ഇന്ന് ദേശീയ തപാൽദിനം; ചരിത്രത്തിലിടം നേടിയ കോട്ടയം-6
text_fieldsകോട്ടയം: അക്ഷരനഗരിയായ കോട്ടയത്തിെൻറ ചരിത്രമെടുത്താൽ നട്ടാശ്ശേരി പോസ്റ്റ് ഓഫിസിനെ മാറ്റിനിർത്താനാവില്ല. കോട്ടയം-6 എന്ന ഈ വിലാസത്തിൽനിന്നാണ് ഒരു കാലത്ത് ഏറ്റവുമധികം വാരികകൾ കേരളത്തിലങ്ങോളമിങ്ങോളമുള്ള വായനക്കാരിലേക്ക് പാറിനടന്നിരുന്നത്. കോട്ടയത്തെ പ്രസിദ്ധീകരണങ്ങളുടെ സുവർണ കാലഘട്ടമായിരുന്ന 1980-90 കളാണ് നട്ടാശേരി പോസ്റ്റോഫിസിെൻറയും സുവർണ കാലം.
നട്ടാശ്ശേരി ജങ്ഷനിലായിരുന്നു അന്ന് പോസ്റ്റോഫിസ്. പിന്നീടത് ചുങ്കം-എസ്.എച്ച് മൗണ്ട് റോഡിലേക്ക് മാറ്റി. നാഗമ്പടം മുതൽ ചൂട്ടുവേലി ജങ്ഷൻ വരെയായിരുന്നു കോട്ടയം- 6െൻറ പരിധി. ആ ഒന്നരകിലോമീറ്റർ ദൂരത്തിൽ പത്തോളം വാരികകളാണ് ഉണ്ടായിരുന്നത്. ചെമ്പകം, മംഗളം, സഖി, സുനന്ദ, തരംഗിണി, ജനനി, വന്ദന തുടങ്ങിയവ അവയിൽ ചിലതുമാത്രം. കറുപ്പിലും വെളുപ്പിലും അച്ചടിച്ചിരുന്നവയാണ് ഈ വാരികകൾ. മനോരാജ്യം മാത്രമാണ് അന്ന് കളറിലുണ്ടായിരുന്നത്. അന്നത്തെ ഏറ്റവും പ്രചാരമുള്ള ഒരു വാരികക്ക് 16 ലക്ഷത്തിലധികം വായനക്കാരുണ്ടായിരുന്നു. വരിസംഖ്യ അടച്ചവർക്കുള്ള ഒറ്റക്കോപ്പികളാണ് നട്ടാശ്ശേരി പോസ്റ്റോഫിസ് വഴി പോയിരുന്നത്. കൂടുതൽ എണ്ണമുള്ളവ കോട്ടയം ആർ.എം.എസ് വഴിയും ഏജൻറുമാർക്കുള്ള കോപ്പികൾ ലോറിയിലുമാണ് അയച്ചിരുന്നത്.
തിങ്കളാഴ്ചകളിൽ വാരികകളുടെ കെട്ടുകൾ കയറ്റിയയക്കുന്നത് ഈ അക്ഷരത്തെരുവിലെ പുലർകാല കാഴ്ചയായിരുന്നു. മിക്കവാറും ഈ വാരികകളുടെയെല്ലാം ഏജൻറുമാരും ഒന്നായിരുന്നു. വാരികകളിലേക്കുള്ള രചനകൾ അയച്ചിരുന്നതും നട്ടാശ്ശേരി പോസ്റ്റോഫിസിലേക്കായിരുന്നതിനാൽ അന്നത്തെ എഴുത്തുകാർക്കെല്ലാം പരിചിതമായിരുന്നു കോട്ടയം-6. ഇടുക്കി, വയനാട് തുടങ്ങിയ ജില്ലകളിലേക്കാണ് ഏറ്റവുമധികം പുസ്തകങ്ങൾ പോയിരുന്നത്. അന്നത്തെ തലമുറയെ ഹരം കൊള്ളിച്ച ഈ വാരികകളിൽ മിക്കതും ഇപ്പോഴില്ല.
നഷ്ടത്തിലായതോടെ പ്രസിദ്ധീകരണ സ്ഥാപനങ്ങളെല്ലാം പൂട്ടി. ടെലിവിഷെൻറ വരവോടെ 90 കൾക്കുശേഷമാണ് ഇൗ വാരികകൾക്ക് ആവശ്യം കുറഞ്ഞതെന്ന് എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ ഏറ്റുമാനൂർ ശിവകുമാർ പറയുന്നു. വലിയൊരു വിഭാഗം വായനയിൽനിന്നു കാഴ്ചശീലങ്ങളിലേക്കു മാറി. പുസ്തകങ്ങളുടെ എണ്ണം കുറഞ്ഞെങ്കിലും കോട്ടയം -6 എന്ന വിലാസം വായനയെ ഇഷ്ടപ്പെടുന്ന മുതിർന്ന തലമുറക്ക് ഗൃഹാതുരതയുടെ സുഗന്ധം പടർത്തുന്ന ഓർമയാണ്.
മുന്നിൽ കോട്ടയം ആർ.എം.എസ്
കേരളത്തിൽ ഏറ്റവുമധികം പ്രസിദ്ധീകരണങ്ങൾ പോകുന്നത് കോട്ടയം പോസ്റ്റൽ ഡിവിഷനുകീഴിലെ ആർ.എം.എസിൽനിന്നാണ്. 77 പ്രസിദ്ധീകരണങ്ങൾക്കാണ് ഈ ഡിവിഷനിൽ അനുമതിയുള്ളത്. വാരികകൾ, മാസികകൾ, ജേണലുകൾ, പ്രത്യേക പതിപ്പുകൾ, ക്രിസ്ത്യൻ സഭയുടെ പ്രസിദ്ധീകരണങ്ങൾ, പഠനോപാധികൾ തുടങ്ങി നാലു ലക്ഷത്തിനടുത്ത് പുസ്തകങ്ങളാണ് ഒരു മാസം കോട്ടയത്തെ ആർ.എം.എസിൽനിന്നയക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.