പ്രവർത്തനം നിലച്ച് കുമരകം വലിയമട ടൂറിസം പദ്ധതി
text_fieldsകോട്ടയം: കുമരകം വലിയമടയിൽ 4.85 കോടി രൂപ മുടക്കി നിർമിച്ച വാട്ടർ ടൂറിസം പദ്ധതി പ്രവർത്തനം നിലച്ചു. ആറുമാസം മുമ്പ് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്ത പദ്ധതിയാണ് തുടക്കത്തിലേ സ്തംഭനാവസ്ഥയിലായത്. വൈദ്യുതി ചാർജ് അടക്കാത്തതിനെ തുടർന്ന് കെ.എസ്.ഇ.ബി വൈദ്യുതി വിച്ഛേദിച്ചതോടെ പദ്ധതി നാശത്തിലേക്ക് നീങ്ങുകയാണ്. അയ്മനം പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള 5.5 ഏക്കർ വരുന്ന വലിയമടക്കുളത്തിൽ അഞ്ചുകോടി രൂപ ചെലവിലാണ് ഡി.ടി.പി.സി വാട്ടർ ഫ്രണ്ട് ടൂറിസം പദ്ധതി നടപ്പാക്കിയത്.
കളർമ്യൂസിക് വാട്ടർ ഫൗണ്ടൻ, ഫ്ലോട്ടിങ് റസ്റ്റാറന്റ്, ഫ്ലോട്ടിങ് വാക് വേ, പെഡൽ ബോട്ടിങ്, റെയിൻ ഷട്ടർ, ഇരിപ്പിടങ്ങൾ, കുട്ടികൾക്കുള്ള കളിയിടം, സൈക്ലിങ് ഏരിയ, പൂന്തോട്ടം തുടങ്ങിയവ ഒരുക്കിയിരുന്നു.
പൊതുമേഖല സ്ഥാപനമായ കെല്ലിനായിരുന്നു നിർമാണച്ചുമതല. ഡി.ടി.പി.സി നല്ലരീതിയിൽ പ്രവർത്തനം തുടങ്ങിയെങ്കിലും വൈദ്യുതി ചാർജ്, നടത്തിപ്പ് ചെലവ് തുടങ്ങിയവക്കുള്ള വരുമാനം കണ്ടെത്താനും അതിന് വേണ്ട പദ്ധതികൾ ആവിഷ്കരിക്കാൻ കഴിയാത്തതുമാണ് പ്രവർത്തനം തുടരാൻ വിഘാതമാകുന്നത്. ലഭിക്കുന്ന വരുമാനത്തിന്റെ 75 ശതമാനം വരെ പഞ്ചായത്തിന് നൽകണമെന്നതും ഡി.ടി.പി.സിയെ പിന്നോട്ടുവലിക്കുന്നു. കോടികൾ മുടക്കി പദ്ധതി തുടങ്ങിയെങ്കിലും വാഹന പാർക്കിങ്ങിന് വേണ്ടത്ര സൗകര്യം ഒരുക്കാനും അവിടേക്കുള്ള തകർന്ന റോഡ് നന്നാക്കാനും കഴിഞ്ഞിട്ടില്ല. ഒട്ടേറെ റിസോർട്ടുകൾ ഉള്ള ഇവിടേക്ക് വൈകുന്നേരങ്ങളിൽ കാഴ്ചക്കാരെ ആകർഷിക്കാനായാൽ മികച്ച ടൂറിസം കേന്ദ്രമായി മാറ്റാനാവും.
കേസെടുത്ത് ലീഗൽ സർവിസസ് അതോറിറ്റി
കോട്ടയം: കുമരകം വലിയമട ടൂറിസം പദ്ധതി പ്രവർത്തനം നിലച്ചതിനെതിരെ ലീഗൽ സർവിസസ് അതോറിറ്റി കേസെടുത്തു. പാരാലീഗൽ വളന്റിയർമാരായ പി.എസ്. ഫൈസൽ, ടി.വി. ബോസ് എന്നിവരാണ് പരാതി നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.