ജല അതോറിറ്റി എൻ.ഒ.സി നൽകി; കോട്ടയത്ത് വിസർജ്യ ശുചീകരണ പ്ലാന്റ്
text_fieldsകോട്ടയം: മനുഷ്യവിസർജ്യ ശുചീകരണ പ്ലാന്റിനായി സ്ഥലം വിട്ടുനൽകി വാട്ടർ അതോറിറ്റി. മാങ്ങാനത്ത് വാട്ടർ അതോറിറ്റിയുടെ പൈപ്പ് യാർഡിലെ 97 സെന്റാണ് വിട്ടുനൽകിയത്. ഇതിനായുള്ള എൻ.ഒ.സി സർക്കാറിന് ഇവർ കൈമാറി. ഇതോടെ പ്ലാന്റിന്റെ വിശദമായ പദ്ധതിരേഖ തയാറാക്കാനുള്ള നടപടികളിലേക്ക് ശുചിത്വമിഷൻ കടന്നു.
എല്ലാ നഗരങ്ങളിലും ശുചീകരണ പ്ലാന്റ് നിർമിക്കണമെന്ന് ദേശീയ ശുചിത്വ മിഷൻ നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നഗരത്തിൽ പ്ലാന്റ് സ്ഥാപിക്കുന്നത്. ജില്ല പഞ്ചായത്താകും പദ്ധതി നടപ്പാക്കുക. ഇതിനായുള്ള നടപടികളും ആരംഭിച്ചു. ജല അതോറിറ്റിക്കോ സ്വകാര്യ കമ്പനിക്കോ ആകും നടത്തിപ്പ് ചുമതല. പ്ലാന്റ് പൂർത്തിയാക്കിയശേഷം ടെൻഡറിലൂടെയാകും നടത്തിപ്പ് എജൻസിയെ കണ്ടെത്തുക.
പ്രതിദിനം 50-100 കിലോ ലിറ്റർവരെ സംസ്കരിക്കാൻ കഴിയുന്നതാകും പ്ലാൻറ്. ജനസാന്ദ്രതയുള്ള നഗരങ്ങളിലെ വിസർജ്യം ശാസ്ത്രീയമായി വേർതിരിച്ച് ജലവും മണ്ണിര കമ്പോസ്റ്റുമാക്കി മാറ്റാനാണ് പ്ലാന്റ്. മാലിന്യങ്ങളിൽ ഭൂരിഭാഗവും ജലമായി മാറും. ഇത് ചെടി നനക്കുന്നതടക്കമുള്ള ആവശ്യങ്ങൾക്കായി ഉപയോഗിക്കും. അവശേഷിക്കുന്ന ചെറിയ അളവിലുള്ള ഖരമാലിന്യമാകും കമ്പോസ്റ്റാക്കുക.
ജില്ലയിലെ പല പൊതു ജലാശയങ്ങളും മനുഷ്യ വിസര്‍ജ്യത്താല്‍ മലിനമാണെന്ന് കണ്ടെത്തിയിരുന്നു. ജലാശയങ്ങളില്‍ കോളിഫോം ബാക്ടീരിയയുടെ അളവ് ഉയർന്ന തോതിലാണെന്നും പഠനങ്ങളിൽ തെളിഞ്ഞിരുന്നു. ശൗചാലയ മാലിന്യം ജലാശയങ്ങളിൽ തള്ളുന്നതാണ് കാരണം. ഇതിന് പരിഹാരമായാണ് മാലിന്യം ശേഖരിച്ച് സംസ്കരിക്കാനുള്ള പ്ലാന്റുകൾ സ്ഥാപിക്കാൻ ശുചിത്വ മിഷൻ തുക അനുവദിക്കുന്നത്.
നിലവിൽ സെപ്റ്റിക് ടാങ്കുകളിൽനിന്നുള്ള മാലിന്യം ഏറ്റെടുക്കുന്ന ഏജൻസികൾ രാത്രിയിൽ ഇവ ജലാശയങ്ങളിലും ഓടകളിലും തള്ളുന്നത് പതിവാണ്. ഇതിന് പരിഹാരമായാണ് പ്ലാന്റ്. ഇത്തരം ഏജൻസികൾക്ക് മാലിന്യം പ്ലാൻറിൽ എത്തിച്ച് സംസ്കരിക്കാനായി നൽകാനാകും. ഇതിനായി നിശ്ചിത ഫീസ് പ്ലാന്റിൽ നൽകേണ്ടിവരും. പ്ലാൻറ് പൂർണതോതിൽ പ്രവർത്തനസജ്ജമാകുന്നതോടെ മാലിന്യം റോഡിലും മറ്റും തള്ളുന്ന സ്ഥിതിക്ക് മാറ്റം വരുമെന്നാണ് പ്രതീക്ഷ.
സെപ്റ്റിക് ടാങ്കുകള്‍ മൂന്നു വര്‍ഷത്തില്‍ ഒരിക്കലെങ്കിലും ശുചീകരിക്കണമെന്ന് ശുചിത്വ മിഷൻ അധികൃതർ പറയുന്നത്. നിലവിൽ ഇത് നടക്കുന്നില്ല. ട്രീറ്റ്മെന്റ് പ്ലാന്റ് പ്രവർത്തനം തുടങ്ങുന്നതോടെ വിസര്‍ജ്യാവശിഷ്ടം ശേഖരിച്ച് ശാസ്ത്രീയരീതിയില്‍ സംസ്കരിക്കാന്‍ സാധിക്കും.
നിലവിൽ എരുമേലിയിൽ ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിലും കുമരകം കവണാറ്റിൻകരയിൽ ടൂറിസം വകുപ്പിന്റെ കീഴിലും ട്രീറ്റ്മെന്റ് പ്ലാൻറുകൾ പ്രവർത്തിക്കുന്നുണ്ട്. പുതിയതായി പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഏരുമേലിയിൽ ഒരുപ്ലാന്റിന്റെ നിർമാണം കൂടി ആരംഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.