കാലിത്തീറ്റയിൽനിന്ന് വിഷബാധ: പരിശോധന റിപ്പോർട്ട് എവിടെ?
text_fieldsകോട്ടയം: കാലിത്തീറ്റയിൽനിന്ന് പശുക്കൾക്ക് വിഷബാധയുണ്ടായ സംഭവത്തിൽ ഇതുവരെ പരിശോധന റിപ്പോർട്ട് ലഭ്യമായില്ല. ലാബുകളുടെ നടപടിക്രമങ്ങൾ പൂർത്തിയായ ശേഷം റിപ്പോർട്ട് സർക്കാറിന് കൈമാറുമെന്നും എന്നാൽ ഇതിന് കാലതാമസമെടുക്കുമെന്നുമാണ് മൃഗസംരക്ഷണവകുപ്പ് അധികൃതർ പറയുന്നത്. എന്നാൽ തങ്ങളുടെ കന്നുകാലികൾക്ക് രോഗം വന്നതിന്റെ കാരണം അറിയണമെന്നും സംഭവം ആവർത്തിക്കാതിരിക്കാൻ റിപ്പോർട്ട് ഉടൻ ലഭ്യമാക്കണമെന്നുമാണ് കർഷകരുടെ ആവശ്യം. റിപ്പോർട്ട് പുറത്തുവിടാത്തത് കാലിത്തീറ്റ കമ്പനിയെ സഹായിക്കാനാണെന്നും ആക്ഷേപമുണ്ട്.
ജനുവരി അവസാനമാണ് കെ.എസ് കാലിത്തീറ്റ കഴിച്ച കന്നുകാലികൾക്ക് ജില്ലയിൽ ആദ്യമായി വിഷബാധ റിപ്പോർട്ട് ചെയ്തത്. തുടർന്ന് മറ്റുഭാഗങ്ങളിലും ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലും സമാന അവസ്ഥയുണ്ടായി. മുന്നൂറോളം പശുക്കൾക്കാണ് ജില്ലയിൽ രോഗം ബാധിച്ചത്. പശുക്കൾ ചാവുകയും ചെയ്തു. വയറിളക്കം, തീറ്റയെടുക്കാൻ മടുപ്പ്, മന്ദത തുടങ്ങിയ ലക്ഷണങ്ങളാണ് പശുക്കളിൽ കണ്ടത്. ഇതോടെ പാൽ ഉൽപാദനത്തിൽ വൻ കുറവ് സംഭവിച്ചിരുന്നു. കാലിത്തീറ്റയുടെ സാമ്പിളുകളും യൂറിയ തീറ്റയുടെ ഘടകങ്ങളും കന്നുകാലികളുടെ രക്തസാമ്പിളുകളും പരിശോധനക്കെടുത്തിരുന്നു. കർഷകർക്ക് നഷ്ടപരിഹാരവും പകരം കാലിത്തീറ്റയും കമ്പനി നൽകിയെങ്കിലും വിഷബാധക്ക് കാരണമെന്തെന്ന് തെളിഞ്ഞിട്ടില്ല.
വില്ലനാകുന്നത് ഫംഗസ് ബാധ
കാലിത്തീറ്റയിൽനിന്നാണ് ഫംഗസ് ബാധയുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. തീറ്റ നിർമാണത്തിനുള്ള അസംസ്കൃതവസ്തുക്കൾ കർണാടക, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നാണ് കൊണ്ടുവരുന്നത്. ഇവയിൽ ഫംഗസ് ഉണ്ടാകാൻ സാധ്യതയേറെയാണ്.
ഇതുപയോഗിച്ച് നിർമിക്കുന്ന കാലത്തീറ്റയും വിഷമയമാകും. കാലിത്തീറ്റ നിർമാണത്തിനിടെ ആവിയിൽ ബാക്ടീരിയകളും വൈറസും നശിക്കുമെങ്കിലും ഫംഗസ് നശിക്കുന്നില്ല. തീറ്റ നിർമാണത്തിനുള്ള എല്ലാ വസ്തുക്കളും കമ്പനി ലാബിൽ പരിശോധന നടത്തുന്നതാണെന്നാണ് കെ.എസ് കാലിത്തീറ്റ നിർമാതാക്കളുടെ അവകാശ വാദം. എന്നിട്ടും ഫംഗസ് ബാധ കണ്ടെത്താനായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.