Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Jan 2021 5:28 AM IST Updated On
date_range 24 Jan 2021 5:28 AM ISTഇവിടെ വാക്കുകൾ വീർപ്പുമുട്ടുകയാണ്
text_fieldsbookmark_border
പ്രസാധകരെ തേടി 83കാരനായ 'ഡിക്ഷണറി മാൻ' കണ്ണൂർ: 83ാം വയസ്സിലും തൻെറ ചതുർഭാഷ നിഘണ്ടുവിന് രണ്ടാം പ്രസാധകരെ തേടുകയാണ് തലശ്ശേരി സ്വദേശിയായ ഞാറ്റ്യേല ശ്രീധരൻ. നാലാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ശ്രീധരേട്ടൻെറ 25 വർഷത്തെ അധ്വാനമാണ് നിഘണ്ടുവിലെ ഒരോ പേജുകളിലും. നാലാം ക്ലാസിൽ പഠനം മുടങ്ങിയ ശ്രീധരൻ ബീഡി തെറുപ്പുകാരനായാണ് ജീവിതം ആരംഭിച്ചത്. പാലക്കാട് ബീഡി കമ്പനിയിൽ ജോലി ചെയ്യുേമ്പാഴും ഭാഷമാത്രമായിരുന്നു സ്വപ്നത്തിൽ നിറയെ. കേരളം, കർണാടകം, തമിഴ്നാട്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിെല ഉൾഗ്രാമങ്ങളിലടക്കം ഭാഷയുടെ വകഭേദങ്ങൾ തേടി അദ്ദേഹം ജോലിത്തിരക്കിനിടയിലും യാത്രതിരിച്ചു. അങ്ങനെ ഹെർമൻ ഗുണ്ടർട്ടിൻെറ മലയാളം നിഘണ്ടുവിന് ശേഷം തലശ്ശേരിയിൽ നിന്ന് വീണ്ടുമൊരു ഭാഷ നിഘണ്ടു പിറന്നു, ഞാറ്റ്യേല ശ്രീധരൻെറ ചതുർഭാഷ നിഘണ്ടു. മലയാളത്തിലെ ഒാരോ വാക്കിൻെറയും അർഥവും അതിൻെറ വകഭേദങ്ങളും ഇതിന് സമാനമായ തെലുങ്ക്, കന്നഡ, തമിഴ് വാക്കുകളുമടങ്ങുന്നതാണ് ഇൗ നിഘണ്ടു. നാല് ദ്രാവിഡ ഭാഷകളിൽ വാക്കുകളുടെ അർഥം കണ്ടെത്താൻ പറ്റുന്ന മറ്റൊരു നിഘണ്ടു വേറെയില്ല. അതാണ് ഭാഷാലോകത്ത് ശ്രീധരേട്ടൻെറ ചതുർഭാഷ നിഘണ്ടു വ്യത്യസ്തമാകുന്നതും. നാല് ഭാഷയിലും ആഴത്തിലുള്ള അവഗാഹം നേടിയതിന് ശേഷമാണ് ചതുർഭാഷ നിഘണ്ടു എന്ന സ്വപ്നം അദ്ദേഹത്തിന് സാക്ഷാത്കരിക്കാനായത്. കൂത്തുപറമ്പ് ആസ്ഥനമായുള്ള സീനിയർ സിറ്റിസൻ ഫോറം മുൻകൈയെടുത്താണ് ഒന്നാം പതിപ്പ് പുറത്തിറക്കിയത്. അങ്ങനെ 16,000ത്തിനു മുകളിൽ മലയാളം വാക്കുകളുടെ അർഥം കണ്ടുപിടിക്കാൻ അദ്ദേഹം നടത്തിയ ശ്രമം ഒന്നാം പതിപ്പിലൂടെ പുറംലോകമറിഞ്ഞു. ലോക്ഡൗണിനുശേഷം 2020 നവംബർ ഒന്നിന് പുറത്തിറങ്ങിയ ഒന്നാംപതിപ്പ് രണ്ടാഴ്ചക്കകം മുഴുവൻ വിറ്റുതീർന്നു. കേരളത്തിനകത്തും പുറത്തുനിന്നുമായി നിരവധി പേരാണ് ഇതിൻെറ കോപ്പി അന്വേഷിച്ച് ഇപ്പോഴും ശ്രീധരേട്ടനെ തേടിയെത്തുന്നത്. നിഘണ്ടു ആവശ്യപ്പെട്ട് തെലങ്കാനയിൽ നിന്നുവരെ കഴിഞ്ഞ ദിവസം ഫോൺ വിളിയെത്തി. എന്നാൽ, സാമ്പത്തിക-കോവിഡ് പ്രതിസന്ധികൾ കാരണം രണ്ടാം എഡിഷന് പ്രസാധകരെ ലഭ്യമായിട്ടില്ല. കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ടിന്, ഇൗ ആവശ്യം ഉന്നയിച്ച് കത്തെഴുതിയിട്ടുണ്ടെന്നും അനുകൂല തീരുമാനം പ്രതീക്ഷിക്കുന്നതായും ശ്രീധരേട്ടൻ പറഞ്ഞു. ജോലിക്കിടയിൽ സ്കൂളിൽ പോകാതെ സ്വയം പഠിച്ചാണ് ഇ.എസ്.എൽ.സി പാസായത്. ബീഡിത്തൊഴിലാളിയായി പാലക്കാട് ജോലി ചെയ്യുന്ന കാലത്ത് തമിഴ് പഠിച്ചു. ഈ കാലഘട്ടത്തിൽ പത്രങ്ങളിലൂടെയും ആനുകാലിക പ്രസിദ്ധീകരണ വായനയിലൂടെയും ഭാഷാപഠനം സജീവമാക്കി. വ്യത്യസ്ത ലിപികൾ, ലിപി വിന്യാസം, വ്യാകരണം, പ്രാദേശിക പദപ്രയോഗങ്ങൾ എന്നീ വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ഇതിലൂടെയാണ് അദ്ദേഹം ചതുർഭാഷ നിഘണ്ടു എന്ന ആശയത്തിലെത്തുന്നത്. 1970ൽ ഇറിഗേഷൻ വകുപ്പിൽ നിയമനം ലഭിച്ചതോടെ ഭാഷാപഠനത്തിന് കൂടുതൽ സമയം കണ്ടെത്താൻ ശ്രമിച്ചു. ജോലിക്കിടയിൽ അവധിയെടുത്തും ഇടവേളകളിലുമാണ് ആന്ധ്രാപ്രദേശ്, കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽ ദ്രാവിഡ ഭാഷാ പഠനങ്ങൾക്കായി സഞ്ചരിച്ചത്. ആന്ധ്രയിലെ നെല്ലൂരിൽ പോയാണ് തെലുങ്ക് ഭാഷയിൽ കൂടുതൽ പ്രാവീണ്യം നേടിയത്.1994ൽ സർവിസിൽ നിന്ന് വിരമിച്ചതിനുശേഷം മുഴുവൻ സമയവും ഭാഷാ നിഘണ്ടുവിനായി മാറ്റി വെക്കുകയായിരുന്നു. പി.വി. സനൽ കുമാർ പടം: kng Njattyela Sreedharan - ഞാറ്റ്യേല ശ്രീധരൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story