ജല മലിനീകരണം കൂടുന്നു; വേമ്പനാട്ട് കായലിൽ ചങ്ങാതിത്തുമ്പി വ്യാപകം
text_fieldsകോട്ടയം: വേമ്പനാട്ട് കായലിൽ എല്ലായിടത്തും ചങ്ങാതിത്തുമ്പിയുടെ സാന്നിധ്യം കണ്ടെത്തി. മലിനമായ ജലാശയങ്ങളിൽ കാണപ്പെടുന്ന ഇനം തുമ്പിയാണിത്. കായലിൽ ജലമലിനീകരണം രൂക്ഷമായതിന്റെ തെളിവാണിതെന്ന് സർവേ ഫലം. സംസ്ഥാന വനം വകുപ്പ് സാമൂഹിക വനവത്കരണ വിഭാഗവും ട്രോപ്പിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിക്കൽ സയൻസസും സംയുക്തമായാണ് കായലോര മേഖലയിൽ 60 കിലോമീറ്റർ ദൂരത്തിൽ 14 സ്ഥലത്തായി സർവേ നടത്തിയത്. വേമ്പനാട്ട് കായൽ പ്രദേശത്തെ പാരിസ്ഥിതിക മാറ്റങ്ങൾക്ക് അനുസൃതമായി തുമ്പികളുടെ വൈവിധ്യത്തിലും മാറ്റം വന്നിട്ടുണ്ട്. 30 ഇനം തുമ്പികളെയാണ് സർവേയിൽ കണ്ടെത്തിയത്.
വൈക്കം, കുമരകം മേഖലയിൽ സൂചിത്തുമ്പി ഇനത്തിൽപെട്ട കരിയില തുമ്പി, കല്ലൻതുമ്പി ഇനത്തിൽപെട്ട കരിമ്പൻ പരുന്തൻ എന്നീ അപൂർവമായ ഇനങ്ങളെയും കണ്ടെത്തി. 19 ഇനം കല്ലൻ തുമ്പികളിൽ മലിനീകരിക്കപ്പെട്ട ജലാശയങ്ങളുടെ സൂചനയായ ചങ്ങാതിത്തുമ്പി എല്ലാ സ്ഥലങ്ങളിലുമുണ്ടായിരുന്നു. ചതുപ്പുകളിലും നാട്ടിൻപുറങ്ങളിലും സാധാരണമായ നാട്ടുപൂത്താലി, ശലഭ തുമ്പി, സ്വാമി തുമ്പി, വയൽ തുമ്പി എന്നിവയെ എല്ലാ സ്ഥലങ്ങളിലും കാണാനായി. കായൽ സംരക്ഷണത്തിനായുള്ള അന്താരാഷ്ട്ര ഉടമ്പടിയായ റംസാർ സംരക്ഷണത്തിൽ ഉൾപ്പെട്ട വേമ്പനാട്ട് കായൽ പ്രദേശത്തെ ജലമലിനീകരണം തടഞ്ഞ് പ്രകൃതി സംരക്ഷണ പ്രവർത്തനം നടപ്പാക്കണമെന്ന് പഠനം പറയുന്നു.
അസി. കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ഷാൻട്രി ടോം, ഡോ. കെ. എബ്രഹാം സാമുവൽ, പി. മനോജ്, രഞ്ജിത് ജേക്കബ് മാത്യൂസ്, ഷോൺ പോൾ, ഗീത പോൾ, വിനയൻ പി. നായർ, ടോണി ആന്റണി, അമൃത വി. രഘു, ഷിബി മോസസ്, എം.എൽ. അജയകുമാർ, ശരത് ബാബു, ഡോ. പുന്നൻ കുര്യൻ, അനൂപ മാത്യൂസ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.