ഞങ്ങളും മനുഷ്യരാണ്
text_fieldsകോട്ടയം: ‘മരിക്കുന്നതിനുമുമ്പ് ശുദ്ധവായു ശ്വസിക്കണം. ഞങ്ങളുടെ മക്കൾക്കെങ്കിലും നല്ല ജീവിതമുണ്ടാവണം. മഴക്കാലത്ത് ഭക്ഷണം കഴിക്കാൻപോലും കഴിയില്ല. ഈച്ചശല്യം കാരണം. ഈ വീടുകളിൽ വന്നാൽ ആരും വെള്ളംപോലും കുടിക്കാത്ത അവസ്ഥയാണെന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ’. കാർമൽ വില്ലയിലെ താമസക്കാരിലൊരാളായ വത്സക്ക് തങ്ങളുടെ സങ്കടം പറഞ്ഞിട്ടും തീരുന്നില്ല. ഒരുവശത്ത് മാലിന്യകേന്ദ്രം മറുവശത്ത് റബർ അരക്കുന്ന ഫാക്ടറി. രണ്ടിനുമിടയിൽ ദുർഗന്ധം സഹിച്ചുള്ള വത്സയുടെ കാർമൽ വില്ലയിലെ ജീവിതം നാൽപതാണ്ട് പിന്നിട്ടു. ഇക്കാലം കൊണ്ടു കിട്ടിയത് കടുത്ത ശ്വാസംമുട്ടലാണ്.
ഇൻഹേലറില്ലാതെ ജീവിക്കാനാവില്ല. മാലിന്യത്തിന് തീപിടിക്കുമ്പോൾ മാസങ്ങളോളം നെഞ്ചുരുകി കഷ്ടപ്പെടും. മഴക്കാലത്തെ ദുര്യോഗം വേറെ. ഇത് ദിവസങ്ങളായി വാർത്തകളിൽ നിറയുന്ന ബ്രഹ്മപുരത്തുനിന്നുള്ള കഥയല്ല. കോട്ടയത്തിന്റെ മാലിന്യകേന്ദ്രമായിരുന്ന വടവാതൂരിന് സമീപം താമസിക്കുന്ന 11 കുടുംബങ്ങളുടെ ജീവിതമാണ്.
നഗരത്തിലെ നായ്ക്കൾപോലും താമസിക്കാനറക്കുന്ന സ്ഥലമെന്നാണ് ഈ കുടുംബങ്ങളെല്ലാം അവരവരുടെ വീടുകളെ വിശേഷിപ്പിക്കുന്നത്. അത്രക്കും ദയനീയമാണ് കാർമൽ വില്ലയിലെ കാഴ്ചകൾ. പകുതിയിലേറെ തകർന്ന വീടുകളിൽ നിവൃത്തികേടുകൊണ്ടുമാത്രം കഴിയുകയാണ് ഈ മനുഷ്യർ. രണ്ടു വീടുകളിൽ മാനസിക ദൗർബല്യമുള്ളവരുണ്ട്. ഇവിടേക്ക് പെൺകുട്ടികളെ അയക്കാൻ ആരും തയാറാവാത്തതുകൊണ്ട് യുവാക്കൾക്ക് വിവാഹം ശരിയാവുന്നില്ല.
വേറെ വഴിയില്ലാത്തതിനാൽ കല്യാണത്തിനുവേണ്ടിമാത്രം വാടകക്ക് താമസം മാറിയവരുണ്ട്. മാലിന്യ കേന്ദ്രത്തിലെ തൊഴിലാളികളെ താമസിപ്പിക്കാനായാണ് സമീപം 11 വീടുകൾ നഗരസഭ നിർമിച്ചത്. ഇവർ ഒഴിഞ്ഞുപോയപ്പോൾ 1982ൽ മൗണ്ട് കാർമൽ കോൺവെന്റ് അഗതികളെ പാർപ്പിക്കാൻ സ്ഥലം വാടകക്കെടുത്തു. അന്നുമുതലാണ് ഇത് കാർമൽ വില്ലയായത്. 15 രൂപയായിരുന്നു വാടക. ഒറ്റ കെട്ടിടത്തിൽ രണ്ടുവീടുകളായാണ് നിർമിതി. കാലപ്പഴക്കം വന്നതിനാൽ പല വീടുകളും ഇടിഞ്ഞുപൊളിഞ്ഞു. ചോർന്നൊലിക്കുന്ന വീടുകളിൽ അടിസ്ഥാന സൗകര്യങ്ങളില്ല. ഒരു വീട്ടിലെ കക്കൂസ് പൈപ്പ് കേടായാൽ എല്ലാ വീടുകളും പ്രതിന്ധിയിലാകും. കിണറില്ല, പൈപ്പുവെള്ളമാണ് ആശ്രയം. കുടിവെള്ളം സമീപത്തെ വീട്ടിലെ കിണറ്റിൽ നിന്നെടുക്കും. ഒരു മഴക്കാലംകൂടി ഇടിഞ്ഞുപൊളിഞ്ഞ ഈ വീടുകൾ അതിജീവിക്കുമോ എന്ന കാര്യം സംശയമാണ്.
പട്ടയം കിട്ടിയില്ല
2017ലെ ജനകീയം അദാലത്തിൽ സോണിയ പട്ടയത്തിന് അപേക്ഷ നൽകിയിരുന്നു. എന്നാൽ, സരഭ എൻ.ഒ.സി നൽകാത്തതിനാൽ ഒന്നും നടന്നില്ല. ഇവരുടെ കരാർ കാലാവധി കഴിഞ്ഞതാണെന്നും മാറുന്നില്ലെന്നുമാണ് നഗരസഭയുടെ നിലപാട്. നഗരസഭക്ക് ഖരമാലിന്യ പ്ലാന്റ് സ്ഥാപിക്കാൻ ഈ സ്ഥലം വേണമെന്നും അതിനാൽ പട്ടയം നൽകാനാവില്ലെന്നും അധികൃതർ അറിയിച്ചു. 2020ൽ നഗരസഭ ഇവർക്ക് കുടിയൊഴിപ്പിക്കൽ നോട്ടീസ് നൽകി. പനച്ചിക്കാടാണ് ഇവരെ പുനരധിവസിപ്പിക്കാൻ സ്ഥലം കണ്ടെത്തിയിരിക്കുന്നത്.
ഫലത്തിൽ നഗരസഭക്കും പഞ്ചായത്തിനും വേണ്ടാത്തവരാണ് കാർമൽ വില്ലക്കാർ. നഗരസഭയുടെ സ്ഥലത്തുള്ള കെട്ടിടത്തിൽ ഞങ്ങൾക്കൊന്നും ചെയ്യാനില്ലെന്നാണ് പഞ്ചായത്തിന്റെ നിലപാട്. നഗരസഭയാവട്ടെ ഇവരെ ഒഴിപ്പിക്കാനുള്ള തിരക്കിലും.പട്ടയമില്ലാത്തതിനാൽ പഞ്ചായത്തിന്റെ ആനുകൂല്യങ്ങളൊന്നും ഇവർക്ക് ലഭ്യമല്ല. എന്തുവന്നാലും മെച്ചപ്പെട്ട സൗകര്യമില്ലാത്ത സ്ഥലത്തേക്ക് മാറില്ലെന്ന് കാർമൽ വില്ലക്കാർ ഉറപ്പിച്ചുപറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.