കുഴൽകിണറ്റിൽനിന്ന് ശബ്ദം: ആശങ്കയോടെ കുടുംബം
text_fieldsഎരുമേലി: വീട്ടുമുറ്റത്തെ കുഴൽകിണറ്റിൽനിന്ന് കഴിഞ്ഞ കുറച്ചുദിവസങ്ങളായി ശബ്ദം കേൾക്കുന്നതായി എരുമേലി വാഴക്കാല സ്വദേശി പാനാശേരി സുലൈമാൻ പറയുന്നു. വെള്ളം തിളക്കുമ്പോൾ ഉണ്ടാകുന്നതുപോലുള്ള ശബ്ദമാണ് കേൾക്കുന്നത്. 350 അടിയോളം താഴ്ചയാണ് കിണറിനുള്ളത്.
കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഇടക്കിടെ മാത്രമായിരുന്നു ശബ്ദം കേട്ടിരുന്നത്. ഉറവവെള്ളം വീഴുന്നതാകുമെന്ന് കരുതിയിരുന്നെങ്കിലും ചൊവ്വാഴ്ച ശബ്ദം കൂടി വന്നതോടെ കിണറ്റിലേക്ക് ടോർച്ച് വെട്ടത്തിൽ നോക്കുമ്പോൾ വെള്ളം തിളച്ചുമറിയുന്നതുപോലെ കാണപ്പെട്ടു. ഉച്ചയോടെ ശബ്ദം നിലച്ചു.
വെള്ളത്തിന് മണമോ രുചി വ്യത്യാസമോ ഇല്ലെന്നും സുലൈമാൻ പറയുന്നു. വാതകങ്ങളുടെ സാന്നിധ്യം കൊണ്ടുണ്ടാകുന്ന മർദം ഇത്തരത്തിലുള്ള ശബ്ദത്തിന് കാരണമാകാമെന്നും ഇതിൽ ആശങ്കപ്പെടേണ്ടതില്ലെന്നും പ്രതിഭാസം തുടർന്നാൽ മാത്രം അടുത്ത നടപടിയിലേക്ക് കടന്നാൽ മതിയെന്നും വിദഗ്ധർ അഭിപ്രായപ്പെട്ടു.
കഴിഞ്ഞ കുറച്ചുനാളുകൾക്ക് മുമ്പ് എരുമേലി ഗ്രാമപഞ്ചായത്തിലെ ചെറുവള്ളിയിൽ ഭൂമിക്കടിയിൽനിന്ന് ശബ്ദവും നേരിയ തോതിലുള്ള പ്രകമ്പനവും ഉണ്ടായത് പ്രദേശവാസികളിൽ ആശങ്ക ഉളവാക്കിയിരുന്നു. എന്നാൽ, ശാസ്ത്രീയമായി നടത്തിയ പരിശോധനയിൽ ഭൂമിക്ക് മുകളിൽ കാര്യമായി ഒന്നും കണ്ടെത്താനായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.