തിരുനക്കര സ്റ്റാൻഡിൽ കാത്തിരിപ്പ് കേന്ദ്രം; നഗരസഭ സ്പോൺസർമാരെ തേടും
text_fieldsകോട്ടയം: തിരുനക്കര ബസ്സ്റ്റാൻഡിൽ താൽക്കാലിക കാത്തിരിപ്പ് കേന്ദ്രം നിർമിക്കാൻ സ്പോൺസർമാരെ തേടാൻ കൗൺസിൽ തീരുമാനിച്ചു. ഇതിനായി ഏഴുദിവസത്തിനകം പത്രങ്ങളിൽ പരസ്യം നൽകും. നാലുലക്ഷം രൂപയാണ് കേന്ദ്രത്തിന് ഓവർസിയർ എസ്റ്റിമേറ്റ് കണക്കാക്കിയിട്ടുള്ളത്. അഞ്ചു മീറ്റർ നീളത്തിലും മൂന്നുമീറ്റർ വീതിയിലും രണ്ട് ഷെഡ് നിർമിക്കാനായിരുന്നു എൻജിനീയറിങ് വിഭാഗത്തിന്റെ തീരുമാനം.
ഒറ്റ ഷെഡായി നിർമിക്കാമെന്ന് കൗൺസിൽ നിർദേശം നൽകി. തനതുഫണ്ട് ചെലവഴിച്ചു നിർമിക്കുമ്പോൾ ടെൻഡർ അടക്കം നടപടി പൂർത്തിയാകാൻ 45 ദിവസമെടുക്കും. കാത്തിരിപ്പ് കേന്ദ്രം നിർമിക്കാൻ ചില വ്യക്തികൾ താൽപര്യം അറിയിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തിലാണ് സ്പോൺസർമാരെ തേടുന്നത്. കഴിഞ്ഞ ആഴ്ചയാണ് ജില്ല ലീഗൽ സർവിസസ് അതോറിറ്റിയുടെ ഇടപെടലിനെതുടർന്ന് സ്റ്റാൻഡിൽ ബസുകൾ നിർത്തി ആളെ കയറ്റിത്തുടങ്ങിയത്.
എന്നാൽ, യാത്രക്കാർക്ക് കാത്തുനിൽക്കാൻ ഇടമില്ലാത്തത് വ്യാപക പരാതി ഉയർത്തിയിരുന്നു. 18നു ചേരുന്ന കൗൺസിൽ യോഗത്തിൽ ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് മുനിസിപ്പൽ സെക്രട്ടറി അതോറിറ്റി സിറ്റിങ്ങിൽ അറിയിച്ചിരുന്നതുമാണ്. സ്റ്റാൻഡിൽ റോട്ടറി ക്ലബിന്റെ ശുചിമുറി തുറന്നുപ്രവർത്തിപ്പിക്കാനും മുനിസിപ്പാലിറ്റി ആവശ്യപ്പെടും.
മൈതാനത്തെ കൈയേറ്റം: പ്രത്യേക കൗൺസിൽ ചേരും
തിരുനക്കര ബസ്സ്റ്റാൻഡ് മൈതാനം അളന്നുതിരിച്ച് റവന്യൂ അധികാരികൾ നൽകിയ റിപ്പോർട്ട് ചർച്ചചെയ്യാൻ പ്രത്യേക കൗൺസിൽ യോഗം ചേരും. സ്റ്റാൻഡ് അളന്നുതിരിച്ച് അസി. എൻജിനീയർ നൽകിയ റിപ്പോർട്ട് കൗൺസിൽ അംഗീകരിച്ചില്ല. വില്ലേജ് ഓഫിസിൽനിന്നെടുത്ത സർവേ പ്ലാനും റവന്യൂ അധികാരികൾ അളന്നു നൽകിയ പ്ലാനും വ്യത്യസ്തമാണെന്ന് സി.പി.എം കൗൺസിലർ ടി.എൻ. മനോജ് ചൂണ്ടിക്കാട്ടി. 124 സെന്റാണ് മുനിസിപ്പാലിറ്റിയുടെ കണക്ക് പ്രകാരം സ്റ്റാൻഡിലെ ഭൂമി. കരം അടക്കുന്നതും ഈ കണക്കു പ്രകാരമാണ്. എന്നാൽ, നിലവിൽ അത്രയും ഭൂമി ഉണ്ടോ എന്ന ചോദ്യത്തിന് അധികൃതർക്ക് മറുപടിയില്ല.
പടിഞ്ഞാറുഭാഗത്തെ കൈയേറ്റം കണ്ടുപിടിക്കാനാണ് സ്റ്റാൻഡ് അളന്നതെങ്കിലും അളവ് കഴിഞ്ഞപ്പോൾ ഇരുകൂട്ടരും പരസ്പരം കൈയേറിയെന്നാണ് കണ്ടുപിടിച്ചത്. നാലു ചതുരശ്രമീറ്റർ സ്ഥലം മുനിസിപ്പാലിറ്റി കൈയേറിയപ്പോൾ അഞ്ചു ചതുരശ്ര മീറ്റർ സ്ഥലം സമീപത്തെ സ്ഥലമുടമയുടെ കൈവശത്തിലാണ്. പഴയ സർവേ പ്ലാൻ സബ്രജിസ്ട്രാർ ഓഫിസിൽനിന്നെടുത്ത ശേഷം പ്രത്യേക യോഗം ചേർന്ന് വിഷയം ചർച്ച ചെയ്യും. ഈ സാഹചര്യത്തിൽ സ്റ്റാൻഡിനു ചുറ്റും താൽക്കാലിക മതിൽ പണിയാനുള്ള തീരുമാനവും മാറ്റിവെച്ചു.
ചെയർപേഴ്സനെ ഉപരോധിച്ച് ഡി.വൈ.എഫ്.ഐ
കോട്ടയം: തിരുനക്കര ബസ്സ്റ്റാൻഡിൽ കാത്തിരിപ്പ് കേന്ദ്രം നിർമിക്കാൻ വൈകുന്നതിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ മുനിസിപ്പൽ ചെയർപേഴ്സനെ ഉപരോധിച്ചു. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. ഉച്ചക്കുചേരുന്ന കൗൺസിൽ യോഗത്തിൽ വിഷയം പരിഗണിക്കുന്നുണ്ടെന്ന് ചെയർപേഴ്സൻ അറിയിച്ചു. കാത്തിരിപ്പ് കേന്ദ്രത്തിന്റെ കാര്യത്തിൽ ഉറപ്പ് ലഭിക്കാതെ ഉപരോധം പിൻവലിക്കില്ലെന്ന് നേതാക്കൾ വ്യക്തമാക്കി.
കൗൺസിൽ തീരുമാനിക്കാതെ തനിക്ക് ഒറ്റക്ക് നടപടി എടുക്കാൻ കഴിയില്ലെന്ന് ചെയർപേഴ്സൻ പറഞ്ഞതോടെ പ്രവർത്തകർ മുദ്രാവാക്യം വിളിയുമായി കുത്തിയിരിപ്പ് തുടർന്നു. പൊലീസെത്തി ഇവരെ ബലം പ്രയോഗിച്ച് നീക്കുകയായിരുന്നു. സി.പി.എം ഏരിയ സെക്രട്ടറി ബി. ശശികുമാർ പ്രതിഷേധം ഉദ്ഘാടനം ചെയ്തു. സി.പി.എം കൗൺസിലർമാരായ ഷീജ അനിൽ, ടി.എൻ. മനോജ്, സി.പി.എം ജില്ല കമ്മിറ്റി അംഗം കെ.ആർ. അജയ്, ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറി ബി. മഹേഷ് ചന്ദ്രൻ, ജില്ല കമ്മിറ്റി അംഗങ്ങളായ എം.ബി. പ്രതീഷ്, അമൃത, ബ്ലോക്ക് പ്രസിഡന്റ് അതുൽ ജോൺ ജേക്കബ്, സെക്രട്ടറി അജിൻ കുരുവിള ബാബു തുടങ്ങിയവർ പങ്കെടുത്തു.
സ്റ്റേഡിയത്തിലെ കടകളിലെ കൈയേറ്റം പരിശോധിക്കും
നാഗമ്പടം നെഹ്റു സ്റ്റേഡിയത്തിന് ചുറ്റുമുള്ള കടമുറികൾ ആരുടെയൊക്കെ കൈവശമാണെന്ന് പരിശോധിക്കും. പല കടമുറികളും ലൈസൻസികളുടെ കൈയിലല്ല. അനധികൃത കൈയേറ്റവുമുണ്ട്. ഇത്തരക്കാരെ ഒഴിപ്പിക്കാൻ നോട്ടീസ് നൽകും.
ചെയർപേഴ്സൻ ബിൻസി സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ ഷീജ അനിൽ, സാബു മാത്യു, വേണുക്കുട്ടൻ, വിനു ആർ. മോഹൻ, ടി.ആർ. അനിൽ കുമാർ, ജിബി ജോൺ, എബി കുന്നേൽ പറമ്പിൽ, എൻ.എൻ. വിനോദ്, മുഹമ്മദ് ഷെരീഫ്, എം.പി. സേന്താഷ് കുമാർ, ജയിംസ് പുല്ലം പറമ്പിൽ, ജാൻസി ജേക്കബ് തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.