കുറ്റ്യാടി പുഴയിൽ കൈയേറ്റം; മണൽകടത്ത്
text_fieldsവടകര: കുറ്റ്യാടി പുഴയുടെ വിവിധ ഭാഗങ്ങളിൽ അനധികൃത കൈയേറ്റങ്ങളും മണൽകടത്തും സജീവം. പുഴയുടെ ആവള, വേളം, മണിയൂർ മേഖലകളിലാണ് മണൽകടത്ത് ഒരിടവേളക്കുശേഷം തകൃതിയായത്. മേഖലയിൽ പരിശോധനകൾ നടക്കാതായതോടെയാണ് സംഘങ്ങൾ തലപൊക്കിയത്. പലയിടങ്ങളിലും പകലിലാണ് മണലെടുപ്പ്.
അധികൃതരെ പല തവണ അറിയിച്ചിട്ടും നടപടിയില്ലെന്ന് തീരവാസികൾ പറയുന്നു. മണിയൂർ മേഖലയിലും സമീപ പഞ്ചായത്തിലും സമീപത്തും മണൽ എടുക്കാൻ ചെറുതോണികൾ ഉൾപ്പെടെ ഉണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. മുമ്പ് രാത്രി പരിശോധന സജീവമായിരുന്നു. പുഴ കടന്നുപോകുന്ന പേരാമ്പ്ര മേഖലയിൽ പുഴക്കുകുറുകെ ബാരലുകൾ കെട്ടി സ്വകാര്യ വ്യക്തി പെഡൽ ബോട്ടിങ് ഒരുക്കിയിട്ടുണ്ട്.
അടിയന്തര ഘട്ടങ്ങളിൽ അഗ്നിരക്ഷ സേനക്കോ പൊലീസിനോ പുഴയിലൂടെ ബോട്ടുകൾ കൊണ്ടുപോകാനാകാത്ത വിധമാണ് കൈയേറ്റം.
പുഴയോരത്തെ കണ്ടൽ കാടുകൾക്കിടയിൽ സാമൂഹിക വിരുദ്ധർക്ക് ഒത്തുചേരാനുള്ള അവസരവും ഒരുക്കുന്നതായാണ് വിവരം. കുറ്റ്യാടി പുഴയിലും തീര മേഖലയിലും കഴിഞ്ഞദിവസം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ ക്രൈം കൺട്രോൾ ബ്യൂറോ വളന്റിയർമാർ കിലോമീറ്ററോളം ദൂരം ബോട്ടിൽ സന്ദർശനം നടത്തി സ്ഥിതിഗതികൾ ബോധ്യപ്പെട്ടിട്ടുണ്ട്. പാരിസ്ഥിതിക വിഷയങ്ങളെ ചൂണ്ടിക്കാട്ടി റിപ്പോർട്ട് സമർപ്പിക്കാൻ ഒരുങ്ങുകയാണ് സംഘം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.