രാപ്പകല്‍ ജാഗ്രതയില്‍ വാര്‍ റൂം;ഓക്സിജന്‍ ലഭ്യത ഉറപ്പാക്കി കോട്ടയം
text_fieldsകോട്ടയത്തിന് ഇപ്പോള്‍ ഓക്സിജന്‍ ദൗര്‍ലഭ്യത്തെക്കുറിച്ചുള്ള ആശങ്കകളില്ല. മറ്റു ജില്ലകളില്‍നിന്ന് സിലിന്‍ഡറുകള്‍ നിറച്ചു കിട്ടുന്നതിനായുള്ള നീണ്ട കാത്തിരിപ്പും പഴങ്കഥയായിരിക്കുന്നു. ഓരോദിവസവും ചികിത്സക്ക് ആവശ്യമായ ഓക്സിജൻ എല്ലാ ആശുപത്രികളിലും കോവിഡ് പരിചരണ കേന്ദ്രങ്ങളിലും ലഭ്യമാണെന്ന് തലേന്നുതന്നെ ഉറപ്പാക്കിയാണ് മുന്നോട്ടു പോകുന്നത്.ഓക്സിജന്‍ സിലന്‍ഡറുകളുടെ കരുതല്‍ ശേഖരവും ജില്ലയ്ക്കുണ്ട്.
കോവിഡ് രണ്ടാം തരംഗത്തെ നേരിടുന്നതിനായി നടത്തിയ മറ്റു തയ്യാറെടുപ്പുകള്‍ക്കൊപ്പം കളക്ടറേറ്റിൽ മെയ് മൂന്നിനു തുടങ്ങിയ ഓക്സിജന്‍ വാര്‍ റൂമിന്‍റെ ഇടപെടലും സുസജ്ജമായ സംവിധാനമൊരുക്കുന്നതില്‍ നിര്‍ണായകമായി. വാര്‍ റൂമിന്‍റെ പ്രവര്‍ത്തനം ഒരു മാസം പിന്നിട്ടപ്പോള്‍ ജില്ലയിലെ കോവിഡ് ആശുപത്രികളും സ്വകാര്യ ആശുപത്രികളും പരിചരണ കേന്ദ്രങ്ങളും ഉള്‍പ്പെടുന്ന 137 ചികിത്സാ കേന്ദ്രങ്ങളിലും എല്ലാ ദിവസവും വേണ്ട ഓക്‌സിജന്‍ കൃത്യമായി ലഭിക്കുന്നു. വീടുകളില്‍ പാലിയേറ്റീവ് പരിചരണത്തില്‍ കഴിയുന്ന രോഗികള്‍ക്കും ആംബുലന്‍സുകള്‍ക്കും സിലിന്‍ഡറുകള്‍ ലഭ്യമാക്കുന്നതിനും വാർ റൂം സഹായകമാകുന്നു.
സ്വകാര്യ ആശുപത്രികളില്‍ ഉള്‍പ്പെടെ ചികിത്സയ്ക്ക് ആവശ്യമായ ഓക്സിജന്‍ ഉറപ്പാക്കുന്നതിന് ലക്ഷ്യമിട്ടാണ് സംസ്ഥാന സര്‍ക്കാരിന്‍റെ നിര്‍ദേശപ്രകാരം ജില്ലയില്‍ ഓക്സിജന്‍ വാര്‍ റൂം തുറന്നത്.ജില്ലാ കളക്ടര്‍ എം. അഞ്ജനയുടെ മേല്‍നോട്ടത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഈ സംവിധാനത്തില്‍ റവന്യൂ, ആരോഗ്യം, പോലീസ്, മോട്ടോര്‍ വെഹിക്കിള്‍, ഫാക്ടറീസ് ആന്റ് ബോയിലേഴ്സ്, വ്യവസായം, ജി.എസ്.ടി എന്നീ വകുപ്പുകളിലെയും ആരോഗ്യ കേരളത്തിലെയും ഉദ്യോഗസ്ഥര്‍ സേവനമനുഷ്ഠിക്കുന്നു.
ഓരോ വകുപ്പിനും ഒരു നോഡല്‍ ഓഫീസറുണ്ട്. ചികിത്സാ കേന്ദ്രങ്ങള്‍ക്കു പുറമെ സംസ്ഥാനത്തെയും മറ്റു ജില്ലകളിലെയും വാര്‍ റൂമുകള്‍, ഓക്സിജന്‍ പ്ലാന്‍റുകള്‍, വിതരണ ഏജന്‍സികള്‍ എന്നിവയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ജില്ലാ വാര്‍ റൂമിന്‍റെ പ്രധാന ചുമതല സബ് കളക്ടര്‍ രാജീവ്കുമാര്‍ ചൗധരിക്കാണ്. വാര്‍ റൂമുമായി ബന്ധപ്പെട്ട ചുമതലകള്‍ക്കായി 137 ചികിത്സാ കേന്ദ്രങ്ങളിലും നോഡല്‍ ഓഫീസര്‍മാരെ നിയോഗിച്ചിട്ടുണ്ട്. കോവിഡ് 19 ജാഗ്രത പോര്‍ട്ടലിലേക്ക് വിവരങ്ങള്‍ നല്‍കുന്നതിന് ഇവര്‍ ഓരോരുത്തര്‍ക്കും പ്രത്യേക ലോഗിനും നല്‍കിയിരിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിലെ ഓക്‌സിജന്‍ ഉപയോഗം, ആകെ രോഗികള്‍, നിലവില്‍ ഓക്‌സിജന്‍ സ്വീകരിക്കുന്നവര്‍, വെന്‍റിലേറ്ററില്‍ കഴിയുന്നവര്‍, അടുത്ത 24 മണിക്കൂറില്‍ ആവശ്യമുള്ള ഓക്‌സിജന്‍ തുടങ്ങിയ വിവരങ്ങള്‍ ഇവര്‍ എല്ലാ ദിവസവും രാവിലെ 11ന് മുന്‍പ് പോര്‍ട്ടലില്‍ അപ്‌ഡേറ്റ് ചെയ്യും.
നിശ്ചിത സമയത്തിനു മുന്‍പ് പോര്‍ട്ടലില്‍ വിവരങ്ങള്‍ നല്‍കുന്നുണ്ടെന്നും നല്‍കുന്ന വിവരങ്ങള്‍ കൃത്യമാണെന്നും ഉറപ്പാക്കുന്നതിന് വില്ലേജ് ഓഫീസര്‍ തസ്തികയിലുള്ള ഉദ്യോഗസ്ഥരെ ഓരോ ചികിത്സാ കേന്ദ്രത്തിന്‍റെയും ഇന്‍സിഡന്‍റ് കമാന്‍ഡര്‍മാരായി നിയോഗിച്ചിട്ടുണ്ട്. പോര്‍ട്ടലില്‍ ലഭിക്കുന്ന വിവരങ്ങളും ഇന്‍സിഡന്‍റ് കമാന്‍ഡര്‍മാരുടെ റിപ്പോര്‍ട്ടും സബ് കളക്ടറുടെ നേതൃത്വത്തില്‍ വിലയിരുത്തിയശേഷമാണ് ഓരോ കേന്ദ്രത്തിലേക്കും അടുത്ത 24 മണിക്കൂറിലേക്ക് ആവശ്യമുള്ള ഓക്‌സിജന്‍റെ അളവ് കണക്കാക്കി അനുവദിക്കുക.
സ്വകാര്യ ആശുപത്രികളിലെ ഓക്സിജന്‍ ലഭ്യത ഉറപ്പാക്കുന്നതിന് കാരിത്താസ് ആശുപത്രിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രത്യേക വാര്‍ റൂമിന്‍റെ സേവനവും ഈ വിവര ശേഖരണത്തിനായി പ്രയോജനപ്പെടുത്തുന്നു. ആദ്യഘട്ടത്തില്‍ സിലിന്‍ഡറുകള്‍ നിറയ്ക്കുന്നതിന് മറ്റു ജില്ലകളെയാണ് പ്രധാനമായും ആശ്രയിച്ചിരുന്നതെങ്കില്‍ നിലവില്‍ പൂവന്തുരുത്തിലെ സ്വകാര്യ പ്ലാന്‍റിലാണ് ഭൂരിഭാഗം സിലിന്‍ഡറുകളും നിറയ്ക്കുന്നത്. 20 ശതമാനത്തില്‍ താഴെ സിലിന്‍ഡറുകള്‍ മാത്രമാണ് മറ്റു ജില്ലകളില്‍ നിറയ്ക്കുന്നത്.
ജില്ലയിലെ ചികിത്സാ കേന്ദ്രങ്ങളില്‍ വിതരണം ചെയ്യുന്ന ഏജന്‍സികള്‍ക്ക് പ്ലാന്‍റുകളില്‍നിന്ന് കൃത്യമായി ഓക്‌സിജന്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതും വാര്‍ റൂം മുഖേനയാണ്. വിതരണ ശൃംഖലയില്‍ തടസം നേരിട്ടാൽ സംസ്ഥാന വാര്‍ റൂമിന്‍റെ സഹായത്തോടെ അത് പരിഹരിക്കാൻ നടപടി സ്വീകരിക്കും.
സംസ്ഥാന വാർ റൂമിന്‍റെ നിയന്ത്രണത്തില്‍ പാലക്കാട് ജില്ലയിലെ ഐനോക്‌സ് പ്ലാന്‍റിൽ നിന്നും കോട്ടയം മെഡിക്കൽ കോളേജിലേക്കും മറ്റ് പ്ലാന്‍റുകളില്‍നിന്ന് സ്വകാര്യ ആശുപത്രികളിലേക്കും ദ്രവീകൃത ഓക്സിജൻ എത്തിക്കുന്നതിന്‍റെ മേല്‍നോട്ടവും ജില്ലാ വാര്‍ റൂം നിര്‍വഹിക്കുന്നു. വ്യവസായ വകുപ്പിന്‍റെ സഹകരണത്തോടെ ജില്ലയില്‍ വിവിധ വ്യവസായ സ്ഥാപനങ്ങളില്‍നിന്ന് 822 ഓക്സിജന്‍ സിലിഡന്‍ഡറുകള്‍ ഏറ്റെടുത്തിട്ടുണ്ട് . ആവശ്യം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഉപയോഗിക്കുന്നതിന് വിവിധ ആശുപത്രികളിലായി 300 സിലിന്‍ഡറുകളുടെ കരുതല്‍ ശേഖരമാണുള്ളത്.
ഓക്സിജന്‍ ഉപയോഗത്തിലെ കാര്യക്ഷമത വിലയിരുത്തുന്നതിന് സംസ്ഥാന സര്‍ക്കാരിന്‍റെ നിര്‍ദേശപ്രകാരം നാവിക സേന ജില്ലയിലെ പ്രധാന ആശുപത്രികളില്‍ റാപ്പിഡ് സേഫ്റ്റി ഫയര്‍ ഓഡിറ്റ് നടത്തിയിരുന്നു. ഇതിനു പുറമെ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട ഓക്സിജന്‍ ഓഡിറ്റ് ടീം എല്ലാ ആശുപത്രികളിലെയും ക്രമീകരണങ്ങള്‍ വിലയിരുത്തുകയും ചെയ്തു. രണ്ടു പരിശോധനകളിലും ഓക്സിജന്‍ വിതരണ സംവിധാനങ്ങള്‍ സുസജ്ജമാണെന്ന് സ്ഥിരീകരിച്ചിരുന്നു.
വാര്‍ റൂം പ്രവര്‍ത്തനമാരംഭിച്ചശേഷം ഒരു ചികിത്സാ കേന്ദ്രത്തിലും ഓക്‌സിജന്‍ ക്ഷാമം നേരിട്ടിട്ടില്ലെന്നും ഓക്‌സിജന്‍ ലഭ്യത ഉറപ്പാക്കിയത് ജില്ലയിലെ കോവിഡ് മരണനിരക്ക് ഗണ്യമായി കുറക്കുന്നതിന് സഹായകമായെന്നും സബ് കളക്ടര്‍ രാജീവ് കുമാര്‍ ചൗധരി പറഞ്ഞു.
===================
കോട്ടയം ജില്ലാ ഓക്‌സിജന്‍ വാര്‍ റൂം ഹെല്‍പ്പ് ലൈന്‍ നമ്പരുകള്‍
- 0481 2568008, 0481 2567390
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.