Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Dec 2021 12:02 AM GMT Updated On
date_range 16 Dec 2021 12:02 AM GMTകെ റെയിൽ: സർക്കാർ പ്രവർത്തിക്കുന്നത് ബഹുരാഷ്ട്ര കുത്തകകൾക്കു വേണ്ടി -യു.ഡി.എഫ്
text_fieldsbookmark_border
കോഴിക്കോട്: കെ-റെയില്‍ പദ്ധതിയെക്കുറിച്ച് ജനങ്ങള്‍ക്കുള്ള ആശങ്ക പരിഹരിക്കാനോ പൊതുചര്‍ച്ചകള്‍ക്കോ തയാറാവാത്ത സര്‍ക്കാര്‍ കിടപ്പാടവും സ്വത്തും നഷ്ടമാകുന്നതിനെതിരെ അതിജീവന സമരം ചെയ്യുന്ന ജനങ്ങളെ വികസന വിരോധികളായി മുദ്രകുത്തുകയാണെന്ന് യു.ഡി.എഫ് നേതാക്കൾ ആരോപിച്ചു. കെ-റെയില്‍ പദ്ധതി രേഖയില്‍ വന്‍ അട്ടിമറിയാണ് സംഭവിച്ചതെന്ന് ആരോപിച്ചത് പദ്ധതിയുടെ ആദ്യ സാധ്യതാ പഠനത്തിന് നേതൃത്വം നല്‍കിയ റെയില്‍വേ മുൻ ഉദ്യോഗസ്ഥന്‍ അലോക് കുമാര്‍ വർമ തന്നെയാണ്. ഇപ്പോള്‍ പുറത്തുവിട്ട വിശദ പദ്ധതിരേഖ വ്യാജമാണെന്ന വർമയുടെ വെളിപ്പെടുത്തല്‍ കേരളത്തെ ഞെട്ടിക്കുന്നതും സര്‍ക്കാറിൻെറ അമിത താൽപര്യത്തിന് പിന്നിലുള്ള സംശയങ്ങള്‍ വര്‍ധിപ്പിക്കുന്നതുമാണ്. ബഹുരാഷ്ട്ര കുത്തകകൾക്കുവേണ്ടിയാണ് സർക്കാറിൻെറ പ്രവർത്തനം. ഇതിനു പിന്നിൽ അഴിമതി മണക്കുന്നുണ്ട്. ആര്‍ക്കുവേണ്ടിയാണ് ഇത്രയേറെ ധിറുതിപ്പെട്ട് പദ്ധതിക്കുവേണ്ടി കല്ലിടൽ നടത്തുന്നതെന്ന് വ്യക്തമാക്കാന്‍ സര്‍ക്കാര്‍ തയാറാവണം. ജില്ലയിൽ നൂറുകണക്കിന് വീടുകളും പാടങ്ങളും കെട്ടിടങ്ങളും ഉള്‍പ്പെടെ നഷ്ടപ്പെടുന്ന സാഹചര്യമാണുള്ളത്. കേരളത്തിൻെറ സമ്പത്തും പരിസ്ഥിതിയും ആവാസ വ്യവസ്ഥയും കൊള്ളയടിക്കുന്ന പദ്ധതിക്കെതിരായ പ്രക്ഷോഭത്തിൻെറ ഭാഗമായി ശനിയാഴ്ച കലക്ടറേറ്റ് മാർച്ചും ധർണയും സംഘടിപ്പിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. രാവിലെ 10ന് എരഞ്ഞിപ്പാലത്തുനിന്ന് മാർച്ച് ആരംഭിക്കും. എം.പിമാരായ കെ. മുരളീധരൻ, എം.കെ. രാഘവൻ, എം.കെ. മുനീർ എം.എൽ.എ, കെ.കെ. രമ എം.എൽ.എ തുടങ്ങിയവർ സംസാരിക്കും. വാർത്തസമ്മേളനത്തിൽ യു.ഡി.എഫ് ചെയർമാൻ കെ. ബാലനാരായണൻ, ജന. കൺവീനർ എം.എ. റസാഖ് മാസ്റ്റർ എന്നിവർ പങ്കെടുത്തു. 'ആഭ്യന്തര വകുപ്പ് സംഘ്പരിവാറിനോട് മത്സരിക്കുന്നു' കോഴിക്കോട്: കടപ്പുറത്ത് നടന്ന മുസ്ലിം ലീഗിൻെറ വഖഫ് സംരക്ഷണ റാലിക്കെതിരെ കേസെടുത്ത ആഭ്യന്തര വകുപ്പ് വർഗീയതയിൽ സംഘ്പരിവാറിനോട് മത്സരിക്കുകയാണെന്ന് യു.ഡി.എഫ് നേതാക്കളായ കെ. ബാലനാരായണനും എം.എ. റസാഖ് മാസ്റ്ററും കുറ്റപ്പെടുത്തി. സി.പി.എമ്മിൻെറ എത്രയോ സമ്മേളനങ്ങൾ നടന്നിട്ടും തലശ്ശേരിയിൽ വർഗീയ ഭീഷണി മുഴക്കി സംഘ്പരിവാർ പ്രകടനം നടത്തിയിട്ടും പൊലീസ് കേസെടുത്തില്ല. വഖഫ് സംരക്ഷണം എങ്ങനെയാണ് വർഗീയമാകുന്നതെന്നും നേതാക്കൾ വാർത്തസമ്മേളനത്തിൽ ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story