ഭർത്താവിെൻറ കൺമുന്നിൽ ഭാര്യയുടെ മരണം; നൊമ്പരപ്പെട്ട് കോട്ടയം നഗരം
text_fieldsകോട്ടയം: ഇടവേളക്കുശേഷം നാഗമ്പടത്ത് വീണ്ടും അപകടം.
ഭർത്താവിനൊപ്പം ജോലിസ്ഥലത്തേക്ക് പോകുകയായിരുന്ന നട്ടാശേരി പുത്തേട്ട് വൈശാഖ് വീട്ടിൽ പ്രകാശിെൻറ ഭാര്യ നിഷയാണ് ബുധനാഴ്ച രാവിലെ 9.30ന് നാഗമ്പടത്തെ മീനച്ചിലാറിന് കുറുകെയുള്ള പാലത്തിലുണ്ടായ അപകടത്തിൽ മരിച്ചത്.
നേരേത്ത നാഗമ്പടത്തെ റെയിൽവേ മേൽപാലത്തിലും സമീപത്തുമായി അപകടങ്ങൾ പതിവായിരുന്നു. നിരവധി മനുഷ്യജീവനുകളാണ് ഇവിടെ പൊലിഞ്ഞത്. നാഗമ്പടം പാലത്തെ ഗതാഗതക്കുരുക്കും റോഡിലെ വീതിയില്ലായ്മയുമായിരുന്നു അപകടത്തിന് കാരണം. എന്നാൽ, പാലം വീതികൂട്ടി പുനർനിർമിക്കുകയും റോഡ് നവീകരിക്കുകയും ചെയ്തതോടെ അപകടത്തിന് അറുതിയായിരുന്നു.
ഇതിെൻറ ആശ്വാസത്തിനിടെയാണ് പുതിയ അപകടം.ടോറസ് ലോറിയെ മറികടക്കുന്നതിനിടെയായിരുന്ന ബുധനാഴ്ചത്തെ അപകടം. സ്കൂട്ടറിൽ തട്ടിയില്ലെങ്കിലും ടോറസ് സമയനിയന്ത്രണം ലംഘിച്ചാണ് ഓടിയതെന്ന് മോട്ടോർ വാഹനവകുപ്പ് കണ്ടെത്തിയിട്ടുണ്ട്.
രാവിലെ 9.30 മുതൽ 10.30 വരെയും വൈകീട്ട് 3.30 മുതൽ 4.30വരെയും ടിപ്പറുകളും ടോറസുകളും റോഡിലിറക്കാൻ പാടില്ല. നാഗമ്പടത്ത് ബുധനാഴ്ച അപകടം നടന്നത് രാവിലെ 9.30ന്. ടോറസ് ലോറിയുടെ അടിയിൽപെട്ടാണ് യുവതി ദാരുണമായി മരിച്ചത്.
ഇടിയുടെ ആഘാതത്തില്‍ റോഡില്‍ വീണ നിഷയുടെ ശരീരത്തിലൂടെ ടോറസ് കയറുകയായിരുന്നു. റോഡിലേക്ക് വീണ സ്കൂട്ടർ ഓടിച്ചിരുന്ന പ്രകാശ് കണ്ടത് ഭാര്യയുടെ ശരീരത്തിലൂടെ ലോറി കയറുന്നതാണ്.
നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. രാവിലെയുണ്ടായ അപകടമരണം നഗരത്തിനും നൊമ്പരവുമായി. ലോറിയുടെ വശത്തുകൂടി കയറിപ്പോകുന്നതിനിടെ നടപ്പാതയിൽ സ്കൂട്ടർ തട്ടിയതാകും നിയന്ത്രണം വിടാൻ കാരണമെന്നാണ് പൊലീസ് സംശയിക്കുന്നത്.
അപകടത്തെതുടർന്ന് എം.സി റോഡിൽ മണിക്കൂറുകളോളം ഗതാഗതക്കുരുക്കും അനുഭവെപ്പട്ടു. ടോറസ് ലോറി റോഡിനു നടുവിൽ നിർത്തിയിട്ടതാണ് കുരുക്കിന് കാരണമായത്.
സംക്രാന്തിവരെ ഗതാഗതക്കുരുക്ക് നീണ്ടു. ഇതിനിടെ തടസ്സം ഒഴിവാക്കാൻ സ്വകാര്യ ബസുകൾ ചുങ്കം വഴി കോട്ടയത്തേക്ക് തിരിച്ചുവിട്ടതോടെ ഈ റോഡിലും ഗതാഗതക്കുരുക്കായി. സി.എം.എസ് ജങ്ഷനിൽ ആംബുലൻസ് അടക്കമുള്ള വാഹനങ്ങൾ കുരുക്കിൽപെട്ടു. തുടർന്നു പൊലീസ് എത്തി ഏറെ നേരം പരിശ്രമിച്ചാണ് തടസ്സം ഒഴിവാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.