വിതുര പീഡനക്കേസ്: പെൺകുട്ടിക്ക് മതിയായ നഷ്ടപരിഹാരം നൽകാൻ ശിപാർശ
text_fieldsകോട്ടയം: പീഡനത്തിനിരയായ പെൺകുട്ടിക്ക് മതിയായ നഷ്ടപരിഹാരം നൽകാൻ ലീഗൽ സർവിസസ് അതോറിറ്റിയോട് കോടതി ശിപാർശ ചെയ്തു. വിക്ടിംസ് കോമ്പൻസേഷൻ സ്കീം പ്രകാരം ഇരക്ക് മതിയായ നഷ്ടപരിഹാരം നൽകണമെന്നാണ് കോടതി നിർദേശിച്ചത്.
ഭാര്യയും 13 വയസ്സുള്ള പെൺകുട്ടിയുമുള്ളതിനാൽ ശിക്ഷയിൽ ഇളവുണ്ടാകണമെന്ന പ്രതിയുടെ അപേക്ഷ കോടതി തള്ളി. 'അനാഥ പെൺകുട്ടിയെയാണ് വിവാഹം ചെയ്തത്.13 വയസ്സുള്ള മകളുണ്ട്. ചെന്നൈ തംബരത്ത് അനാഥ മന്ദിരം ഏറ്റെടുത്ത് നടത്തുന്നുണ്ട്. അവിടെ ഒമ്പത് കുട്ടികളുണ്ട്.
3 വർഷമായി അവരുടെ വിദ്യാഭ്യാസം, വസ്ത്രം, ആഹാരം, ജീവനക്കാരുടെ ശമ്പളം തുടങ്ങിയ ആവശ്യങ്ങളെല്ലാം നിറവേറ്റുന്നത് ഞാനാണ് -സുരേഷ് പറഞ്ഞു. എന്നാൽ, പ്രതി കരുണ അർഹിക്കുന്നില്ലെന്ന് വാദി ഭാഗത്തിന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ രാജഗോപാൽ പടിപ്പുര കോടതിയിൽ പറഞ്ഞു. പ്രതിയുടെ സ്വഭാവം, കുറ്റകൃത്യം, രീതി എന്നിവ പരിഗണിക്കണം.
കേസുണ്ടാകുമ്പോൾ മുങ്ങുകയും എല്ലാവരെയും വെറുതെ വിട്ടപ്പോൾ കീഴടങ്ങുകയും ചെയ്തു. വിചാരണ തുടങ്ങിയപ്പോൾ വീണ്ടും ഒളിവിൽ പോയി. 1996 മുതൽ ഇര നേരിട്ട ശാരീരിക മാനസിക പീഡനങ്ങൾ പരിഗണിക്കണമെന്നും അത് ജീവിതാവസാനം വരെ ഇരക്ക് മറക്കാൻ കഴിയില്ലെന്നും പ്രോസിക്യൂട്ടർ പറഞ്ഞു.
ശിക്ഷ ഇങ്ങനെ
കോട്ടയം: വിതുര പീഡനക്കേസിൽ പ്രതിക്ക് കോടതി വിധിച്ച ശിക്ഷ ഇങ്ങനെ:
വകുപ്പ്-344: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി തടവിൽ പാർപ്പിക്കൽ - 2 വർഷം കഠിന തടവും 5000 രൂപ പിഴയും. പിഴയടച്ചില്ലെങ്കിൽ 2 മാസം അധിക തടവ്.
372ാം വകുപ്പ്: മോശമായ കാര്യങ്ങൾക്ക് പെൺകുട്ടിയെ കൈമാറൽ - 10 വർഷം കഠിന തടവും ലക്ഷം രൂപ പിഴയും. പിഴയടച്ചില്ലെങ്കിൽ 6 മാസം അധിക തടവ്.
അനാശാസ്യ നിരോധന നിയമത്തിലെ 5 (1) ഡി (രണ്ട്) വകുപ്പ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വ്യഭിചാരത്തിന് ഉപയോഗിച്ചു-10 വർഷം കഠിന തടവും 2000 രൂപ പിഴയും. പിഴയടച്ചില്ലെങ്കിൽ ഒരു മാസം അധിക തടവ്.
അനാശാസ്യ നിരോധന നിയമത്തിലെ 3 (1) വകുപ്പ്: വ്യഭിചാരശാല നടത്തിപ്പ് - 2 വർഷം തടവും 2000 രൂപ പിഴയും. പിഴയടച്ചില്ലെങ്കിൽ ഒരു മാസം അധിക തടവ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.