Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 May 2022 12:09 AM GMT Updated On
date_range 9 May 2022 12:09 AM GMTകർഷകർക്ക് ആശ്വാസം: അരൂർ ഒളോർ മാങ്ങ ഇത്തവണ ഉൽപാദനം കൂടി
text_fieldsbookmark_border
ആയഞ്ചേരി: ഭൗമസൂചിക പദവി നേടാൻ ഇടം കാത്തുനിൽക്കുന്ന തേനൂറും രുചിയുള്ള അരൂർ ഒളോർ മാങ്ങ ഇത്തവണ ഉൽപാദനം ഗണ്യമായി വർധിച്ചത് കർഷകർക്ക് ആശ്വാസമായി. കഴിഞ്ഞ രണ്ട് വർഷങ്ങളിൽ കാലംതെറ്റിയുള്ള മഴകാരണം ഉൽപാദനം കുറവും കോവിഡ് അടച്ചുപൂട്ടൽ കാരണം വിപണിയിലെത്തിച്ച് വിറ്റഴിക്കാൻ കഴിയാതെ കർഷകരും ഇടനിലക്കാരും ഏറെ പ്രയാസം നേരിട്ടിരുന്നു. ജില്ലയിലെ വടകര താലൂക്കിലാണ് അരൂർ എന്ന ഗ്രാമം സ്ഥിതിചെയ്യുന്നത്. തീക്കുനി, അരൂർ, കല്ലുമ്പുറം, പെരുമുണ്ടശ്ശേരി, ഹരിതവയൽ തുടങ്ങിയ അരൂറ മലയുടെ താഴ്വരയിലുള്ള ഓരോ വീടുകളിലും ഈ ഇനത്തിൽപെട്ട നിരവധി മാവുകൾ നിറയെ കായ്ച്ചുനിൽക്കുന്നത് കൗതുകകരമായ കാഴ്ചയാണ്. ഒരു മാവെങ്കിലുമില്ലാത്ത ചെറുവീടുപോലും പ്രദേശത്ത് കാണില്ല. സീസണിൽ അരൂർക്കാരുടെ വരുമാനമാർഗമാണ് ഒളോർ മാങ്ങ. ചെറിയ തുകക്കെങ്കിലും മാങ്ങ വിൽക്കാനില്ലാത്തവർ വിരളം. വൃശ്ചികമാസത്തോടൊപ്പം തണുപ്പെത്തിയാൽ മാവുകൾ പൂത്തുതുടങ്ങും. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ ഉൽപാദനം ഇരട്ടിയായിട്ടുണ്ടെന്ന് 50 വർഷത്തോളമായി പ്രദേശത്തെ മാങ്ങയുടെ മൊത്ത വിപണനം ചെയ്യുന്ന കുനിയേൽ ഗോപാലൻ പറയുന്നത്. വിപണിയിൽ ഏറെ ആവശ്യക്കാരുള്ള ഒളോർ മാങ്ങ മുൻകാലങ്ങളിൽ തലശ്ശേരി, വടകര മാർക്കറ്റുകളിലെ കച്ചവടക്കാരെത്തി മൊത്തമായി കൊണ്ടുപോകുകയാണ് ചെയ്തിരുന്നത്. വിദേശരാജ്യങ്ങളലും ഒളോറിന് ആവശ്യക്കാരേറിയതോടെ ഗൾഫ് രാജ്യങ്ങളായ ദുബൈ, ഖത്തർ, കുവൈത്ത്, ഒമാൻ, സൗദി എന്നിവിടങ്ങളിലേക്ക് നെടുമ്പാശ്ശേരിവഴി കയറ്റിയയച്ചുതുടങ്ങിയിട്ടുണ്ട്. മുൻ വർഷങ്ങളിൽ കിലോക്ക് 70 മുതൽ 120 രൂപ ലഭിച്ചിരുന്നുവെങ്കിലും ഇത്തവണ കിലോക്ക് 50 രൂപയാണ് മാമ്പഴത്തിന്റെ കമ്പോളവില. മാങ്ങ പഴുപ്പിക്കാനായി രാസപദാർഥങ്ങൾ ഉപയോഗിക്കുന്നത് വ്യാപകമായതോടെയാണ് ഇടനിലക്കാരെ ഒഴിവാക്കി അരൂരിലെ കർഷകർ നേരിട്ട് മാങ്ങ വിൽപന നടത്താൻ തുടങ്ങിയത്. മാമ്പഴം തേടി ആവശ്യക്കാർ ധാരാളമെത്തുന്നതായി കർഷകർ പറയുന്നു. അരൂരിന് പുറത്തുള്ള വടകര താലൂക്കിലെ വിവിധ പ്രദേശങ്ങളിലും ഒളോർ മാവുകളുണ്ടെങ്കിലും അരൂരിൽ വിളയുന്ന മാങ്ങകളുടെ രുചി ഇവക്കില്ലെന്നാണ് മാമ്പഴ പ്രേമികൾ പറയുന്നത്. ഒളോർ മാങ്ങയുടെ രുചിയാണ് അരൂർ എന്ന ഗ്രാമത്തെ പ്രശസ്തിയിലേക്ക് ഉയർത്തിയത്. ശരാശരി ഒരു മാവിൽ രണ്ട് ക്വിൻറൽ വരെ മാങ്ങ വിളയുന്നു. ഒമ്പത് ക്വിൻറൽ വരെ വിളയുന്ന മാവുകളും അരൂരിലുണ്ട്. പടം.. അരൂർ ഒളോർ മാങ്ങ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story