അറുതിയില്ലാതെ മാലിന്യംതള്ളൽ
text_fieldsകോടിമത-കോട്ടയം മാർക്കറ്റിന് സമീപം തോട്ടിൽ തള്ളിയ പ്ലാസ്റ്റിക് മാലിന്യങ്ങൾ
കോട്ടയം: നഗരത്തിലെ വഴിയരികിലും ഉൾപ്രദേശങ്ങളിലും മാലിന്യംതള്ളൽ പതിവുകഥ. കോടിമത-ചന്തക്കടവ് എം.ജി റോഡിൽ അടിഞ്ഞുകൂടിയ മാലിന്യക്കൂമ്പാരത്തിൽ നിന്നുള്ള ദുർഗന്ധം മൂലം നഗരവാസികൾക്ക് മൂക്കുപൊത്താതെ നടക്കാൻ സാധിക്കില്ല.
എം.ജി റോഡിൽ ചന്തക്കടവിനോട് ചേർന്ന ഭാഗങ്ങളിൽ തള്ളിയ മാലിന്യങ്ങൾ പ്രദേശമാകെ പരന്നുകിടക്കുകയാണ്. വിവിധയിടങ്ങളിൽനിന്ന് ഹരിതകർമസേന മാലിന്യം ശേഖരിക്കുന്നുണ്ടെങ്കിലും പൊതുവഴികളിൽ മാലിന്യം തള്ളുന്നതിന് അറുതിയില്ലെന്നാണ് പൊതുജനങ്ങളുടെ പരാതി.
റോഡരികിലും മറ്റും തള്ളിയിരിക്കുന്നതിൽ ഭൂരിഭാഗവും പ്ലാസ്റ്റിക് മാലിന്യങ്ങളാണ്. പൊതുവെ തെരുവുനായ് ശല്യം രൂക്ഷമാണിവിടെ. മാലിന്യം വർധിച്ചതോടെ ഇവിടെ വിഹരിക്കുന്ന തെരുവുനായ്ക്കൾ വഴിയാത്രക്കാർക്കും സമീപ വ്യാപാരികൾക്കും ഭീഷണിയായിട്ടുണ്ട്. റോഡിന്റെ ഒരുവശം മുതൽ ജീർണിച്ച അജൈവ മാലിന്യങ്ങളും കൂടിക്കിടക്കുകയാണ്.
കോടിമതയിലെ മുഖ്യ മാലിന്യസംസ്കരണ കേന്ദ്രത്തിന് സമീപത്തും പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ വലിച്ചെറിഞ്ഞ നിലയിലാണ്. റോഡിന്റെ വശങ്ങളിലും സമീപത്തെ പാടത്തും തെർമോക്കോളും ഉണക്കമീൻ കൊണ്ടുവന്ന പായകളും മറ്റും ഉപേക്ഷിച്ച നിലയിലാണ്. ഇവയുടെ കൂട്ടത്തിൽ ഡയപ്പറുകളും നാപ്കിനുകളും ഭക്ഷ്യാവശിഷ്ടങ്ങളുമുണ്ട്.
വേനലായതോടെ സമീപത്തെ തോടിൽ വെള്ളം വറ്റിയ നിലയിലാണ്. ഈ തോട്ടിലും പ്ലാസ്റ്റിക്, അജൈവ മാലിന്യങ്ങൾ വലിച്ചെറിഞ്ഞിട്ടുണ്ട്. രാത്രിയിലാണ് മാലിന്യംതള്ളൽ അധികവും നടക്കുന്നത്. നഗരസഭയിൽ മാലിന്യമുക്ത പദ്ധതികൾ നടക്കുന്നുണ്ടെങ്കിലും മാലിന്യം തള്ളലിന് കുറവില്ലെന്നാണ് പൊതുജനങ്ങളുടെ ആക്ഷേപം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.