പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ എത്തുമോ?
text_fieldsകോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിെൻറ പത്രിക സമർപ്പണത്തിന് വ്യാഴാഴ്ച തുടക്കമാകാനിരിക്കെ കോൺഗ്രസിൽ സജീവചർച്ചയായി ചാണ്ടി ഉമ്മൻ. കോട്ടയം ജില്ല പഞ്ചായത്ത് പുതുപ്പള്ളി ഡിവിഷനിൽ ചാണ്ടി ഉമ്മൻ മത്സരിക്കുമോയെന്ന ചർച്ചയാണ് കോൺഗ്രസിൽ മുറുകുന്നത്. ചാണ്ടി ഉമ്മനെ സ്ഥാനാർഥിയായി പരിഗണിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ഷാഫി പറമ്പിൽ രംഗത്ത് എത്തിയതോടെയാണ് ചർച്ചകൾക്ക് ചൂടേറിയത്.
ചാണ്ടി ഉമ്മനെ പരിഗണിക്കണമെന്ന് ജില്ല കോൺഗ്രസ് നേതൃത്വത്തോട് ഷാഫി പറമ്പിൽ ആവശ്യപ്പെട്ടിട്ടുമുണ്ട്. പുതുപ്പള്ളിയിലെ കോൺഗ്രസ് നേതൃത്വവും ചാണ്ടി ഉമ്മനായി രംഗത്തുണ്ട്. ജോസ് വിഭാഗം മുന്നണി വിട്ടതോടെ ജില്ല പഞ്ചായത്തിലെ വിജയം കോൺഗ്രസിന് അഭിമാനപ്രശ്നമാണ്. ഈ സാഹചര്യത്തിൽ ചാണ്ടി ഉമ്മെൻറ സ്ഥാനാർഥിത്വം ജില്ലയിൽ ഗുണകരമാകുമെന്നാണ് കോൺഗ്രസിലെ ഒരുവിഭാഗത്തിെൻറ നിലപാട്. കോൺഗ്രസിന് മേധാവിത്തമുള്ള ഡിവിഷനാണ് പുതുപ്പള്ളി. വർഷങ്ങളായി കോൺഗ്രസാണ് മത്സരിച്ച് ജയിക്കുന്നത്. എന്നാൽ, തീരുമാനമൊന്നും ആയിട്ടിെല്ലന്നാണ് ജില്ല നേതൃത്വത്തിെൻറ നിലപാട്. പുതുപ്പള്ളി ലക്ഷ്യമിടുന്നവരെ 'വെട്ടാനുള്ള' നീക്കമായാണ് ഒരുവിഭാഗം ഇതിനെ കാണുന്നത്. അതിനിടെ, പുതുപ്പള്ളി പഞ്ചായത്തിെൻറ ടൗൺ വാർഡിൽ ചാണ്ടി ഉമ്മൻ മത്സരിക്കുമെന്ന സൂചനകളുമുണ്ട്.
പുതുപ്പള്ളി നിയോജകമണ്ഡലത്തിനുള്ള 'ക്ലയിം' നിലയിലാണത്രെ ഇത്തരമൊരുനീക്കം. മുൻ നിയമസഭ, പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിൽ പ്രചരണരംഗത്ത് ചാണ്ടി ഉമ്മൻ പുതുപ്പള്ളിയിൽ സജീവസാന്നിധ്യമായിരുന്നു. ഉമ്മന്‍ ചാണ്ടി നിയമസഭയില്‍ അരനൂറ്റാണ്ട് തികച്ചതിെൻറ ഭാഗമായി നിയോജകമണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളില്‍ സ്വീകരണം ഒരുക്കിയിരുന്നു. ഈ പരിപാടികളില്‍ ഉമ്മന്‍ചാണ്ടിയോടൊപ്പം ശ്രദ്ധേയ സാന്നിധ്യമായി ചാണ്ടി ഉമ്മനും ഉണ്ടായിരുന്നു. പലയിടങ്ങളിലും ചാണ്ടി ഉമ്മൻ സംസാരിക്കുകയും ചെയ്തിരുന്നു. ഇത് ഉമ്മൻ ചാണ്ടിയുടെ പിൻഗാമി പ്രഖ്യാപനമായി പലരും വിലയിരുത്തിയിരുന്നു. അതിനിടെ, പുതുപ്പള്ളി സീറ്റ് ലക്ഷ്യമിട്ട് രംഗത്തുള്ളവർ ഇതിൽ കടുത്ത നീരസത്തിലാണ്. കോട്ടയത്തെ യൂത്ത് കോൺഗ്രസ് നേതൃത്വവും ചാണ്ടി ഉമ്മനായി രംഗത്തുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.