ജില്ല ആശുപത്രിയിലെ ശസ്ത്രക്രിയ തിയറ്റർ എന്നു തുറക്കും?
text_fieldsകോട്ടയം: ജില്ല ആശുപത്രിയിലെ ശസ്ത്രക്രിയ തിയറ്റർ അറ്റകുറ്റപ്പണിക്കായി പൂട്ടിയിട്ട് നാലുമാസം. 18 ദിവസത്തെ പ്രവൃത്തിയെന്നു പറഞ്ഞാണ് തുടങ്ങിയതെങ്കിലും ഇതുവരെ ഒന്നുമായില്ല. നിലത്ത് ടൈൽ വിരിക്കൽ പൂർത്തിയായി. ഇനി ഇലക്ട്രിക്കൽ ജോലികൾ ബാക്കിയുണ്ട്.
അതുകഴിഞ്ഞ് അണുമുക്തമാണെന്ന് പരിശോധന നടത്തി ഉറപ്പാക്കിയ ശേഷമേ തിയറ്റർ തുറക്കാനാവൂ. ഇലക്ട്രിക്കൽ, സിവിൽ വർക്കുകൾ നടത്താനാണ് മാർച്ച് 18ന് ആശുപത്രിയിലെ ഏക തിയറ്റർ പൂട്ടിയത്. തിയറ്ററിലെ വയറിങ്ങും പാനലുകളും മാറ്റണം. വയറിങ്ങിന് വലിയ രീതിയിലുള്ള തകരാറുകളുണ്ട്.
ഷോക്കടിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് ഉടൻ പണി ചെയ്യാൻ തീരുമാനിച്ചത്. ഇതിനായി പൊതുമരാമത്ത് ഇലക്ട്രിക്കൽ വിഭാഗം അധികൃതർ പരിശോധന നടത്തി എട്ടുലക്ഷം രൂപയുടെ എസ്റ്റിമേറ്റ് നൽകിയിരുന്നു.
മേജർ ശസ്ത്രക്രിയകൾ മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തു. മൈനർ ശസ്ത്രക്രിയകൾക്കായി ആശുപത്രിയിലെ എഫ്.എൻ.എ.എസി പരിശോധന നടത്തുന്ന മുറിയും അനുബന്ധമായുള്ള യൂനിറ്റും സജ്ജീകരിച്ചിട്ടുണ്ട്. നേരത്തേ നേത്ര ശസ്ത്രക്രിയ തിയറ്റർ ബദൽ സൗകര്യമൊരുക്കാതെ പൊളിച്ചുമാറ്റിയത് വ്യാപക പ്രതിഷേധത്തിനിടയാക്കിയിരുന്നു. പകരം സൗകര്യം ഒരുക്കി നേത്ര ശസ്ത്രക്രിയ തിയറ്റർ തുറന്നത് അടുത്തിടെയാണ്.
പുതിയ ബഹുനില മന്ദിരം നിർമിക്കുന്നതോടെ ഇത്തരം പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമാവും. ഇതിന്റെ പ്രാരംഭപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസം മന്ത്രി വി.എൻ. വാസവൻ ആശുപത്രിയിൽ അവലോകന യോഗത്തിൽ പങ്കെടുത്തിരുന്നെങ്കിലും ശസ്ത്രക്രിയ തിയറ്റർ സംബന്ധിച്ച വിഷയം ചർച്ചയിൽ വന്നില്ല.
മണ്ണ് എവിടേക്ക്; അടുത്ത ദിവസം യോഗം വിളിക്കും
ജില്ല ആശുപത്രിയിൽ ബഹുനില മന്ദിരം നിർമിക്കുന്നതിന്റെ ഭാഗമായി നീക്കുന്ന മണ്ണ് നഗരസഭ പരിധിയിൽ എവിടെ നിക്ഷേപിക്കണമെന്നു തീരുമാനിക്കാൻ അടുത്ത ദിവസം കലക്ടർ യോഗം വിളിക്കും. കഴിഞ്ഞ ദിവസം ആശുപത്രിയിൽ മന്ത്രി വി.എൻ. വാസവന്റെ നേതൃത്വത്തിൽ വിളിച്ചുചേർത്ത യോഗത്തിൽ നഗരസഭ അധികൃതർ പങ്കെടുത്തിരുന്നില്ല. തുടർന്ന് കലക്ടർക്ക് അടിയന്തര നിർദേശം നൽകുകയായിരുന്നു.
നഗരസഭയുടെ അധീനതയിലുള്ള ഭൂമിയിൽ മണ്ണ് നിക്ഷേപിക്കാനാണ് ആലോചന. മൂന്നു കിലോമീറ്റർ പരിധിക്കുള്ളിൽ ആണെങ്കിൽ കടത്തുചെലവ് കരാറുകാരനും ഇൻകെലും വഹിക്കാൻ തയാറാണെന്ന് അറിയിച്ചിരുന്നു. 30,000 ക്യുബിക് മീറ്റർ മണ്ണാണ് കെട്ടിടത്തിന്റെ ഭൂഗർഭ നിലകൾ പണിയാൻ നീക്കേണ്ടത്. ഇതിൽ 20,000 ക്യുബിക് മീറ്റർ മണ്ണ് നിർമാണ പ്രവൃത്തികൾക്കായി തിരിച്ചെടുക്കുകയും വേണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.