ട്രോളിങ് നിരോധം തീരാൻ 10 ദിവസസം; കടപ്പുറത്ത് തിരക്കിട്ട ഒരുക്കം
text_fieldsകോഴിക്കോട്: ട്രോളിങ് നിരോധം അവസാനിക്കാൻ 10 ദിവസം മാത്രം അവശേഷിക്കേ കടപ്പുറത്ത് തൊഴിലാളികളും ബോട്ടുകളും വീണ്ടും കടലിൽ പോകാനുള്ള തിരക്കിട്ട ഒരുക്കത്തിൽ.
ആഗസ്റ്റ് ഒന്നുമുതൽ വീണ്ടും പണിക്ക് പോകുന്നതിലുള്ള പ്രതീക്ഷയിലാണ് തൊഴിലാളികൾ. ബോട്ടുകളുടെ അറ്റകുറ്റപ്പണി അവസാന ഘട്ടത്തിലാണ്. പെയിന്‍റടി, വലയുടെ അറ്റകുറ്റപ്പണി തീർക്കൽ, എൻജിൻ പണി, വല വലിക്കുന്ന റോപ് മുഴുവൻ അഴിച്ചുമാറ്റി ഗ്രീസിട്ട് വീണ്ടും റോളിൽ കയറ്റൽ, വെൽഡിങ് പണികൾ തുടങ്ങിയവയെല്ലാം നടക്കുന്നു. ആധുനിക സജ്ജീകരണങ്ങളായ വയർലസ്, ജി.പി.എസ് തുടങ്ങിയവയും കുറ്റമറ്റതാക്കുന്നുണ്ട്. ബാറ്ററികൾ, വിളക്കുകൾ എന്നിവ നന്നാക്കും. ജനറേറ്റർ അറ്റകുറ്റപ്പണിയും നടക്കും.
വര വീണ വള്ളങ്ങളിൽ ഫൈബർ ഉപയോഗിച്ച് അറ്റകുറ്റപ്പണി നടക്കുന്നു. മീൻ സംഭരിക്കുന്ന ഭാഗങ്ങളിലെ കാറ്റ് കടക്കുന്ന അടപ്പുകളും മാറ്റും. എൻജിന്‍റെ ഫാനുകളും മറ്റും മാറ്റണമെങ്കിൽ ബേപ്പൂരിൽ ബോട്ട് കരക്ക് കയറ്റി അറ്റകുറ്റപ്പണി നടത്തണം.
മറ്റൊരു മത്സ്യബന്ധന തുറമുഖത്തുനിന്ന് ബേപ്പൂരിലേക്ക് ബോട്ട് കൊണ്ടുപോകണമെങ്കിൽ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറെ അറിയിക്കണമെന്നതിനാൽ അധികം ബോട്ടുകൾ കരക്ക് കയറ്റിയിട്ടില്ല. മീൻ ഉയർത്താനുള്ള വലിയ ക്രെയിനുകളുടെ അറ്റകുറ്റപ്പണിയും നടക്കുന്നു. പല ബോട്ടിനും നല്ലൊരു തുകക്കുള്ള അറ്റകുറ്റപ്പണി നടത്തേണ്ടി വന്നതായി ഉടമകൾ പറയുന്നു.
കടപ്പുറത്ത് തിരക്കിട്ട ഒരുക്കം
ട്രോളിങ് കഴിഞ്ഞ് വീണ്ടുമിറങ്ങുമ്പോൾ ബോട്ടിൽ ഒരു വലയെങ്കിലും പുതിയതുണ്ടാവും. പഴയ വല ഒന്നിച്ച് കൊണ്ടുപോകാനെത്തുന്നവരും കടപ്പുറത്ത് എത്തുന്നു. പുതയാപ്പയിൽ മാത്രം നാനൂറോളം ബോട്ടുകളുള്ളതായാണ് കണക്ക്.സംസ്ഥാനമൊട്ടാകെ കടലില്‍ 12 നോട്ടിക്കല്‍ മൈല്‍ (22 കി.മീ.) ദൂരത്തിലാണ് ട്രോളിങ് നിരോധം നടപ്പാക്കിയത്.
മത്സ്യപ്രജനന കാലത്ത് മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിനായി നടത്തുന്ന ട്രോളിങ് നിരോധം കഴിയാൻ കാത്തിരിപ്പാണ് തീരമേഖല. ട്രോളിങ് നിരോധന കാലയളവില്‍ സാധാരണ വള്ളങ്ങള്‍ ഉപയോഗിച്ചുള്ള പരമ്പരാഗത മത്സ്യബന്ധനം മാത്രമാണ് നടക്കുന്നത്. ജില്ലയില്‍ ഏകദേശം 5200 യാനങ്ങൾ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഇതരജില്ലകളില്‍നിന്ന് അറുനൂറോളം ബോട്ടുകള്‍ ജില്ലയിലെത്താറുണ്ട്. മൊത്തം ഏതാണ്ട് 27,500 മത്സ്യത്തൊഴിലാളികളുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.