കുളിരാതെ ഡിസംബർ അധിക മഴ ചൂട്
text_fieldsകോട്ടയം: ഡിസംബറിലും മഴ തുടരുന്നതിനിടെ തുലാവര്‍ഷ പെയ്ത്തിൽ ജില്ലയിൽ 36 ശതമാനം വർധന. കാലാവസ്ഥ വകുപ്പിന്റെ കണക്കനുസരിച്ച് ശനിയാഴ്ച വരെ ജില്ലയിൽ 562.2 മില്ലീമീറ്റർ മഴയാണ് പ്രതീക്ഷിച്ചതെങ്കിൽ 765.8 മില്ലീമീറ്റര്‍ പെയ്തു. 36 ശതമാനം കൂടുതൽ. അടുത്ത ദിവസങ്ങളിലും മഴ തുടരുമെന്ന് പ്രവചനമുള്ളതിനാൽ അളവ് ഇനിയും ഉയരും.
കാലവര്‍ഷത്തിൽ ജില്ലയിൽ 38 ശതമാനം മഴ കുറഞ്ഞിരുന്നു. ജൂൺ ഒന്ന് മുതൽ സെപ്റ്റംബർ 30 വരെയുള്ള മഴയാണ് കാലർഷമായി കണക്കാക്കുന്നത്. കഴിഞ്ഞ വർഷം കാലവർഷത്തിൽ മഴക്കുറവ് 15 ശതമാനം മാത്രമായിരുന്നു. ഇതാണ് ഇത്തവണ 33ലെത്തിയത്. ഈ കുറവ് തുലാവർഷത്തിലൂടെ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷ. പത്തനംതിട്ടയിലാണ് തുലാവർഷം ഏറ്റവും കൂടുതൽ ലഭിച്ചത്. 93 ശതമാനമാണ് ഇവിടെ അധികമഴ.
ഇതിനിടെ മഴ വീണ്ടും ശക്തമാകുമെന്ന മുന്നറിയിപ്പും കാലാവസ്ഥ വകുപ്പ് നൽകി. ശനിയാഴ്ച പലയിടങ്ങളിലും ശക്തമായ മഴയുണ്ടായി. ഞായറാഴ്ചയും മഴ തുടരുമെന്നാണ് അറിയിപ്പ്. കോട്ടയത്ത് യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ പല ഭാഗങ്ങളിലും വൈകീട്ട് കനത്ത മഴയാണ് ചെയ്തത്. ഇത് കാർഷിക മേഖലയിൽ നാശങ്ങൾക്കും ഇടയാക്കി. സാധാരണ നവംബർ അവസാനവാരത്തോടെ മഴയുടെ ശക്തി കുറഞ്ഞ് തണുപ്പ് വര്‍ധിച്ച് തുടങ്ങുന്നതായിരുന്നു രീതി. എന്നാല്‍, കഴിഞ്ഞ വര്‍ഷങ്ങളിൽ ഡിസംബറില്‍ മഴ തുടരുന്ന കാഴ്ചയാണ്. ഇതോടെ, തണുപ്പും മഞ്ഞും അകന്നു നില്‍ക്കുകയാണ്. ഇത്തവണയും ഈ സ്ഥിതിക്ക് മാറ്റമില്ല. രാത്രിയിൽ ചെറിയ തോതിലാണ് തണുപ്പ്.പുലർച്ചപോലും തീവ്രമായ തണുപ്പ് അനുഭവപ്പെടുന്നില്ലെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. അതേസമയം, പകൽ കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയിൽ 35ന് മുകളിലായിരുന്നു താപനില. ശനിയാഴ്ച ഇതിൽ നേരിയ കുറവുണ്ടായി. കോട്ടയത്ത് 34 ഡിഗ്രിയായിരുന്നു ശനിയാഴ്ചത്തെ താപനില. കോഴിക്കോട് മാത്രമാണ് കോട്ടയത്തിന് മുന്നിൽ. പലപ്പോഴും മുന്നിലുള്ള പുനലൂരിലും 34 ഡിഗ്രി മാത്രമായിരുന്നു ശനിയാഴ്ച ചൂട്.
കാലാവസ്ഥ വ്യതിയാനം പനി ഉള്‍പ്പെടെയുള്ള രോഗങ്ങൾ വര്‍ധിക്കാനും കാരണമാകുന്നുണ്ട്. നിരവധി പേരാണ് വൈറൽ പനിക്ക് ചികിത്സ തേടുന്നത്. ബുധനാഴ്ച 4646 പനി ബാധിതരാണ് സർക്കാർ ആശുപത്രികളിൽ ചികിത്സതേടി എത്തിയത്. ആരോഗ്യ വകുപ്പ് ജാഗ്രത നിർദേശവും നൽകിയിട്ടുണ്ട്. ഡെങ്കി, എലിപ്പനി, എച്ച്1 എന്‍1 എന്നിവയും ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.