Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 May 2022 12:15 AM GMT Updated On
date_range 2 May 2022 12:15 AM GMTപുഴയിൽനിന്ന് നീക്കംചെയ്ത മണ്ണും ചളിയും വീണ്ടും പുഴയിലേക്ക്..!!!
text_fieldsbookmark_border
കുന്ദമംഗലം: പൂനൂർ പുഴയുടെ ഒഴുക്ക് സുഗമമാക്കാൻ നഗരസഞ്ചയനം പദ്ധതിയനുസരിച്ച് ജില്ല പഞ്ചായത്ത് പുഴയിൽനിന്ന് നീക്കംചെയ്യുന്ന ചളി പുഴയരികിൽതന്നെ നിക്ഷേപിക്കുന്നു. ജില്ല പഞ്ചായത്ത് രണ്ട് ഘട്ടങ്ങളിലായി 2.8 കോടിയോളം ചെലവഴിച്ച് ജലസേചന വകുപ്പിന്റെ മേൽനോട്ടത്തിലാണ് മണ്ണുമാന്തിയന്ത്രവും മറ്റും ഉപയോഗിച്ച് പുഴയിൽ അടിഞ്ഞ ചളി, മണ്ണ്, മണൽ, മരത്തടികളും മറ്റും നീക്കംചെയ്യുന്നത്. പടനിലം പാലത്തിനടുത്ത് ചെക്ക് ഡാം പ്രദേശത്തെ ചളിയും വശങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. പുഴയിലെ നീരൊഴുക്ക് സുഗമമാക്കുക, പരിസരപ്രദേശങ്ങളിലെ കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണുക എന്നീ ലക്ഷ്യത്തോടെയാണ് ചളി നീക്കിയിരുന്നത്. എന്നാൽ, നീക്കംചെയ്ത ചളി പുഴയോരത്ത് കൂട്ടിയിട്ടതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. കുന്ദമംഗലം പഞ്ചായത്തിന്റെ വടക്കേ അതിർത്തിയിലൂടെ ഒഴുകുന്ന പൂനൂർ പുഴയുടെ പഞ്ചായത്തിലെ പ്രധാനപ്പെട്ട സ്ഥലങ്ങളായ താളിക്കുണ്ട്, പണ്ടാരപറമ്പ്, പാറക്കടവ് തുടങ്ങി നിരവധി സ്ഥലങ്ങളിൽ പുഴ വൃത്തിയാക്കിയിരുന്നു. കഴിഞ്ഞദിവസങ്ങളിലുണ്ടായ മഴയിൽ പുഴയോരത്ത് കൂട്ടിയിട്ട ചളി വീണ്ടും ഒഴുകി പുഴയിലെത്തിയെന്നാണ് പരാതി. പുഴയിലേക്ക് മഴ വെള്ളം ഒഴുകിയെത്തുന്ന ഇടവഴികളും ചെറിയ തോടുകൾ ചേരുന്ന പുഴയുടെ ഭാഗങ്ങളിലും ഇത്തരത്തിൽ ചളി നിക്ഷേപിച്ചത് വെള്ളത്തിനൊപ്പം പുഴയിലേക്ക് ഒഴികിയെത്തിയിട്ടുണ്ട്. മഴ കനക്കുന്നതോടെ ശേഷിക്കുന്ന ചളിയും മണ്ണും പുഴയിലേക്ക് തിരിച്ച് ഒഴുകുകയും ഇളകിയ മണ്ണ് പുഴയിൽ പരന്നൊഴുകി വീണ്ടും ഒഴുക്ക് തടസ്സപ്പെടാനും ഇടയാക്കുമെന്നാണ് ആശങ്ക. പലയിടങ്ങളിലും ഇടവഴികൾ വഴി ഒഴുകിയെത്തുന്ന വെള്ളം പുഴയിലേക്ക് സുഗമമായി ഒഴുകുന്നതിന് സംവിധാനമൊന്നും ഒരുക്കിയിരുന്നില്ല. മഴക്ക് മുമ്പ് പുഴയിൽനിന്ന് കോരിയെടുത്ത് പുഴയോരത്ത് നിക്ഷേപിച്ച ചളിയും മണ്ണും നീക്കംചെയ്യാൻ അടിയന്തരനടപടി സ്വീകരിച്ചില്ലെങ്കിൽ പദ്ധതികൊണ്ട് ഒരു പ്രയോജനവും ഉണ്ടാകില്ല എന്നാണ് നാട്ടുകാരുടെ പരാതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story