മലമേൽക്കാവിൽ കുടിവെള്ളം കിട്ടാക്കനി
text_fieldsകോട്ടയം: വേനൽക്കാലം ആരംഭിക്കുംമുമ്പേ കുടിവെള്ളത്തിന് വേണ്ടിയുള്ള നെട്ടോട്ടത്തിലാണ് പനച്ചിക്കാട് പഞ്ചായത്തിലെ നാലാം വാർഡായ മലമേൽക്കാവ് നിവാസികൾ. പഞ്ചായത്തിലെ 23 വാർഡുകളിൽ മലമേൽക്കാവിലാണ് കുടിവെള്ള ക്ഷാമം രൂക്ഷം. കുടിവെള്ള ക്ഷാമം നേരിടാൻ പഞ്ചായത്ത് വിവിധ പദ്ധതികൾ നടപ്പാക്കിയെങ്കിലും പ്രദേശം അവഗണിക്കപ്പെട്ടതായാണ് നിവാസികളുടെ ആക്ഷേപം. 300ഓളം കുടുംബങ്ങളാണ് കുടിവെള്ള പ്രശ്നം നേരിടുന്നത്. കടുത്ത വരൾച്ച നേരിടുന്ന സന്ദർഭങ്ങളിൽ പ്രാഥമികാവശ്യങ്ങൾക്കുപോലും വെള്ളം വിലകൊടുത്തു വാങ്ങേണ്ട അവസ്ഥയിലാണ്.
കുടിവെള്ള ലോബി തോന്നുംപടിയാണ് വെള്ളത്തിന് വില ഈടാക്കുന്നത്. ജൽ ജീവൻ മിഷൻ പദ്ധതി പഞ്ചായത്തിൽ ആരംഭിച്ചിട്ട് ഒന്നരവർഷമായി. എന്നാൽ, പദ്ധതി സംബന്ധിച്ച് ഒരു പ്രവർത്തനവും മലമേൽക്കാവിൽ ആരംഭിച്ചിട്ടില്ല. മറ്റ് വാർഡുകളിൽ പദ്ധതിയുടെ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നുണ്ട്.
വിഷയം ബന്ധപ്പെട്ട അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയിട്ടും ഇതുവരെ നടപടിയായില്ല. ഗ്രാമസഭയിൽ മിനിറ്റ്സ് രേഖപ്പെടുത്താനും സാധിച്ചിട്ടില്ല. കുടിവെള്ളം ലഭ്യമാക്കാൻ പ്രദേശവാസികൾ ജനകീയസമിതി രൂപവത്കരിച്ചു. കുടിവെള്ള ക്ഷാമത്തിന് പരിഹാരം കണ്ടില്ലെങ്കിൽ പഞ്ചായത്ത് ഓഫിസ് ഉപരോധം ഉൾപ്പെടെയുള്ള സമരപരിപാടികൾ ആരംഭിക്കാനുള്ള തയാറെടുപ്പിലാണ് ജനകീയസമിതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.