ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശം
text_fieldsചങ്ങനാശ്ശേരി: ശക്തമായ കാറ്റിലും മഴയിലും മേഖലയിൽ വ്യാപക നാശനഷ്ടം. വാഹനങ്ങളുടെ മുകളിലേക്കും വൈദ്യുതി ലൈനിലേക്കും റോഡിലേക്കും മരങ്ങൾ മറിഞ്ഞുവീണു. കെ.എസ്.ഇ.ബിക്ക് അഞ്ചുലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായി. മരങ്ങൾ വീണതിനെത്തുടർന്ന് മണിക്കൂറുകളോളം റോഡുകളിൽ ഗതാഗതക്കുരുക്കും പ്രദേശങ്ങളിൽ വൈദ്യുതി വിതരണവും തടസ്സപ്പെട്ടു. വെള്ളിയാഴ്ച വൈകീട്ട് നാലരയോടെ പെയ്ത മഴയിലും വീശിയടിച്ച കാറ്റിലുമാണ് നാശനഷ്ടം. ചെത്തിപ്പുഴക്കടവ് ഭാഗത്ത് 11 കെ.വി ലൈനിലേക്ക് മരം ഒടിഞ്ഞുവീണാണ് അഞ്ചുലക്ഷം രൂപയുടെ നഷ്ടം കെ.എസ്.ഇ.ബിക്ക് സംഭവിച്ചത്.
രണ്ട് ട്രാൻസ്ഫോർമർ പരിധിയിലൊഴികെ വൈദ്യുതി പുനഃസ്ഥാപിച്ചു. എം.സി റോഡിൽ തുരുത്തി മർത്ത്മറിയം ഫൊറോന പള്ളിക്ക് സമീപം വൈകീട്ട് നാലരയോടെ മരം കടപുഴകി ഓട്ടോറിക്ഷയുടെ മുകളിൽവീണു. ഓട്ടോ ഡ്രൈവർ തുരുത്തി കാവിത്താഴെ അമ്മാന്തുരുത്തി അഗസ്തി ജോസഫ് (ടോമിച്ചൻ -60) അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. ഓട്ടോയുടെ മുകൾഭാഗം പൂർണമായും തകർന്നു.
തുരുത്തി യൂദാപുരം പള്ളിയിലെ ശുശ്രൂഷകനാണ് ടോമിച്ചൻ. ചങ്ങനാശ്ശേരിയിലെ സ്റ്റാൻഡിൽനിന്ന് ഓട്ടം അവസാനിപ്പിച്ച് പള്ളിയിലേക്ക് പോകുന്നതിനായി തുരുത്തിയിലേക്ക് വരുമ്പോഴായിരുന്നു അപകടം. മരച്ചില്ലകൾ വീഴുന്നത് കണ്ടതോടെ ഓട്ടോ നിർത്തി പുറത്തിറങ്ങി മാറുകയായിരുന്നു. പിന്നാലെയെത്തിയ കെ.എസ്ആർ.ടി.സി ബസും ബ്രേക്കിട്ട് നിർത്തിയതോടെ വൻ അപകടം ഒഴിവായി അഗ്നിരക്ഷ സേനയും നാട്ടുകാരും ചേർന്ന് രണ്ടരമണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് മരം മുറിച്ചുമാറ്റിയത്. 6.30ഓടെ എ.സി റോഡിൽ ഗതാഗതം പുനഃസ്ഥാപിച്ചു.
ചങ്ങനാശ്ശേരി പാലാത്രച്ചിറ ബൈപാസിൽ എ.കെ.എം സ്കൂളിന് സമീപത്തും മരച്ചില്ലകൾ ഒടിഞ്ഞുവീണു. സ്കൂളിൽനിന്ന് വിദ്യാർഥികളുമായി വീട്ടിലേക്ക് മടങ്ങിയ കാറിലേക്ക് മരച്ചില്ലകൾവീണ് കാറിന്റെ മുൻവശത്ത് കേടുപാട് സംഭവിച്ചു.
യാത്രക്കാർക്ക് പരിക്കില്ല. മരച്ചില്ലകൾ വീണതോടെ റോഡിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ചങ്ങനാശ്ശേരി ഫയർ സ്റ്റേഷൻ ഓഫിസർ അനൂപ് പി.രവീന്ദ്രൻ, അസി. സ്റ്റേഷൻ ഓഫിസർ വി. ഷാബു, സീനിയർ ഫയർ റെസ്ക്യൂ ഓഫിസർ അജീഷ് കുമാർ, ഗ്രേഡ് അസി. സ്റ്റേഷൻ ഓഫിസർ മനോജ് കുമാർ, ഫയർ റസ്ക്യൂ ഓഫിസർമാരായ അബ്ദുൽ റഷീദ്, ജിജി കുമാർ, മനോജ്, സുബേഷ്, ഹോംഗാർഡ് മാത്തുക്കുട്ടി ജോൺ, സിവിൽ ഡിഫൻസ് അനിൽകുമാർ എന്നിവർ രക്ഷാപ്രവർത്തനങ്ങൾ നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.