എവിടെപ്പോയി 'മനസ്വിനി'; അംഗങ്ങളെത്തേടി സി.ഡി.എസ് ചെയർപേഴ്സൻ
text_fieldsകോട്ടയം: സംസ്ഥാനത്ത് ആദ്യമായി ട്രാൻസ്ജെൻഡർ വിഭാഗത്തിനായി കുടുംബശ്രീ യൂനിറ്റ് രൂപവത്കരിച്ച ജില്ലയാണ് കോട്ടയം. എന്നാൽ, കുടുംബശ്രീ യൂനിറ്റ് രജിസ്റ്റർ ചെയ്ത് നാലുവർഷമായിട്ടും ഇതിലെ അംഗങ്ങളെത്തേടി നടക്കുകയാണ് സി.ഡി.എസ് ചെയർപേഴ്സൻ.
2017ലാണ് 'മനസ്വിനി' എന്ന പേരിൽ ട്രാൻസ്ജെൻഡർമാരുടെ കുടുംബശ്രീ യൂനിറ്റ് തുടങ്ങിയത്. കോട്ടയം നഗരസഭ നോർത്ത് സി.ഡി.എസിെൻറ കീഴിൽ പ്രത്യേക അയൽക്കൂട്ടമായി രജിസ്റ്റർ ചെയ്യുകയും ചെയ്തു. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽനിന്നായി 15 അംഗങ്ങളുണ്ടായിരുന്നു. ആദ്യ യോഗത്തിൽതന്നെ പ്രസിഡൻറായി വൈഗയെയും സെക്രട്ടറിയായി ലയയെയും തെരഞ്ഞെടുത്തു. അന്ന് പിരിഞ്ഞ അംഗങ്ങളിലാരും പിന്നീട് യോഗങ്ങൾക്കെത്തിയില്ലെന്നും ഇതോടെ തുടർപ്രവർത്തനങ്ങൾ നിലച്ചതായും നോർത്ത് സി.ഡി.എസ് ചെയർപേഴ്സൻ അജിത ഗോപകുമാർ പറയുന്നു.
ട്രാൻസ്ജെൻഡർമാർക്കായി നിരവധി പദ്ധതികൾ സർക്കാർ ആവിഷ്കരിച്ചിട്ടുണ്ട്. എന്നാൽ, ഇവരുമായി ബന്ധപ്പെടാൻ മാർഗമില്ല. ഫോൺ നമ്പർ മിക്കതും സ്വിച്ഡ് ഓഫ് ആണ്. ബാക്കിയുള്ളവരെ വിളിച്ചാൽ എടുക്കുന്നുമില്ല. ബ്യൂട്ടീഷൻ, ഫാഷൻ ഡിസൈനിങ് തുടങ്ങിയ മേഖലകളിൽ മികച്ച കഴിവുകൾ ഉള്ളവരാണ് പലരും. സ്വയംതൊഴിൽ പദ്ധതികൾ തുടങ്ങാൻ വായ്പ അടക്കം പദ്ധതികൾ ഇവർക്ക് ലഭ്യമാക്കാൻ കഴിയുന്നില്ല -_അജിത ഗോപകുമാർ പറഞ്ഞു. ട്രാൻസ്ജെൻഡർമാരെ സമൂഹത്തിെൻറ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന് സർക്കാർ നിർദേശപ്രകാരമാണ് അയൽക്കൂട്ടങ്ങൾ രൂപവത്കരിച്ചത്.
കോട്ടയത്തെ മാതൃകയാക്കി മറ്റ് ജില്ലകളിലും അയൽക്കൂട്ടങ്ങൾ രജിസ്റ്റർ ചെയ്ത് മികച്ച രീതിയിൽ പ്രവർത്തനം തുടരുന്നുണ്ട്. സാധാരണ ഒരു അയല്‍ക്കൂട്ടത്തില്‍ 10 മുതല്‍ 20 വരെ അംഗങ്ങളുണ്ടാകണമെന്നാണ് നിബന്ധനയെങ്കിലും ട്രാന്‍സ്ജെന്‍ഡര്‍ അയല്‍ക്കൂട്ടത്തിന് ഇളവ് നല്‍കിയിട്ടുണ്ട്. പത്തില്‍ താഴെ അംഗങ്ങളേയുള്ളൂവെങ്കിലും കുടുംബശ്രീയുടെ ജില്ല മിഷന് കോഓഡിനേറ്റര്‍ക്ക് വിവേചനാധികാരം ഉപയോഗിച്ച് അയല്‍ക്കൂട്ടങ്ങള്‍ രൂപവത്കരിക്കാന്‍ അനുമതി നല്‍കാനാകും.
കോട്ടയംകാരെ മാത്രം ഉൾപ്പെടുത്തി പുനരാരംഭിക്കും
ഞങ്ങളിൽ പലരും ജില്ലക്ക് പുറത്തുനിന്നുള്ളവരാണ്. അതുകൊണ്ടാണ് യോഗങ്ങൾക്കെത്താൻ കഴിയാത്തത്. കോട്ടയം ജില്ലയിലുള്ള, പ്രവർത്തനങ്ങളിൽ സജീവമാകാൻ താൽപര്യമുള്ളവരെ മാത്രം ഉൾപ്പെടുത്തി യൂനിറ്റ്് പുനരാരംഭിക്കാൻ ആലോചനയുണ്ട്. കുടുംബശ്രീയുമായി ഉടൻ ബന്ധപ്പെടും. ജൂലൈയിൽതന്നെ യൂനിറ്റ്് പുനരാരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ _'മനസ്വിനി' അംഗം ലയ മരിയ ജെയ്സൻ.
ഉടൻ യോഗം വിളിക്കും
കോവിഡും ലോക്ഡൗണും കാരണം പ്രവർത്തനങ്ങൾ സ്തംഭിച്ചിരുന്നു. മനസ്വിനി യൂനിറ്റ് അംഗങ്ങളുടെ യോഗം ഉടൻ വിളിക്കും. അവരുടെ ആവശ്യങ്ങളനുസരിച്ച് ഉപജീവനത്തിനുതകുന്ന പദ്ധതികൾ തയാറാക്കാനാണ് ആലോചന- _കുടുംബശ്രീ മിഷൻ ജില്ല കോഓഡിനേറ്റർ അഭിലാഷ് കെ. ദിവാകർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.