കെ-റെയിൽ വിരുദ്ധ സമരമേഖലയിൽ സെമിനാറുമായി സി.പി.എം
text_fieldsകോഴിക്കോട്: കെ-റെയിലിനെതിരെ സംസ്ഥാനത്തുതന്നെ ഏറ്റവും ശക്തമായ പ്രതിരോധവും സമരവും തുടരുന്ന കാട്ടിലപീടികയിൽ സെമിനാറുമായി സി.പി.എം. ഈ മാസം 10ന് തുടങ്ങുന്ന ജില്ല സമ്മേളനത്തോടനുബന്ധിച്ചാണ് തിങ്കളാഴ്ച വൈകീട്ട് മൂന്നിന് കേന്ദ്രകമ്മിറ്റി അംഗവും മുൻ മന്ത്രിയുമായ ഡോ. ടി.എം. തോമസ് ഐസക് പങ്കെടുക്കുന്ന ചടങ്ങ് നടക്കുന്നത്. 'കെ-റെയിൽ: നേരും നുണയും' വിഷയത്തിലാണ് സെമിനാർ. മാസങ്ങളായി തുടരുന്ന കാട്ടിലപീടികയിലെ സമരത്തിൽ പ്രശാന്ത് ഭൂഷണടക്കമുള്ള പ്രമുഖർ നേരത്തേ പങ്കെടുത്തിരുന്നു. സി.പി.എം ജില്ല സമ്മേളനം തുടങ്ങുന്ന ഈ മാസം 10ന് മേധ പട്കർ കാട്ടിലപീടികയിലെ സമരവേദിയിലെത്തുന്നുണ്ട്. യു.ഡി.എഫിലെ കക്ഷികളടക്കം സമരത്തിന് പൂർണ പിന്തുണയേകുന്നുണ്ട്.
അതേസമയം, കെ-റെയിലിന് അനുകൂലമായി സമൂഹമാധ്യമങ്ങളിൽ വ്യാപക പ്രചാരണമാണ് സി.പി.എം നേതൃത്വത്തിൽ നടത്തുന്നത്. പദ്ധതി വന്നില്ലെങ്കിൽ കേരളത്തിന്റെ ഭാവിതന്നെ ഇല്ലാതാകുമെന്ന് പാർട്ടിയുടെ വാട്സ്ആപ് ഗ്രൂപ്പുകളിൽ പ്രചരിപ്പിക്കുന്നുണ്ട്. പ്രമുഖരായ സൈബർ സഖാക്കൾ ഫേസ്ബുക്കിലും കെ-റെയിൽ അനുകൂല 'ക്യാപ്സ്യൂളുകൾ' എഴുതുന്നുണ്ട്. പ്രഫഷനലായി പി.ആർ, ക്രൈസിസ് മാനേജ്മെന്റ്, ബ്രാൻഡ് ബിൽഡിങ് ജോലികൾ ചെയ്യുന്നവരും സൈബർ സഖാക്കളായി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കെ-റെയിലിനെ എതിർക്കുന്നവരെ തീവ്രവാദികളും സംസ്ഥാനദ്രോഹികളുമാക്കാനുള്ള ശ്രമവും വ്യാപകമാണ്. കുണ്ടായിത്തോടിൽ സർവേ തടഞ്ഞ വ്യക്തിക്കെതിരെ 10 ലക്ഷത്തിന്റെ പൊതുമുതൽ നശിപ്പിച്ചതിനാണ് നല്ലളം പൊലീസ് കേസെടുത്തത്. ഭാവിയിലും ശക്തമായ നടപടിയെടുക്കാനാണ് പൊലീസിനുള്ള നിർദേശം. എന്നാൽ, ഇത്തരം പ്രവൃത്തികളെ പ്രതിരോധിക്കുമെന്നാണ് സമരസമിതിയുടെ നിലപാട്.
അതേസമയം, യു.ഡി.എഫ് നേതാക്കളടക്കം പദ്ധതിയെ എതിർത്ത് ഫേസ്ബുക്കിൽ സജീവമായിട്ടുണ്ട്. സമരത്തെ വിമോചനസമരത്തിലൂടെ സർക്കാറിനെ പുറത്താക്കാനുള്ള ശ്രമമായി ചിത്രീകരിക്കുന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഇരുട്ടുകൊണ്ട് ഓട്ടയടക്കുകയാണെന്ന് കെ.പി.സി.സി മുൻ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ കുറിച്ചു. ഉച്ചയുറക്കത്തിൽ, ആയിരക്കണക്കിന് കോടി അടിച്ചുമാറ്റാമെന്ന് പകൽകിനാവ് കാണുകയാണ് പാർട്ടി സെക്രട്ടറിയും മുഖ്യമന്ത്രിയുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.