Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jan 2022 5:38 AM IST Updated On
date_range 17 Jan 2022 7:45 PM ISTകുട്ടികളുടെ സർഗാത്മകത വളർത്താൻ കോവിഡ് കാലം പ്രയോജനപ്പെടുത്തണം -ഗോപിനാഥ് മുതുകാട്
text_fieldsbookmark_border
കോഴിക്കോട്: കുട്ടികളുടെ സർഗാത്മകതകളെ പുറത്തുകൊണ്ടുവരാനും വളർത്തിയെടുക്കാനുമുള്ള അവസരമായി കോവിഡ് കാലം പ്രയോജനപ്പെടുത്തണമെന്ന് യുനിസെഫ് സെലിബ്രിറ്റി സപ്പോർട്ടർ മജീഷ്യൻ ഗോപിനാഥ് മുതുകാട് അഭിപ്രായപ്പെട്ടു. കഴിവുകളും ചിന്താധാരകളും പ്രകാശിപ്പിക്കാൻ കഴിയാത്തവിധം കുട്ടികൾ തളച്ചിടപ്പെടുന്നു. മാതാപിതാക്കൾ മാത്രമല്ല, മതങ്ങളും രാഷ്ട്രീയവും മറ്റു സംവിധാനങ്ങളുമെല്ലാം കുട്ടികളുടെ സ്വതന്ത്ര വ്യക്തിത്വങ്ങളായി കാണാൻ തയാറാവുന്നില്ല. യഥാർഥത്തിൽ നിസ്വാർഥതയും സഹാനുഭൂതിയും മുതിർന്നവരെക്കാൾ കുട്ടികൾക്കാണുള്ളതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഡോ. എസ്.കെ. സുരേഷ് കുമാർ സംവിധാനം ചെയ്ത 'കൂട്' ഹ്രസ്വചിത്രത്തിന്‍റെ ആദ്യ പ്രദർശനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
താരക ക്രിയേറ്റിവ് ഗ്രൂപ്പിന്‍റെ ബാനറിൽ ഡോ. പി.കെ. സിന്ധു നിർമിച്ച 'കൂട്' ഒരു കുട്ടിയും പക്ഷിക്കുഞ്ഞും തമ്മിലെ സ്നേഹത്തിന്‍റെ കഥ പറയുന്നു. നാലര മിനിറ്റ് മാത്രമുള്ള സിനിമയുടെ കൂടുതൽ ഭാഗവും യഥാർഥ സംഭവങ്ങൾ തന്നെയാണ്. കോഴിക്കോട് സിൽവർ ഹിൽസ് പബ്ലിക് സ്കൂളിലെ യു.കെ.ജി വിദ്യാർഥി വൈഭവ് ആണ് ചിത്രത്തിലെ നായകൻ. ബാലതാരം വൈഭവിനും അണിയറ പ്രവർത്തകർക്കും ഗോപിനാഥ് മുതുകാട്, പ്രജേഷ് സെൻ, ബബിത സിജു, ലില്ലി ശിവകുമാർ എന്നിവർ ഉപഹാരങ്ങൾ നൽകി. ലഘുചിത്രത്തിന് തിരക്കഥയും സംഭാഷണവും തയാറാക്കിയത് അസോസിയേറ്റ് ഡയറക്ടറായ എം. കുഞ്ഞാപ്പയാണ്.
ചലച്ചിത്ര സംവിധായകൻ ജി. പ്രജേഷ് സെൻ, ഗാനരചയിതാവ് നിധീഷ് നടേരി, യുറീക്ക അസിസ്റ്റന്‍റ് എഡിറ്റർ ഷിനോജ് രാജ്, കോഴിക്കോട് മെഡി. കോളജ് മുൻ സൂപ്രണ്ട് കെ.ജി. സജിത് കുമാർ, ഡോ. വി.കെ. ഷമീർ തുടങ്ങിയവർ സംസാരിച്ചു. പ്രമോദ് ബാബുവാണ് ഛായാഗ്രഹണം. എഡിറ്റിങ് രാഗേഷ് റാം, പശ്ചാത്തല സംഗീതം സായി ബാലൻ, സൗണ്ട് ഡിസൈൻ സലിൽ ബാലൻ എന്നിവർ നിർവഹിച്ചു. എം. കുഞ്ഞാപ്പ സ്വാഗതവും ഡോ. എസ്.കെ. സുരേഷ് കുമാർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story