Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Dec 2021 12:05 AM GMT Updated On
date_range 16 Dec 2021 12:05 AM GMTലിംഗ ഭേദമില്ലാത്ത യൂനിഫോമിനെ എതിർക്കുന്നവർ അറുപഴഞ്ചൻ മനഃസ്ഥിതിയുള്ളവർ -മന്ത്രി ബിന്ദു
text_fieldsbookmark_border
ബാലുശ്ശേരി: ലിംഗ ഭേദമില്ലാത്ത യൂനിഫോമിലേക്ക് മാറുന്നത് ആൺകുട്ടികൾ, പെൺകുട്ടികൾ എന്ന വിവേചനത്തിനപ്പുറം മനുഷ്യരെന്ന രീതിയിൽ എല്ലാവരും ഒരുമിച്ച് ഒരേദിശയിൽ പോകുന്നതിനുള്ള സൂചന കൂടിയാണെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ.ആർ. ബിന്ദു. സംസ്ഥാനത്ത് ആദ്യമായി ബാലുശ്ശേരി ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ജെൻഡർ ന്യൂട്രൽ യൂനിഫോം പ്രഖ്യാപനം ഓൺലൈനിലൂടെ നിർവഹിക്കുകയായിരുന്നു അവർ. സമൂഹത്തിൽ ലിംഗനീതി, സമത്വം എന്നീ ആശയങ്ങൾ ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇവിടെ ഏകീകൃത യൂനിഫോം നടപ്പാക്കുന്നത്. എപ്പോഴും മാറ്റങ്ങളുണ്ടാകുമ്പോൾ അതിയാഥാസ്ഥിതികരായുള്ള, അറുപഴഞ്ചൻ മനഃസ്ഥിതിയുള്ള ആളുകൾ അതിനെ എതിർത്തു പോന്നിട്ടുണ്ട്. അതിനെ നമ്മൾ ഭയപ്പെടേണ്ടതില്ല. മാറ്റങ്ങളിലൂടെ തന്നെയാണ് വസ്ത്ര സംസ്കാരം എപ്പോഴും മുമ്പോട്ടുപോയിട്ടുള്ളത്. പല സ്വകാര്യ വിദ്യാലയങ്ങളിലും വസ്ത്ര ഏകീകരണമുണ്ട്. അവിടേക്ക് ആരും പ്രതിഷേധവുമായി പോകുന്നില്ല. നമ്മുടെ പരിസ്ഥിതിക്ക് അനുയോജ്യമല്ലാത്ത വസ്ത്രങ്ങൾ അടിച്ചേൽപിക്കുന്ന വിദ്യാലയങ്ങളുണ്ട്. അത്തരം അടിച്ചേൽപിക്കലിനെതിരെ പ്രതിഷേധിക്കാത്ത ആളുകളാണ് തികച്ചും നിരുപദ്രവകരമായ ജെൻഡർ ന്യൂട്രൽ യൂനിഫോം ആശയത്തിനെതിരെ രംഗത്തുവന്നിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു. പി.ടി.എ പ്രസിഡൻറ് കെ. ഷൈബു അധ്യക്ഷത വഹിച്ചു. അഡ്വ.കെ.എം. സച്ചിൻ ദേവ് എം.എൽ.എ, നടി റീമ കല്ലിങ്കൽ എന്നിവരുടെ സന്ദേശങ്ങൾ ചടങ്ങിൽ വായിച്ചു. തൃശൂർ വനിത സെൽ എസ്.ഐ. വിനയ, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രൂപലേഖ കൊമ്പിലാട്, ജില്ല പഞ്ചായത്തംഗം പി.പി. പ്രേമ, വാർഡ് അംഗം ഹരീഷ് നന്ദനം, ഹെഡ്മിസ്ട്രസ് ഇ. പ്രേമ, രജിത, ശോഭന ടീച്ചർ, പി. വേണുഗോപാൽ, യു.ആർ. ശിവനന്ദ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ ആർ. ഇന്ദു സ്വാഗതവും അഭിലാഷ് മാസ്റ്റർ നന്ദിയും പറഞ്ഞു. പടം: Clbsy ബാലുശ്ശേരി ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ജെൻഡർ ന്യൂട്രൽ യൂനിഫോം പ്രഖ്യാപനം ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ.ആർ. ബിന്ദു ഓൺലൈൻ വഴി ഉദ്ഘാടനം ചെയ്യുന്നു. Vj5 ബാലുശ്ശേരി ഗവ. എച്ച്.എസ്.എസിൽ ലിംഗഭേദമില്ലാതെ യൂനിഫോമണിഞ്ഞെത്തിയ വിദ്യാർഥികളുടെ ആഹ്ലാദം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story