ഹൈകോടതി ഉത്തരവുമായി സഹകരണ ബാങ്കിലെ ജോലിയിൽ തിരികെ പ്രവേശിക്കാനെത്തിയ യുവതിക്ക് മർദനം
text_fieldsതലയോലപ്പറമ്പ്: ഹൈകോടതി ഉത്തരവുമായി ജോലിയിൽ തിരികെ പ്രവേശിക്കാനെത്തിയ യുവതിയെ ബാങ്ക് ഭരണസമിതി അംഗങ്ങളും ജീവനക്കാരും ചേർന്ന് മർദിച്ചതായി പരാതി. പരിക്കേറ്റ മേവെള്ളൂർ ഊരോത്ത് ലിജി തങ്കപ്പനെ (48) സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
2018ൽ സസ്പെൻഷനിലായ ലിജി നാലുവർഷത്തെ നിയമയുദ്ധത്തിനുശേഷം ജോലിയിൽ പ്രവേശിക്കാൻ കോടതി ഉത്തരവുമായി തിങ്കളാഴ്ചയാണ് സി.പി.എം ഭരിക്കുന്ന വെള്ളൂർ സർവിസ് സഹകരണ ബാങ്കിലെത്തിയത്. എന്നാൽ, ജോലി ചെയ്യാൻ അനുവദിക്കില്ലെന്ന് പറഞ്ഞ്, ഭരണസമിതി അംഗങ്ങൾ മർദിക്കുകയായിരുന്നെന്ന് ലിജി പൊലീസിന് നൽകിയ മൊഴിയിൽ പറഞ്ഞു. മുറിയിൽ പൂട്ടിയിട്ടതായും ഇവർ ആരോപിച്ചു. മർദിച്ചവശയാക്കിയ ശേഷം ബാങ്കിന്റെ പ്രവർത്തനം താൻ തടസ്സപ്പെടുത്തിയെന്ന് ആരോപിച്ച് ഭരണസമിതി പൊലീസിനെ വിളിച്ചുവരുത്തി. എഴുന്നേറ്റ് നിൽക്കാൻപോലും കഴിയാതിരുന്ന തന്നെ പൊലീസാണ് ആശുപത്രിയിലെത്തിച്ചതെന്നും ലിജി കുറ്റപ്പെടുത്തി.
ജൂനിയർ ക്ലർക്കായിരുന്ന ലിജിയെ ജോലിയിൽ പിഴവുണ്ടെന്ന് ആരോപിച്ച് 2018ൽ സസ്പെൻഡ് ചെയ്യുകയായിരുന്നു. വകുപ്പുതല അന്വേഷണത്തിൽ തന്റെ നിരപരാധിത്വം തെളിയിച്ചെങ്കിലും ഇത് അംഗീകരിക്കാൻ ബാങ്ക് അധികൃതർ തയാറായില്ലെന്ന് ലിജി പറഞ്ഞു. നിയമപോരാട്ടം തുടർന്ന ലിജിക്ക് ഒടുവിൽ ഹൈകോടതിയിൽനിന്ന് അനുകൂലവിധി ലഭിച്ചു. എല്ലാ ആനുകൂല്യങ്ങളും നൽകി ജോലിയിൽ പ്രവേശിപ്പിക്കാൻ ബാങ്ക് നടപടി സ്വീകരിക്കണമെന്നായിരുന്നു വിധി. ഈ വിധിയുടെ അടിസ്ഥാനത്തിലാണ് ലിജി കഴിഞ്ഞ ദിവസം ബാങ്കിലെത്തി ജോലിയിൽ പ്രവേശിച്ചത്. 14 വർഷം മുമ്പ് ഭർത്താവ് മരിച്ച ലിജി ബിരുദാനന്തര ബിരുദത്തിനു പഠിക്കുന്ന മകൾ മീനാക്ഷിക്കൊപ്പമാണ് താമസം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.