നെല്ല് കരക്കെത്തും; പോള നീക്കാൻ നടപടി
text_fieldsകോട്ടയം: കാത്തിരിപ്പിനൊടുവിൽ തോടുകളിൽ നിറഞ്ഞ പോള നീക്കാൻ നടപടി. കാഞ്ഞിരം മുതൽ തിരുവാർപ്പ് വരെയുള്ള ഭാഗത്തെ പോളകൾ നീക്കാനുള്ള ജോലികൾക്ക് തുടക്കമായി. മൈനർ ഇറിഗേഷൻ വകുപ്പിന്റെ നേതൃത്വത്തിൽ ജെ.സി.ബി ഉപയോഗിച്ചാണ് പോളവാരൽ. 10 ദിവസംകൊണ്ട് പോളയും പായലും നീക്കാനാണ് തീരുമാനം. ഇതിനായി 10 ലക്ഷം രൂപയാണ് അനുവദിച്ചത്. അവധിയായതിനാൽ വെള്ളി, ശനി ദിവസങ്ങളിൽ ജോലികൾ തടസ്സപ്പെട്ടിരുന്നു. തിങ്കളാഴ്ച മുതൽ ജോലികൾ പുനരാരംഭിക്കുമെന്ന് തിരുവാർപ്പ് പഞ്ചായത്ത് പ്രസിഡന്റ് അജയൻ കെ. മേനോൻ പറഞ്ഞു. നെല്ലുമായി എത്തുന്ന വള്ളങ്ങൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന അയ്മനം ഭാഗത്തേക്കുള്ളതും ഇതിനൊപ്പം മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.
പുഞ്ച കൊയ്ത്തിന് തുടക്കമായിരിക്കെ, പാടശേഖരങ്ങളോട് ചേർന്ന തോടുകളിലെ പോള കർഷകരിൽ ആശങ്ക സൃഷ്ടിച്ചിരുന്നു. തിരുവാർപ്പ് പഞ്ചായത്തിലെ വിവിധ പാടശേഖരങ്ങളിലേക്ക് വള്ളത്തിൽ മാത്രമാണ് എത്താൻ കഴിയുന്നത്. ഈ പാടശേഖരങ്ങളിൽ നിന്ന് കൊയ്തെടുക്കുന്ന നെല്ല് എങ്ങനെ കരയിലേക്ക് എത്തിക്കുമെന്നതായിരുന്നു ഇവരെ അങ്കലാപ്പിലാക്കിയത്. ഏറെ ബുദ്ധിമുട്ടിയാണ് പോളകൾക്കിടയിലൂടെ കർഷകർ വള്ളങ്ങളിൽ സഞ്ചരിക്കുന്നത്. വള്ളങ്ങളിൽ നെല്ല് കൂടി കയറ്റിയാൽ, ഒരടിപോലും മുന്നോട്ട് നീങ്ങാൻ കഴിയാത്ത സ്ഥിതിയാകുമെന്നും കർഷകർ ചൂണ്ടിക്കാട്ടിയിരുന്നു. പ്രശ്നപരിഹാരമുണ്ടായില്ലെങ്കിൽ വിളവെടുപ്പ് സ്തംഭനത്തിലാകുമെന്ന് കാട്ടി ഇവർ പഞ്ചായത്തിനെയും സമീപിച്ചു. തുടർന്ന് വിഷയം പഞ്ചായത്ത് അധികൃതർ മന്ത്രി വി.എൻ. വാസവന്റെ ശ്രദ്ധയിൽകൊണ്ടുവരികയായിരുന്നു. ഇതിന്റെ തുടർച്ചയായിട്ടാണ് മൈനർ ഇറിഗേഷൻ വകുപ്പിന്റെ ഇടപെടൽ.
തിരുവാർപ്പ് ഗ്രാമപഞ്ചായത്തിൽ ജെ ബ്ലോക്ക് ഒമ്പതിനായിരം, പുതിയേരി, നടുവിലെ പാടം, എം.എൻ. ബ്ലോക്ക്, മാരകം കായൽ, വെട്ടിക്കാട്ട് തുടങ്ങി വിവിധ പാടശേഖരങ്ങളിലായി 9,000 ഹെക്ടറിൽ അധികമാണ് നെൽകൃഷി.. കോട്ടയം-ആലപ്പുഴ ജലപാതയിലെ കാഞ്ഞിരം മുതൽ പോളകൾ നിറഞ്ഞിരിക്കുകയാണ്. പഴുക്കാൻമല കായലിലും പോള തിങ്ങിനിറഞ്ഞു. ഇതുമൂലം ബോട്ടുകൾക്ക് യാത്രക്ക് ഏറെ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. പോളയിലൂടെ തുടർച്ചയായി സഞ്ചരിക്കുന്നത് ബോട്ടുകൾക്ക് കേടുപാട് സംഭവിക്കാൻ ഇടയാക്കുന്നതായും ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.