വ്യാപാരികൾ മരിച്ചാൽ അവകാശികൾക്ക് 10 ലക്ഷം
text_fieldsകോഴിക്കോട്: വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന നേതാക്കൾക്ക് സ്വീകരണവും വ്യാപാരി കുടുംബസുരക്ഷ പദ്ധതിയായ 'ആശ്വാസ്' ഉദ്ഘാടനവും നവംബർ 23 ബുധനാഴ്ച ഉച്ചക്ക് 2.30ന് ടാഗോർ സെന്റിനറി ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ജില്ലയിലെ വ്യാപാരി വ്യവസായികളോ അവരുടെ ഭാര്യമാരോ മരിച്ചാൽ 10 ലക്ഷം രൂപ അവകാശികൾക്ക് നൽകുന്ന പദ്ധതിയാണ് ആശ്വാസ്. മുഴുവൻ അംഗങ്ങളെയും അംഗത്വമെടുപ്പിച്ച് അപകടമോ രോഗംമൂലമോ പ്രയാസപ്പെടുന്ന വ്യാപാരികൾക്ക് സഹായം ചെയ്യാനും പദ്ധതിയുണ്ട്.
പദ്ധതിക്കുവേണ്ടിയുള്ള ബാങ്ക് അക്കൗണ്ടിലേക്ക് 1000 രൂപ എല്ലാ അംഗങ്ങളും അടക്കണം. ഒരംഗം മരിച്ചാൽ എല്ലാ അംഗങ്ങളുടെയും അക്കൗണ്ടിൽനിന്ന് 100 രൂപ വീതം കുറയും. ഈ പണം സ്വരൂപിച്ചാണ് പത്തു ലക്ഷം രൂപ മരിച്ചവരുടെ അവകാശിക്ക് കൊടുക്കുക. മൊബൈൽ ആപ് വഴി ഇടപാടിനെക്കുറിച്ച വിവരങ്ങൾ അംഗങ്ങൾക്ക് ലഭ്യമാക്കും.
18 മുതൽ 65 വയസ്സുവരെയുള്ള സംഘടനയിൽ അംഗത്വമുള്ളവർക്ക് പദ്ധതിയിൽ അംഗമാകാം. പദ്ധതിയിൽ ചേർന്നവർക്ക് മാരക രോഗങ്ങളില്ല എന്ന് യൂനിറ്റ് കമ്മിറ്റി സാക്ഷ്യപത്രം നൽകണം. ആത്മഹത്യചെയ്യുന്ന അംഗത്തിന് സഹായത്തിന് അർഹതയുണ്ടാകില്ല.
ഭർത്താവ് ഭാര്യയെയും ഭാര്യ ഭർത്താവിനെയും അംഗമാക്കണം. സ്ഥാപനത്തിലെ പാർട്ട്ണർമാർക്കും അവരുടെ ഭാര്യമാർക്കും ഈ പദ്ധതിയിൽ അംഗമാകാം. പദ്ധതിയിൽ അംഗമായി ആറു മാസത്തിനുശേഷമേ മരണാനന്തര ആനുകൂല്യത്തിന് അർഹത ഉണ്ടായിരിക്കുകയുള്ളൂ. പദ്ധതിയിൽ അംഗമായ വ്യാപാരി കച്ചവടം നിർത്തിയാലും ആനുകൂല്യം കിട്ടും.
23ന് കോഴിക്കോട് മൂന്നാലിങ്ങൽ പള്ളി പരിസരത്തുനിന്ന് ഘോഷയാത്രയായി നേതാക്കളെ ടാഗോർ ഹാളിലേക്ക് ആനയിക്കും. കോർപറേഷൻ മേയർ ഡോ. ബീന ഫിലിപ് യോഗം ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് രാജു അപ്സര ആശ്വാസ് ഉദ്ഘാടനം നടത്തും. വാർത്തസമ്മേളനത്തിൽ ജില്ല പ്രസിഡന്റ് അഷ്റഫ് മൂത്തേടത്ത്, സംസ്ഥാന സെക്രട്ടറി പി.കെ. ബാപ്പു ഹാജി, ജനറൽ സെക്രട്ടറി ജിജി കെ. തോമസ്, ട്രഷറർ വി. സുനിൽ കുമാർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.