നന്ദി എന്ന മാനസികാവസ്ഥ മലയാളിക്ക് എളുപ്പം നഷ്ടമാവുന്നു -ടി. പത്മനാഭൻ
text_fieldsകോഴിക്കോട്: നന്ദി എന്ന മാനസികാവസ്ഥ മലയാളികളായ നമുക്ക് എളുപ്പം നഷ്ടമാവുന്ന ഒന്നാണെന്നും യു.എ. ഖാദർ അത് പ്രകടിപ്പിച്ചത് തൃക്കോട്ടൂർ ഭാഷയിൽ പറഞ്ഞാൽ അൽപം 'പോയത്തം'കൂടിയുള്ളതുകൊണ്ടാണെന്നും ടി. പത്മനാഭൻ. കേരള സാഹിത്യ അക്കാദമിയുടെ രണ്ടു ദിവസത്തെ 'ഖാദർ പെരുമ' അനുസ്മരണച്ചടങ്ങുകളുടെ സമാപനച്ചടങ്ങിൽ ടൗൺഹാളിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. അതുകൊണ്ടാണ് ഇന്നത്തെ നാട്ടുനടപ്പനുസരിച്ച് പറയാൻ പാടില്ലാത്ത കാര്യങ്ങൾ ഖാദർ പറഞ്ഞത്.
എനിക്ക് ഒരുത്തെൻറയും സഹായമുണ്ടായിട്ടില്ല. ഞാൻ ജനിക്കുമ്പോൾതന്നെ കവചകുണ്ഡലങ്ങളുമായി വന്നവനാണ് എന്നാണ് പറയേണ്ടത്. പക്ഷേ, സാഹിത്യജീവിതത്തിൽ തന്നെ തുണക്കുവാൻ വെറും മൂന്നാളുകളേ ഉണ്ടായിട്ടുള്ളൂവെന്നും അത് സി.എച്ച്. മുഹമ്മദ്കോയയും ബഷീറും ടി. പത്മനാഭനുമാണെന്നും ഖാദർ എന്ന ബർമക്കാരൻ പറയുകയും എഴുതുകയും ചെയ്തു. മലയാളിയായിരുന്നെങ്കിൽ അദ്ദേഹമിത് പറയില്ലായിരുന്നു.
വർഗീയ വിഭജനം നടക്കുന്ന കാലത്ത് ജീവിതംകൊണ്ട് ജാതി,മത അതിർവരമ്പുകളെ മറികടന്ന ജീവിതമായിരുന്നു യു.എ. ഖാദറിേൻറതെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത എം.എ. ബേബി പറഞ്ഞു. കൃതികൾ ആഘോഷിക്കുമ്പോഴും മതിയായ അംഗീകാരം ലഭിച്ചില്ലെന്ന ദുഃഖമുണ്ട്. യു.എ. ഖാദറിെൻറ പുസ്തകങ്ങൾ പി.കെ. പാറക്കടവ് ഐസക് ഈപ്പന് നൽകി പ്രകാശനം ചെയ്തു.
വൈശാഖൻ അധ്യക്ഷത വഹിച്ചു. സുഭാഷ് ചന്ദ്രൻ, ടി.ടി. ശ്രീകുമാർ, ഡോ. കെ.പി. മോഹനൻ, എ.കെ. രമേഷ്, എ.കെ. അബ്ദുൽ ഹക്കീം, യു.എ. ഫിറോസ് എന്നിവർ സംസാരിച്ചു.
വിവിധ വിഷയങ്ങളിൽ കെ.ഇ.എൻ, എൻ.പി. ഹാഫിസ് മുഹമ്മദ്, മൊയ്തു കണ്ണങ്കോട്, സുനിത ടി.വി, എം.സി. അബ്ദുൽ നാസർ, വി.ടി. സുരേഷ്, രാജേന്ദ്രൻ എടത്തുംകര, ഡോ. കെ.എം. ഭരതൻ, ഡോ. കെ.എം. അനിൽ, ഷാഹിന റഫീഖ്, വിൽസൺ സാമുവൽ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.