കോഴിക്കോട് ജില്ലയിലെ കോവിഡ് പരിശോധന രണ്ടുലക്ഷം പിന്നിട്ടു
text_fieldsകോഴിക്കോട്: കോവിഡ് പരിശോധനകളുടെ എണ്ണം ജില്ലയിൽ രണ്ടുലക്ഷം പിന്നിട്ടു. വ്യാഴാഴ്ച വരെ ജില്ലയിൽ 2,00,686 കോവിഡ് പരിശോധനകളാണ് നടത്തിയത്. പ്രധാനമായും ആൻറിജൻ പരിശോധനയാണ് നടത്തുന്നത്. സർക്കാർ സംവിധാനത്തിലൂടെ ഇതിനോടകം 79,395 ആൻറിജൻ പരിശോധനകളും 64,376 ആർ.ടി.പി.സി.ആർ പരിശോധനകളും 4,508 ട്രൂനാറ്റ് പരിശോധനകളും നടത്തി. ഇവകൂടാതെ 47 ആൻറിബോഡി പരിശോധനകളും നടത്തിയിട്ടുണ്ട്.
സ്വകാര്യ ലാബുകളിൽ 52,360 കോവിഡ് പരിശോധനകളാണ് നടത്തിയത്. ദിവസേന ഏകദേശം അയ്യായിരത്തോളം പരിശോധനകളാണ് ജില്ലയിൽ നടത്തുന്നത്. സർക്കാർ നിശ്ചയിച്ച നിരക്ക് പ്രകാരം ആൻറിജന് 1000 രൂപയും ആർ.ടി.പി.സി.ആറിന് 2,750 രൂപയും ട്രൂനാറ്റിന് 1500 രൂപയുമാണ് ചെലവ്. ഈ തുക സർക്കാർ വഹിക്കുകയാണ്.
രോഗവ്യാപനം രൂക്ഷമായ ക്ലസ്റ്റർ മേഖലകളിൽ കൂടുതൽ പരിശോധന നടത്തുന്നുണ്ട്. ഇവിടങ്ങളിലെ പ്രൈമറി, സെക്കൻഡറി സമ്പർക്കങ്ങളെല്ലാം കണ്ടെത്തിയാണ് പരിശോധന.
പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉൾപ്പെടുന്നവർക്ക് ആദ്യ പരിശോധന നടത്തി ഏഴുദിവസത്തിനുശേഷം വീണ്ടും നടത്തുന്നുണ്ട്. മറ്റു രോഗബാധിതർ, ആരോഗ്യപ്രവർത്തകർ, വിദേശത്തുനിന്ന് എത്തിയവർ, ഇതര സംസ്ഥാനത്തുനിന്നും വരുന്നവർ, അന്തർ സംസ്ഥാന തൊഴിലാളികൾ എന്നിവർക്കെല്ലാം പരിശോധന ഉറപ്പാക്കുന്നുണ്ട്. മത്സ്യമാർക്കറ്റ്, ഹാർബറുകൾ, ജനത്തിരക്കേറിയ ഇടങ്ങൾ കൂടാതെ രോഗവ്യാപനം രൂക്ഷമായ കോഴിക്കോട് കോർപറേഷൻ, വടകര, ചോറോട്, ഒളവണ്ണ പ്രദേശങ്ങളിലാണ് ഏറ്റവും കൂടുതൽ പരിശോധന നടത്തിയത്.
എല്ലാ പഞ്ചായത്തുകളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ വഴി കോവിഡ് പരിശോധന സൗകര്യം ലഭ്യമാണ്. ആഴ്ചയിൽ ഒരു ദിവസം എന്ന ക്രമത്തിലാണ് പരിശോധന ഉറപ്പാക്കുന്നത്.
ഇതിനായി പ്രത്യേകം പരിശീലനം നൽകിയ ആരോഗ്യപ്രവർത്തകരുണ്ട്. നാലുമുതൽ അഞ്ചുപേരടങ്ങുന്ന ആരോഗ്യപ്രവർത്തകരുടെ സംഘമാണ് പരിശോധന നടത്തുന്നത്.
ജില്ല ആശുപത്രി, താലൂക്കാശുപത്രികൾ തുടങ്ങി ജില്ലയിലെ പ്രധാനപ്പെട്ട ആശുപത്രികളിലും ചില സ്വകാര്യ ലാബുകളിലും പരിശോധന സൗകര്യമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.