എവിടെ റെയിൽവേ പൊലീസും സുരക്ഷസേനയും ?
text_fieldsകോട്ടയം: ട്രെയിനിൽ ക്രൂരപീഡനത്തിനിരയായി സൗമ്യ എന്ന പെൺകുട്ടി കൊല്ലപ്പെട്ടിട്ട് വർഷങ്ങൾ പിന്നിട്ടെങ്കിലും ട്രെയിൻ യാത്ര ഇപ്പോഴും സ്ത്രീകൾക്ക് പേടിസ്വപ്നം തന്നെ. റെയിൽവേ പൊലീസും സുരക്ഷസേനയും ഉണ്ടായിട്ടും യഥാസമയം ആരും സഹായത്തിനെത്തുന്നില്ലെന്നതിന്‍റെ തെളിവുകളാണ് കുറച്ചുദിവസങ്ങളായി വരുന്ന വാർത്തകൾ. നീങ്ങിത്തുടങ്ങിയ തീവണ്ടിയിൽനിന്ന് ഇറങ്ങാൻ ശ്രമിക്കവെ തലയിടിച്ചുവീണ് മരിച്ച അധ്യാപികയും എറണാകുളം മുതൽ തൃശൂർ വരെ സഹയാത്രികരുടെ ഉപദ്രവം സഹിച്ച് പേടിച്ചുവിറച്ചിരുന്ന 16കാരിയും റെയിൽവേ പൊലീസിന്‍റെയും സുരക്ഷസേനയുടെയും അവഗണനയുടെ ഇരകളാണ്.
പണംമുടക്കി ടിക്കറ്റ് എടുക്കുന്ന യാത്രക്കാരോടാണ് റെയിൽവേയുടെ ജീവൻ വെച്ചുള്ള കളി. എല്ലായിടത്തും റെയിൽവേ പൊലീസിന്റെ അനാസ്ഥയാണ് കാരണമെന്ന് യാത്രക്കാർ കുറ്റപ്പെടുത്തുന്നു. ദുരന്തങ്ങൾ വിളിച്ചുവരുത്തുകയാണ് റെയിൽവേ പൊലീസ് സംവിധാനം. അതിനുശേഷം യാത്രക്കാരുടെ കണ്ണിൽ പൊടിയിടാൻ ജാഗ്രത കാണിക്കും.
വീണ്ടും എല്ലാം പഴയപോലെയാകും. കോവിഡ് പ്രതിസന്ധികളൊഴിഞ്ഞ് ട്രെയിൻ ഗതാഗതം പഴയപടിയായിത്തുടങ്ങി. റെയിൽവേ സ്റ്റേഷനുകളിൽ തിരക്ക് വർധിച്ചു. യാത്രക്കാരും കൂടി. ഇനിയെങ്കിലും അതിനനുസരിച്ച് സുരക്ഷ സംവിധാനങ്ങൾ ഒരുക്കണം. റെയിൽവേയുടെ ഭാഗത്തുനിന്ന് കർശന നടപടി ഉണ്ടായില്ലെങ്കിൽ ഇനിയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കും.
രണ്ടുമണിക്കൂര്‍, പേടിച്ചുവിറച്ച് ആ പെൺകുട്ടി
രാത്രി 7.50ന് ഗുരുവായൂരിലേക്കുള്ള സ്‌പെഷല്‍ ട്രെയിന്‍ എറണാകുളം സൗത്ത് ജങ്ഷനില്‍നിന്ന് പുറപ്പെട്ടപ്പോഴാണ് പെണ്‍കുട്ടിക്കുനേരെ അതിക്രമമുണ്ടായത്. ട്രെയിനില്‍ കയറിയ ഉടന്‍ മകളുടെ മടിയില്‍ തലവെച്ചുകിടന്ന് പിതാവ് മയങ്ങി. നോര്‍ത്ത് സ്റ്റേഷനിലെത്തിയപ്പോഴേക്കും മകള്‍ വിളിച്ചുണര്‍ത്തി. മുന്നിലിരുന്നയാള്‍ കാലില്‍ സ്പര്‍ശിക്കാന്‍ ശ്രമിക്കുന്നതായും തുറിച്ചുനോക്കുന്നതായും മകൾ പറഞ്ഞു. പിതാവ് ഇക്കാര്യം അയാളോട് ചോദിച്ചപ്പോഴേക്കും അയാള്‍ വളരെ മോശം ഭാഷയില്‍ സംസാരിക്കാന്‍ തുടങ്ങി. പിതാവിനെ പിടിച്ചുതള്ളാനും മകളുടെ കൈയിലിരുന്ന മൊബൈല്‍ പിടിച്ചുവാങ്ങാനും ശ്രമിച്ചു.
തുടര്‍ന്ന് തൊട്ടപ്പുറത്തെ സീറ്റിലിരുന്ന അയാളുടെ സുഹൃത്തുക്കളെ വിളിച്ചുവരുത്തി. അവരും അപമര്യാദയായി പെരുമാറി. അവരെല്ലാവരും പ്രായമുള്ള ആളുകളായിരുന്നു. ബോഗിയില്‍ യാത്രക്കാര്‍ കുറവായിരുന്നു. മലപ്പുറം സ്വദേശിയായ യുവാവ് ഇവരെ സഹായിക്കാനെത്തിയെങ്കിലും അവര്‍ സംഘംചേര്‍ന്ന് മര്‍ദിച്ചു. ട്രെയിന്‍ കളമശ്ശേരി റെയില്‍വേ സ്റ്റേഷന്‍ പിന്നിട്ടതോടെ ഉപദ്രവം ആരംഭിച്ചെന്നാണ് പരാതി.
ഉപദ്രവം തുടര്‍ന്നതോടെ അച്ഛനും മകളും തൃശൂര്‍ റെയില്‍വേ പൊലീസിനെ ഫോണില്‍ വിവരമറിയിച്ചു. പൊലീസ് സംഘം കാത്തിരുന്നെങ്കിലും ഇവർ ഇതിനുമുമ്പേ ട്രെയിനില്‍നിന്ന് ഇറങ്ങി രക്ഷപ്പെട്ടിരുന്നു. ഗുരുതര ആരോപണമാണ് റെയിൽവേ പൊലീസിനെതിരെ വന്നിരിക്കുന്നത്. രണ്ടുമണിക്കൂര്‍, മകളെ ചേര്‍ത്തുപിടിച്ച് നിസ്സഹായനായി ആ പിതാവ് സഹായം കാത്തിരുന്നു.ഇടപ്പള്ളിക്കും തൃശൂരിനും ഇടയിലെ ഒമ്പത് സ്റ്റേഷനുകളിൽ ഒന്നിൽപോലും റെയിൽവേ സംരക്ഷണസേന വരുകയോ നടപടി എടുക്കുകയോ ചെയ്തില്ല. പിതാവിനും മകൾക്കും നേരെ ഭീഷണിമുഴക്കി വിവിധ സ്റ്റേഷനുകളിൽ ആ കുറ്റവാളികൾ ഇറങ്ങിപ്പോയി.
ആരാണ് ആ മുഷിഞ്ഞ വസ്ത്രധാരി
മേലുകാവ് സ്വദേശിനിയായ അധ്യാപിക ജിൻസി ജോണാണ് (37) റെയിൽവേ പൊലീസിന്റെ അനാസ്ഥക്ക് ഏറ്റവും അവസാനം ബലിയാടായത്. നീങ്ങിത്തുടങ്ങിയ ട്രെയിനിൽനിന്ന് ഇറങ്ങാൻ ശ്രമിക്കവെ പ്ലാറ്റ്ഫോമിൽ തലയിടിച്ചുവീണ് ചികിത്സയിലായിരുന്ന അധ്യാപിക കഴിഞ്ഞദിവസമാണ് മരിച്ചത്. തിരുവല്ല റെയിൽവേ സ്റ്റേഷനിൽ തിങ്കളാഴ്ച വൈകീട്ട് ഏഴോടെയായിരുന്നു സംഭവം. നാഗർകോവിലിൽനിന്ന് കോട്ടയത്തേക്കുവന്ന ട്രെയിനിലെ യാത്രക്കാരിയായിരുന്നു ജിൻസി.
തിരുവല്ല സ്റ്റേഷനിൽനിന്ന് ട്രെയിൻ കോട്ടയം ഭാഗത്തേക്ക് നീങ്ങിത്തുടങ്ങിയിരുന്നു. അതിനിടെ ജിൻസി ബോഗിയിൽനിന്ന് ഇറങ്ങാൻ ശ്രമിക്കുകയും കാൽവഴുതി പ്ലാറ്റ്ഫോമിലേക്ക് വീഴുകയുമായിരുന്നു. അധ്യാപികയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് ഫ്രണ്ട്സ് ഓഫ് റെയിൽ കൂട്ടായ്മ രംഗത്തുവന്നിട്ടുണ്ട്. സി.സി ടി.വി ദൃശ്യം പരിശോധിച്ചപ്പോൾ ട്രെയിൻ നല്ല വേഗത്തിലായശേഷം തിരുവല്ല പ്ലാറ്റ്ഫോം തീരുന്ന ഭാഗത്താണ് യാത്രക്കാരി വീഴുന്നതായി കാണുന്നത്.
തിരുവല്ല സ്റ്റേഷനിൽനിന്ന് കോട്ടയം പാസഞ്ചർ നീങ്ങിത്തുടങ്ങിയപ്പോൾ മുഷിഞ്ഞ വസ്ത്രധാരിയായ ഒരാൾ ലേഡീസ് കമ്പാർട്ട്മെന്‍റിൽ ഓടിക്കയറുന്നത് കണ്ടതായി കൂടെ യാത്രചെയ്തിരുന്നവർ പറയുന്നുണ്ട്.ഇയാളെക്കണ്ട് ഭയന്നാണോ അധ്യാപിക ചാടിയിറങ്ങാൻ ശ്രമിച്ചത് എന്നാണ് സംശയം. ഇവർ കമ്പാർട്ട്മെന്റിൽ ഒറ്റക്കുമായിരുന്നു. കോട്ടയത്ത് ഇറങ്ങേണ്ടയാൾ തിരുവല്ല സ്റ്റേഷനിൽ ട്രെയിൻ നല്ല വേഗത്തിലായശേഷം ഇറങ്ങാൻ ശ്രമിച്ചത് ദുരൂഹമാണ്. വീഴുന്നതിന് കുറച്ചുമുമ്പ് ബന്ധുക്കളുമായി അധ്യാപിക സംസാരിച്ചിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
തലകറങ്ങി വീണാലും അവിടെക്കിടക്കും
16326 കോട്ടയം -നിലമ്പൂർ യാത്രയിൽ വയോധികരായ രണ്ടു സ്ത്രീകൾ ആലുവയിൽനിന്ന് കയറി. അങ്കമാലി കഴിഞ്ഞപ്പോൾ ഇവരിലൊരാൾ തലകറങ്ങി ട്രെയിനിന്‍റെ തറയിൽവീണു. അപ്പോൾ തന്നെ മുഖത്ത് വെള്ളംതളിച്ച് അവരെ എടുത്ത് സീറ്റിൽ കിടത്തി. അവർ നിരന്തരം ഛർദിച്ചുകൊണ്ടിരുന്നു.
കൂടെയുള്ള യാത്രക്കാരി 139 ൽ മെഡിക്കൽ സഹായത്തിനുവേണ്ടി വിളിച്ചു. ട്രെയിൻ കറുകുറ്റി, ചാലക്കുടി, ഇരിങ്ങാലക്കുട, പുതുക്കാട് എല്ലാം കഴിഞ്ഞ് തൃശൂരിൽ 8.45ന് എത്തിയപ്പോഴാണ് റെയിൽവേ പൊലീസ് വന്നത്. അതും ഒരു വീൽചെയറോ പ്രഥമശുശ്രൂഷ ഉപകരണങ്ങളോ ഇല്ലാതെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.