പാലിയേറ്റിവ് കെയർ സ്ഥാപനങ്ങൾക്കും ഇനി ക്ഷേമപദവി
text_fieldsകോട്ടയം: ക്ഷേമസ്ഥാപനങ്ങൾക്കുള്ള ആനുകൂല്യങ്ങൾ ഇനി കനിവിന്റെ തുരുത്തുകൾ തീർക്കുന്ന പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ ക്ലിനിക്കുകൾക്കും. ഇതിനായി ഇത്തരം ക്ലിനിക്കുകൾക്കും രജിസ്ട്രേഷൻ നൽകാൻ ഓർഫനേജ് കൺട്രോൾ ബോർഡ് തീരുമാനിച്ചു. ഇതിനുപിന്നാലെ, 24 സ്ഥാപനങ്ങൾ രജിസ്ട്രേഷൻ സ്വന്തമാക്കി.
ഓർഫനേജ് കൺട്രോൾ ബോർഡിന്റെ രജിസ്ട്രേഷനുള്ള ക്ഷേമസ്ഥാപനങ്ങൾക്ക് സർക്കാർ നൽകുന്ന ആനുകൂല്യങ്ങൾ ഇനി ഇവക്കും ലഭിക്കും. സൗജന്യ സേവനമെന്ന നിലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കാവും ഇത്തരം ആനുകൂല്യങ്ങൾ. വൈദ്യുതി, കുടിവെള്ളം, കെട്ടിടനികുതി അടക്കമുള്ളവയിൽ ബോർഡിന്റെ അംഗീകാരമുള്ള സ്ഥാപനങ്ങൾക്ക് ഇളവുണ്ട്. ഒപ്പം റേഷൻ ആനുകൂല്യങ്ങളും ലഭിക്കും.
പൊതുജനങ്ങളിൽനിന്ന് സഹായം സ്വീകരിച്ചാണ് ഭൂരിഭാഗം പാലിയേറ്റിവ് സെന്ററുകളും പ്രവർത്തിക്കുന്നത്. കോവിഡ് കാലത്ത് സഹായങ്ങൾ നിലച്ചത് ഇവരെ പ്രതിസന്ധിയിലാഴ്ത്തിയിരുന്നു. ഓരോ മാസവും ചികിത്സ, മരുന്നുകളടക്കം ലക്ഷങ്ങളാണ് ഓരോ പാലിയേറ്റിവ് കെയർ സ്ഥാപനങ്ങൾക്കും ചെലവാകുന്നത്. ഇതോടെയാണ് ഇത്തരം സ്ഥാപനങ്ങൾക്കും ക്ഷേമസ്ഥാപനങ്ങൾക്കുമുള്ള ആനുകൂല്യങ്ങൾ ലഭ്യമാക്കാൻ ഓർഫനേജ് കൺട്രോൾ ബോർഡ് തീരുമാനിച്ചത്.
കിടപ്പുരോഗികളുടെ ചികിത്സയും പരിചരണവും ഏറ്റെടുക്കാൻ സന്നദ്ധ സംഘടനകളുൾപ്പെടെ കൂടുതൽപേർ മുന്നോട്ടുവരുന്ന സാഹചര്യത്തിൽ പ്രോത്സാഹനമെന്ന നിലയിൽക്കൂടിയാണ് രജിസ്ട്രേഷൻ നൽകാൻ ബോർഡ് തീരുമാനിച്ചത്.
പണം വാങ്ങി പ്രവർത്തിക്കുന്നവക്കും രജിസ്ട്രേഷൻ നൽകുമെങ്കിലും പ്രവർത്തനം സൗജന്യമല്ലെന്ന് സർട്ടിഫിക്കറ്റിൽ പ്രത്യേകം രേഖപ്പെടുത്തും. ഓർഫനേജ് കൺട്രോൾ ബോർഡിന്റെ പ്രവർത്തനങ്ങൾ വിപുലീകരിക്കാനും ബോർഡ് തീരുമാനിച്ചു. പ്രവർത്തനങ്ങളിലെ കാലോചിത മാറ്റങ്ങൾക്ക് ഇക്കാര്യം പഠിക്കാൻ സമിതിയെ നിയോഗിക്കും. ഇത് സർക്കാറിന്റെ അനുമതിക്കായി സമർപ്പിച്ചിരിക്കുകയാണ്. നിലവിൽ തിരുവനന്തപുരത്താണ് ബോർഡ് ആസ്ഥാനം.
ഇതിനൊപ്പം മേഖല ഓഫിസുകൾ തുറക്കുന്നതും ജില്ലതലങ്ങളിൽ സ്ഥാപനങ്ങളുടെ പരിശോധനക്ക് അടക്കം സംവിധാനങ്ങൾ ഒരുക്കുന്നതും പരിഗണനയിലാണ്. നിലവിൽ സംസ്ഥാനത്ത് 1996 ക്ഷേമസ്ഥാപനങ്ങളാണുള്ളത്. ഇതിൽ 816 എണ്ണം കുട്ടികളുടെ സംരക്ഷണത്തിനുള്ളവയും 626 ഓൾഡേജ് ഹോമുകളുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.