ആന, കടുവ, പുലി, പന്നി എല്ലാരും നാട്ടിലുണ്ട്
text_fieldsജില്ലയുടെ കിഴക്കേ അറ്റത്ത് ജനവാസ കേന്ദ്രത്തിലൂടെ ഒന്നു സഞ്ചരിച്ചാല്‍ വന്യമൃഗങ്ങളെയെല്ലാം നേരില്‍ കാണാം. കാട്ടാന, കാട്ടുപന്നി, പുലി, കടുവ, കാട്ടുപോത്ത്, രാജവെമ്പാല, കാട്ടുപൂച്ച, പൂച്ചപ്പുലി, മലയണ്ണാന് എന്നുവേണ്ട എല്ലാം നാട്ടിലെ കൃഷിയിടങ്ങളില്‍ സജീവമായി എത്തുന്നു. കോരുത്തോട്, പെരുവന്താനം, മുണ്ടക്കയം പഞ്ചായത്തുകളില്‍ ഇവയുടെ സാന്നിധ്യം മുമ്പ് അത്ഭുത കാഴ്ചയായിരുന്നെങ്കില്‍ ഇന്നതെല്ലാം മാറി. മുമ്പ് വല്ലപ്പോഴുമെത്തിയിരുന്ന കാട്ടാന കഥയായിരുന്നെങ്കില് ഇന്ന് നാടുവിട്ടൊഴിയുന്നില്ല കാട്ടാനക്കൂട്ടം
മുണ്ടക്കയം: കോരുത്തോട് പഞ്ചായത്തില്‍ മാത്രമായിരുന്നു വന്യമൃഗശല്യം. ഇപ്പോൾ സമീപ പഞ്ചായത്തുകളിലെ ഇരുപതോളം ഗ്രാമങ്ങളിലേക്ക് ശല്യം വ്യാപകമായി. കോരുത്തോട്, മുണ്ടക്കയം, പെരുവന്താനം പഞ്ചായത്തുകളിലെ വിവിധ വാര്‍ഡുകളിലാണ് കാട്ടാന ശല്യം വര്‍ധിച്ചിരിക്കുന്നത്. അഞ്ചുവര്‍ഷത്തിലധികമായി കോരുത്തോട്, പുഞ്ചവയല്‍, മാങ്ങാപ്പേട്ട, കൊമ്പുകുത്തി പ്രദേശങ്ങളില്‍ എത്തുന്ന കാട്ടാനകൾ വ്യാപകമായി കൃഷി നശിപ്പിച്ചിരിക്കുന്നു. കഴിഞ്ഞ ബുധനാഴ്ച മുതല്‍ ചെറുതും വലുതുമായ 26 കാട്ടാനകളാണ് ചെന്നാപ്പാറയിലെ റബര്‍ തോട്ടത്തില്‍ തമ്പടിച്ച് ശല്യം ഉണ്ടാക്കുന്നത്. ടാപ്പിങ്ങിനെത്തിയ തൊഴിലാളികളെ ആക്രമിക്കാനൊരുങ്ങി. പാട്ടകൊട്ടിയും പടക്കം പൊട്ടിച്ചും സ്ഥിരം പരിപാടി നടത്തിയെങ്കിലും ഇതൊന്നും കണ്ട് ഭയക്കാന്‍ ആനക്കൂട്ടം തയാറായിട്ടില്ല. സമീപങ്ങളിലെ ലയങ്ങളിൽ താമസിക്കുന്ന തൊഴിലാളികള്‍ ഭീതിയിലാണ്. കാട്ടാന ശല്യം വര്‍ധിച്ചതോടെ കുട്ടികള്‍ സ്കൂളില്‍ പോക്കും താൽക്കാലികമായി നിര്‍ത്തി. മേഖലയിലെ പ്രധാന പാതകളിലും കാട്ടാന പതിവാണ്. വാഹനയാത്രക്കാർ അപകടത്തില്‍നിന്ന് തലനാരിഴക്കാണ് രക്ഷപ്പെടുന്നത്.
പുലി മുതല്‍ പൂച്ചപ്പുലിവരെ
നൂറുകണക്കിനു വളര്‍ത്തുനായ്ക്കളെയും പശുക്കളെയും പിടിച്ചു തിന്നിട്ടും പുലിയാണെന്ന് സമ്മതിക്കാതിരുന്ന വനപാലകര്‍ ഒടുവില്‍ പറഞ്ഞു. ഇത് പുലിതന്നെ. അതും പുലി കൂട്ടില്‍ കയറിയ ശേഷം മാത്രം. കണ്ണിമല, പുലിക്കുന്ന്, ടി.ആര് ആൻഡ് ടീ തോട്ടം എന്നിവിടങ്ങളിൽ നാളേറെയായി പുലിക്കഥ പ്രചരിക്കാന്‍ തുടങ്ങിയിട്ട്. പുലിയോട് സാദൃശ്യമുള്ള പൂച്ചപ്പുലിയെയാണ് തൊഴിലാളികള്‍ പുലിയായി ചിത്രീകരിക്കുന്നതെന്നായിരുന്നു വനപാലകരുടെ ഭാഷ്യം. മേഖലയിലെ നൂറിലധികം വളര്‍ത്തുനായ്ക്കളെ കാണാതായപ്പോഴും വീടിനോട് ചേര്‍ന്ന കൂട്ടില്‍ കെട്ടിയിരുന്ന നിരവധി പശുക്കളെ പാതിഭക്ഷിച്ച് ഉപേക്ഷിച്ചപ്പോഴും പുലിയെന്ന് ഉറപ്പിക്കാന്‍ വനപാലകര്‍ ഒരുക്കമല്ലായിരുന്നു.
ചെന്നാപ്പാറ ടോപ്പില്‍ നാലുമാസം മുമ്പ് എസ്റ്റേറ്റ് സ്റ്റാഫിന്റെ ക്വാര്‍ട്ടേഴ്സ് വരാന്തയില്‍ പുലിയെത്തി വളർത്തുനായെ ആക്രമിക്കുന്നത് കണ്ടിട്ടും വനപാലകര്‍ അംഗീകരിക്കാന്‍ തയാറായില്ല. തൊട്ടടുത്ത ചെന്നാപ്പാറ ടോപ്പില്‍ ടാപ്പിങ് ജോലിക്കെത്തിയവര്‍ പുലിയെ കണ്ട് നിലവിളിച്ചോടിയിട്ടും പൂച്ചപ്പുലിയില്നിന്ന് ഒരിഞ്ചു മാറാന്‍ വനം തകുപ്പ് തയാറായില്ല. പിന്നീട് കുപ്പക്കയത്തും ചെന്നാപ്പാറ താഴെയും കടമാങ്കുളത്തും ആനക്കുളത്തുമെല്ലാം പുലിയുടെ സാന്നിധ്യം ഉണ്ടായി. ഇതിനിടയാണ് കണ്ണിമലയിലും പുലിക്കുന്നിലും പുലിയുടെ ആക്രമണം ഉണ്ടായത്. വനപാലകര്‍ ഇരുമ്പുകൂട് വെച്ചതോടെ തൊട്ടടുത്ത ദിവസം പുലി കൂട്ടില്‍ കുടുങ്ങി. ചെന്നാപ്പാറയില്‍ വന്യമൃഗ ആക്രമണം തുടര്‍ന്നതോടെ വനപാലകരെത്തി കാമറ സ്ഥാപിച്ചു. പുലിയുമല്ല, പൂച്ചപ്പുലിയുമല്ല കടുവയാണെന്ന് വനപാലകര്‍ സമ്മതിച്ചു. കാമറക്കണ്ണില്‍ കടുവയെ കണ്ടതോടെ ജാഗ്രതയോടെ വനപാലകരും നാട്ടുകാരും കൂടുമായി കാത്തിരുന്നെങ്കിലും പിടിയിലായിട്ടില്ല.
26 കാട്ടാനകൾ നാടിറങ്ങിയിട്ട് എട്ടുമാസം
എട്ടുമാസം മുമ്പ് ടി.ആര് ആൻഡ് ടീ തോട്ടത്തില്‍ എത്തിയ 26 കാട്ടാനകളാണ് വിവിധ പ്രദേശങ്ങളിലായി ചുറ്റിസഞ്ചരിച്ച് ഭീതി സൃഷ്ടിക്കുന്നത്. ഇ.ഡി.കെ, ആനക്കുളം, കടമാങ്കുളം, ചെന്നാപ്പാറ, മതമ്പ എന്നിവിടങ്ങളിലായി റബര്‍ തോട്ടത്തിലൂടെ സവാരി നടത്തുകയായിരുന്നു. ആദ്യമൊക്കെ അക്രമ സ്വഭാവമില്ലായിരുന്നെങ്കിലും ഇന്നിപ്പോള്‍ ടാപ്പിങ്ങിന് ചെല്ലുന്ന തൊഴിലാളികളെ ഓടിക്കുന്നത് പതിവായി. അടുത്തിടെ പ്രധാന റോഡിലൂടെ സഞ്ചരിച്ച ബൈക്ക് യാത്രികരായ ദമ്പതികളെ ആക്രമിച്ചു. മതമ്പയില്‍ മാസങ്ങളോളം ജനവാസകേന്ദ്രത്തിലെത്തി നാടിനെ ഭീതിപ്പെടുത്തുകയായിരുന്നു കാട്ടാനക്കൂട്ടം. പിന്നീട് മതമ്പവിട്ട കാട്ടാനകള്‍ ഇപ്പോള്‍ ചെന്നാപ്പാറയിലാണ് വന്നുനില്ക്കുന്നത്. പുഞ്ചവയല്‍, പാക്കാനം കോരുത്തോട് കൊമ്പുകുത്തി പ്രദേശങ്ങളില്‍ കാട്ടാനശല്യം തുടങ്ങിയിട്ട് പതിറ്റാണ്ടുകൾ പിന്നിടുകയാണ്. ശബരിമല വനത്തില്‍നിന്ന് പുറത്തിറങ്ങുന്ന കാട്ടാനകള്‍ ദിവസങ്ങളോളം കൃഷി നശിപ്പിക്കുകയാണ്. കര്‍ഷകർ വര്‍ഷങ്ങളോളം കഷ്ടപ്പെട്ട സമ്പാദ്യങ്ങളെല്ലാം ആനകള്‍ മണിക്കൂറുകള്‍ കൊണ്ടാണ് നശിപ്പിക്കുന്നത്. ആനകള്‍ വരാതിരിക്കാന്‍ വനാതിര്‍ത്തിയില്‍ ഇലക്ട്രോണിക് സംവിധാനങ്ങളോ സോളാര്‍ വേലികളോ നിർമിക്കുമെന്നത് അധികാരികളുടെ വാഗ്ദാനം വെറുതെയായി.
മൂര്‍ഖനും അണലിയും അടക്കം പാമ്പുകള്‍ മലയോരമേഖലയില്‍ പുതിയ കാര്യമല്ലെങ്കിലും രാജവെമ്പാലയെ കണ്ടതിന്റെ ഭീതി ചെന്നാപ്പാറക്കാരില്നിന്ന് വിട്ടൊഴിഞ്ഞിട്ടില്ല. ചെന്നാപ്പാറ തോട്ടത്തില്‍ എസ്റ്റേറ്റ് ലയത്തിന് സമീപമാണ് നാലുമാസം മുമ്പ് റബര്‍ മരത്തിലൂടെ നീങ്ങുന്ന രാജവെമ്പാലയെ കണ്ടത്. ഇതിനെ പിടികൂടിയ വനപാലകര്‍ കൊടുംവനത്തിൽ തുറന്നുവിട്ടതായി പറയുന്നുണ്ടെങ്കിലും ജനങ്ങളുടെ ഭീതി അകന്നിട്ടില്ല.
ചെന്നാപ്പാറയിൽ തൊഴിലാളികളെ കാട്ടാന ഓടിച്ചു
മുണ്ടക്കയം ഈസ്റ്റ്: ചെന്നാപ്പാറയിൽ തൊഴിലാളികളെ കാട്ടാന ഓടിച്ചു. പെരുവന്താനം പഞ്ചായത്തിലെ ടി.ആർ. ആൻഡ് ടി തോട്ടത്തിലെ ചെന്നാപ്പാറയിലാണ് തൊഴിലാളികളെ കാട്ടാനക്കൂട്ടം ഓടിച്ചത്. വെള്ളിയാഴ്ച രാവിലെ 8.30ഓടെ ഗാർഡൻ ആശുപത്രിക്ക് സമീപമാണ് സംഭവം. തൊഴിലാളി കുഞ്ഞുമോൾ (54), ഭർത്താവ് അംബുജാക്ഷൻ (60) എന്നിവരെയാണ് കാട്ടാനക്കൂട്ടം ഓടിച്ചത്. ഇവർ ഓടി രക്ഷപ്പെടുകയായിരുന്നു.
ഇതിനിടെ ചെന്നാപ്പാറ ഭാഗത്ത് കടുവയെ പിടികൂടാൻ രണ്ടാഴ്ച മുമ്പ് സ്ഥാപിച്ച ഇരുമ്പുകൂട് വനപാലകർ കൊണ്ടുപോവുകയും ചെയ്തു.
കാട്ടുപന്നികളെ തുറന്നുവിട്ടത് ജനവാസ കേന്ദ്രത്തിൽ
കാടിറങ്ങുന്നവയെക്കൊണ്ട് പൊറുതിമുട്ടി ഇരിക്കുമ്പോഴാണ് പമ്പയിലെ വനപാലകര്‍ ലോറി നിറയെ നൂറോളം കാട്ടുപന്നികളെ കൊമ്പുകുത്തി, ചെന്നാപ്പാറ, കോരുത്തോട് മേഖലയില്‍ കൂട്ടത്തോടെ തുറന്നുവിട്ടത്. ശബരിമല തീർഥാടനം സുഗമമാക്കാന്‍ അവിടെ നിന്ന് പിടികൂടിയതായിരുന്നു ഈ പന്നികളെ. ചെന്നാപ്പാറ ഭാഗത്തുകൂടി പാതിരാത്രി ലോറി കടന്നുപോയത് തോട്ടം വാച്ചര്‍ കാണാനിടയാകുകയും പിന്തുടരുകയും ചെയ്തതോടെയാണ് കാട്ടുപന്നിക്കൂട്ടത്തെ തുറന്നുവിടുന്ന വനപാലകരെ കണ്ടത്. മുന്‍ വര്‍ഷങ്ങളിലും ഇത്തരത്തിൽ ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം എരുമേലിക്കടുത്ത് എയ്ഞ്ചല്‍വാലിയിലാണ് തുറന്നുവിട്ടത്. അന്ന് നാട്ടുകാർ പ്രതികരിച്ചതിനാല്‍ ഈ പ്രാവശ്യം കോരുത്തോട് പഞ്ചായത്ത് ലക്ഷ്യമാക്കിയെത്തുകയായിരുന്നു. ചോദ്യംചെയ്ത നാട്ടുകാരനെ വണ്ടിയുടെ ലിവര്‍ ഉപയോഗിച്ച് മര്‍ദിക്കാനും വനപാലകരില്‍ ചിലരെത്തി. സമൂഹമാധ്യമങ്ങളില്‍ തത്സമയ സംപ്രേഷണം കണ്ടാണ് അവർ പിന്തിരിഞ്ഞതെന്ന് നാട്ടുകാര്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.