കരുണയുടെ കരങ്ങൾ നീട്ടി കോട്ടയം
text_fieldsകോട്ടയം: വയനാട് ഉരുൾ ദുരിതബാധിതരെ ചേർത്തുനിർത്താൻ കോട്ടയവും. വയനാട്ടിലേക്ക് ആവശ്യമായ സാധനങ്ങൾ ശേഖരിക്കാൻ ജില്ലയിൽ 30ഓളം കലക്ഷൻ സെന്ററുകൾ തുറന്നു. ജില്ല ഭരണകൂടം, സന്നദ്ധസംഘടനകൾ, വിവിധ കൂട്ടായ്മകൾ എന്നിവയുടെ നേതൃത്വത്തിലാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ആവശ്യസാധനങ്ങൾ സംഭരിക്കാൻ കേന്ദ്രങ്ങൾ തുറന്നത്.
ഈരാറ്റുപേട്ട-കാഞ്ഞിരപ്പള്ളി റൂട്ടിൽ സർവിസ് നടത്തുന്ന നാല് സ്വകാര്യ ബസുകൾ ബുധനാഴ്ചത്തെ ടിക്കറ്റ് വരുമാനം വയനാട് ദുരിതബാധിതർക്ക് നൽകുമെന്ന് അറിയിച്ചു. ബസിന് മുന്നിൽ പ്രത്യേക ബാനർ കെട്ടിയായിരുന്നു ഇവർ സർവിസ് നടത്തിയത്.
ജില്ല ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ആവശ്യസാധനങ്ങൾ സംഭരിക്കൻ കോട്ടയം ബസേലിയസ് കോളജിലാണ് കലക്ഷൻ സെന്റർ ആരംഭിച്ചത്.
ഈരാറ്റുപേട്ട നഗരസഭയുടെ നേതൃത്വത്തിലും കലക്ഷൻ സെന്റർ തുറന്നു. എ.ഐ.വൈ.എഫ്, യൂത്ത് കോൺഗ്രസ്, എസ്.എഫ്.ഐ, ബി.ജെ.പി, വിവിധ ക്ലബുകൾ, ഭക്തസംഘടനകൾ, വിവിധ വാട്ട്സ്ആപ്, ഫേസ്ബുക്ക് കൂട്ടായ്മകൾ എന്നിവരുടെ നേതൃത്വത്തിലും വയനാടിനെ ചേർത്തുനിർത്താനുള്ള പ്രവർത്തനം തുടങ്ങി.
കരുതലൊരുക്കി ബസ് ഉടമകളും
ഈരാറ്റുപേട്ട: വയനാട്ടിലെ ദുരിതബാധിതർക്ക് കരുതലുമായി സ്വകാര്യ ബസ് ഉടമകളും ജീവനക്കാരും. ബുധനാഴ്ച കാഞ്ഞിരപ്പള്ളി-പാലാ റൂട്ടുകളികളിൽ സർവിസ് നടത്തിയ അഞ്ചോളം ബസിലെ കലക്ഷൻ തുകയാണ് ദുരന്തബാധിതർക്കായി സ്വരൂപിച്ചത്.
അൽഅമീൻ, ഫാത്തിമ, ആമീസ്, വെൽകം, ഗ്ലോബൽ ബസുകളുടെ ഉടമകളാണ് ബുധനാഴ്ച നടത്തിയ സർവിസിലൂടെ ലഭിച്ച കലക്ഷൻ തുക വയനാടിന് കരുതലായി മാറ്റിവെച്ചത്. ബസ് ജീവനക്കാരുടെ ശമ്പളത്തുകയിൽനിന്നുള്ള ഒരുഭാഗവും ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകി. ബസ് ഉടമകൾക്ക് സഹകരണവുമായി വിദ്യാർഥികളും പങ്കുചേർന്നു. എം.ഇ.എസ് കോളജിലെ എൻ.എസ്.എസ് വളന്റിയർമാരും അൽമനാർ പബ്ലിക് സ്കൂളിലെ വിദ്യാർഥികളും ദുരിതബാധിതർക്കായി സഹകരിച്ചു.
സലിം വെളിയത്ത്, ഷെമീർ, നസീർ, യൂസഫ്, ജൂബിലി ജേക്കബ്, മാഹീൻ റഹീം എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.