസനം ഉണ്ടായതോടെ മൂന്നിലവ് സ്വദേശിനി വിജിലൻസ് ആൻഡ് ആൻറി കറപ്ഷൻ ബ്യൂറോ കോട്ടയം ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് വി.ജി. രവീന്ദ്രനാഥിന് പരാതി നൽകുകയായിരുന്നു.
തുടർന്ന് വിജിലൻസ് കിഴക്കൻ മേഖല കോട്ടയം പൊലീസ് സൂപ്രണ്ട് വി.ജി. വിനോദ്കുമാറിെൻറ നിർദേശപ്രകാരം ഡിവൈ.എസ്.പിമാരായ വി.ജി. രവീന്ദ്രനാഥ്, എ.കെ. വിശ്വനാഥൻ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് ഇൻസ്പെക്ടർമാരായ റിജോ പി. ജോസഫ്, സജു എസ്. ദാസ് എന്നിവരുൾപ്പെട്ട സംഘമാണ് വില്ലേജ് ഫീൽഡ് അസിസ്റ്റൻറ് റെജി തോമസിനെ പിടികൂടിയത്.
വിജിലൻസ് ഒാഫിസിൽനിന്ന് നൽകിയ ഫിനോഫ്തലിൻ പൗഡർ പുരട്ടിയ 50,000 രൂപ പരാതിക്കാരിയിൽനിന്ന് തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് കൈപ്പറ്റവേ പ്രതിയുടെ മേലുകാവുമറ്റെത്ത വീട്ടിൽെവച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.