Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Feb 2022 12:08 AM GMT Updated On
date_range 24 Feb 2022 12:08 AM GMTബേപ്പൂർ പുലിമുട്ടിൽ നാവിഗേഷൻ ലൈറ്റ് പുനഃസ്ഥാപിച്ചു
text_fieldsbookmark_border
ബേപ്പൂർ: ഹാർബറിലേക്ക് പ്രവേശിക്കുന്ന ജലയാനങ്ങൾക്ക് ദിശ കൃത്യമായി മനസ്സിലാക്കാൻ ബേപ്പൂർ പുലിമുട്ടിൽ സോളാർ നാവിഗേഷൻ ലൈറ്റ് പുനഃസ്ഥാപിച്ചു.കേരള സർക്കാറിന്റെ ഹാർബർ എൻജിനീയറിങ് ഫണ്ടിൽ നിന്ന് 1,37,000 രൂപ ചെലവാക്കിയാണ് ദിശാവെളിച്ചം ഒരുക്കിയത്. ബേപ്പൂരിലെയും ചാലിയത്തെയും പുലിമുട്ടുകളിൽ 2018ലാണ് സോളാർ നാവിഗേഷൻ ലൈറ്റുകൾ ആദ്യമായി സ്ഥാപിച്ചത്. നിരവധിതവണ കണ്ണടയുന്ന വിളക്കുകൾ വീണ്ടും നന്നാക്കി സ്ഥാപിക്കുകയായിരുന്നു പതിവ്. ബേപ്പൂർ പുലിമുട്ട് നടപ്പാതയുടെ അവസാനഭാഗത്ത് സ്ഥാപിച്ച വിളക്ക് കേടു വന്നിട്ട് ഒരു വർഷത്തിലധികമായി. മത്സ്യത്തൊഴിലാളികളുടെ നിരന്തര പ്രതിഷേധത്തിനൊടുവിൽ 'താൽക്കാലിക ലൈറ്റ്' സ്ഥാപിച്ചാണ് പ്രശ്നം പരിഹരിച്ചത്. കൃത്യമായ ദിശ മനസ്സിലാകാതെ മീൻപിടിത്തം കഴിഞ്ഞുവരുന്ന ജലയാനങ്ങൾ അഴിമുഖത്തെത്തുമ്പോൾ ശക്തിയേറിയ തിരമാലകളിൽപെട്ട് തകരുന്ന സംഭവങ്ങൾ ഇടക്കിടെ ഉണ്ടാകാറുണ്ട്. ഓൾ കേരള ഫിഷിങ് ബോട്ട് ഓപറേറ്റേഴ്സ് അസോസിയേഷനും കപ്പൽ ക്യാപ്റ്റന്മാരും ബേപ്പൂർ കടലോര ജാഗ്രത സമിതിയും ഹാർബർ വികസന സമിതിയും ആവശ്യപ്പെട്ടതിനാലാണ് അടിയന്തരമായി പുനഃസ്ഥാപിച്ചത്. രാജ്യാന്തര സമുദ്ര ചട്ടപ്രകാരം ഇരു പുലിമുട്ടുകളിലായി ഒന്നിൽ പച്ചയും മറ്റൊന്നിൽ ചുവപ്പും നിറമുള്ള ലൈറ്റുകളാണ് സ്ഥാപിക്കുക. ബേപ്പൂർ പുലിമുട്ടിൽ സ്ഥാപിച്ചത് പച്ചനിറമാണ്. കടലിൽ അഞ്ച് നോട്ടിക്കൽ മൈൽ ദൂരത്തു നിന്ന് വരെ സൂചിക വെളിച്ചം കാണാനാകുമെന്നതാണ് പ്രത്യേകത. ദിശാവെളിച്ചം സ്ഥാപിക്കാൻ ഹാർബർ അസി. എക്സി. എൻജിനീയർ കെ. രാജേഷ്, സി.എം. മിഥുൻ, കരിച്ചാലി പ്രേമൻ,സി. മുസ്തഫ ഹാജി, വി. രമേശൻ, കെ.പി. ഹുസൈൻ കോയ ,കെ.വി. റാസി,കെ.വി. ശിവദാസൻ, എം. കബീർ, സി. മുജീബ് എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story