എൽ.പി, യു.പി അധ്യാപക പരീക്ഷ മലയാളത്തിലെഴുതാം; പാഠ്യപദ്ധതിയിൽ മലയാളമില്ല
text_fieldsകാസർകോട്: മാതൃഭാഷയിലെ പരിജ്ഞാനം ആവശ്യമില്ലാതെ എൽ.പി, യു.പി വിദ്യാർഥികളെ പഠിപ്പിക്കാം. കേരള പി.എസ്.സിയുടെ നവംബറിൽ നടക്കാനിരിക്കുന്ന പരീക്ഷയിലാണ് ഇതാദ്യമായി മലയാളം പഠനവിഷയമല്ലാത്തത്. ചോദ്യങ്ങൾ മലയാളത്തിലാണെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും പഠന വിഷയങ്ങളിൽ മലയാളമില്ല.
നിരന്തര സമരത്തിൻെറ ഭാഗമായാണ് ചോദ്യങ്ങൾ മലയാളത്തിലാക്കാൻ പി.എസ്.സി തത്ത്വത്തിൽ തീരുമാനിച്ചത്. നവംബറിൽ നടത്താൻ നിശ്ചയിച്ചിരിക്കുന്ന പരീക്ഷയിൽ യു.പി വിഭാഗത്തിന് 10 മാർക്കിന് ഇംഗ്ലീഷ് ഭാഷയിലുള്ള ചോദ്യങ്ങൾ നൽകിയിട്ടുണ്ട്. എന്നാൽ, ഇതിലും മലയാളത്തെ പരിഗണിച്ചിട്ടില്ല. ഭാഷയുടെയും മറ്റ് വിഷയങ്ങളുടെയും അടിത്തറ രൂപവത്കരിക്കുന്ന പ്രൈമറി ക്ലാസുകളിൽ പഠിപ്പിക്കാൻ ഭാഷ എഴുതാനും വായിക്കാനും മാത്രം അറിഞ്ഞാൽ മതിയെന്ന തീരുമാനം അശാസ്ത്രീയമാണെന്ന് ഭാഷാവിദഗ്ധർ പറയുന്നു.
കർണാടകയിലോ തമിഴ്നാട്ടിലോ ഈ നിലപാട് പറ്റില്ലെന്നിരിക്കെ സാക്ഷര കേരളത്തിൽ മാതൃഭാഷയെ അവഗണിക്കുന്ന നിലപാടാണ് പി.എസ്.സി സ്വീകരിച്ചതെന്ന് മലയാള ഐക്യവേദി രക്ഷാധികാരി ഡോ. എ.എം. ശ്രീധരൻ 'മാധ്യമ'ത്തോടു പറഞ്ഞു. മലയാളമറിയാത്ത അധ്യാപകൻ പഠിപ്പിക്കുമ്പോൾ ആ കുട്ടി കേരളത്തിൽനിന്ന് അകലുകയാണ് ചെയ്യുക. കേരളം അന്യമാകുന്ന ഒരു തലമുറയെ സൃഷ്ടിക്കാനേ ഈ തീരുമാനമുതകൂ -അദ്ദേഹം കൂട്ടിച്ചേർത്തു. ഭാഷാ, സാംസ്കാരിക സംഘടനകളെയും എഴുത്തുകാരെയും അണിനിരത്തി വരും ദിവസങ്ങളിൽ പ്രക്ഷോഭം സംഘടിപ്പിക്കാനൊരുങ്ങുകയാണ് മലയാള ഐക്യവേദി. -
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.